കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ വീണ്ടും പിളർപ്പിന് വഴിതുറന്ന് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടന്റെ നേതൃത്വത്തിൽ പരസ്യ കലാപം. ഔദ്യോഗിക നേതൃസംഗമം ബഹിഷ്കരിച്ച് തൃശൂരില്‍ ഉണ്ണിയാടൻ വിഭാഗം സമാന്തരമായി 'സൗഹൃദ സംഗമം' വിളിച്ചുചേർത്തതോടെ തർക്കം രൂക്ഷമായി. ഇരിങ്ങാലക്കുടയിൽ നടന്ന പാർട്ടി യോഗത്തിൽ ഇരുവിഭാഗവും ചേരിതിരിഞ്ഞ് തമ്മിലടിച്ചു. അതേസമയം, ഉണ്ണിയാടന് പൂർണ പിന്തുണയുമായി എഐസിസി, കെപിസിസി നേതാക്കൾ രംഗത്തെത്തിയത് യുഡിഎഫിലും വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പാർട്ടി യോഗത്തിലെ കയ്യാങ്കളി അന്വേഷിക്കുമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ പി.ജെ. ജോസഫ് അറിയിച്ചു.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ല പ്രസിഡന്റ് വിളിച്ചു ചേര്‍ത്ത നേതൃസംഗമം ബഹിഷ്കരിച്ച് തൃശൂരില്‍ ഉണ്ണിയാടന്‍ വിഭാഗം അതേസമയം തന്നെ 'സൗഹൃദ സംഗമം' എന്ന പേരില്‍ ബദല്‍ യോഗം വിളിച്ച് ചേര്‍ത്തതോടെയാണ് പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് പരസ്യമായത്. ജില്ല പ്രസിഡന്റ് ഇരിങ്ങാലക്കുടയില്‍ വിളിച്ചു ചേര്‍ത്ത യോഗം പാര്‍ട്ടി യോഗമല്ലെന്ന നിലപാടിലാണ് സ്ഥലം എംഎല്‍എയും പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാനുമായ തോമസ് ഉണ്ണിയാടന്‍. മുതിര്‍ന്ന നേതാവായിട്ടും മന്ത്രിസ്ഥാനത്തേക്കോ ചീഫ് വിപ്പ് സ്ഥാനത്തേക്കോ പരിഗണിക്കാത്തതിലുള്ള അമര്‍ഷവും ഉണ്ണിയാടന്‍ പറയാതെ പറഞ്ഞു.
ഇതിനിടയിലാണ് തോമസ് ഉണ്ണിയാടനെ അനുകൂലിക്കുന്നവരും ഔദ്യോഗിക പക്ഷവും ഇരിങ്ങാലക്കുടയിലെ യോഗവേദിയിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. കയ്യാങ്കളിയില്‍ യൂത്ത് ഫ്രണ്ട് നേതാക്കളായ അനയ്, രഞ്ചോ എന്നിവർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നതിനാൽ പൊലീസ് ക്യാമ്പ് ചെയ്ത് കനത്ത സുരക്ഷയൊരുക്കി. ഉണ്ണിയാടനെ യോഗത്തിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും മദ്യപിച്ചെത്തിയ ചിലരാണ് യോഗം അലങ്കോലപ്പെടുത്തിയതെന്നും സംഘർഷത്തിന് പിന്നിൽ തോമസ് ഉണ്ണിയാടന്റെ അറിവുണ്ടെന്നും കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് ആരോപിച്ചു.
അതേസമയം, തൃശൂരില്‍ വിളിച്ചു ചേര്‍ത്ത സമാന്തരയോഗത്തിലെത്തിയ എഐസിസി, കെപിസിസി നേതാക്കൾ ഉണ്ണിയാടന് പൂർണ പിന്തുണയുമായി രംഗത്തെത്തിയത് യുഡിഎഫിലും വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. തൃശൂരിൽ നടന്ന വിമത സൗഹൃദ സംഗമത്തിൽ എഐസിസി സെക്രട്ടറി ടി.എൻ. പ്രതാപൻ ഉൾപ്പെടെ മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു. തോമസ് ഉണ്ണിയാടനോട് ആരെങ്കിലും ശരികേട് കാണിച്ചിട്ടുണ്ടെങ്കിൽ അവർക്ക് തെറ്റുപറ്റിയെന്ന് ഉടൻ ബോധ്യപ്പെടുമെന്ന് പറഞ്ഞ പ്രതാപന്‍ കേരള കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും തുറന്നടിച്ചു.
താൻ കേരള കോൺഗ്രസുകാരനായി തന്നെ തുടരുമെന്ന് പരസ്യമായി വ്യക്തമാക്കുമ്പോഴും, തൃശൂരിലെ യോഗത്തിന് പിന്നാലെ സംസ്ഥാനതലത്തിലും സമാനമായ വിമതയോഗങ്ങൾ വിളിച്ച് പിളർപ്പിലേക്ക് നീങ്ങാനാണ് ഉണ്ണിയാടൻ പക്ഷത്തിന്റെ ആലോചന. അതേസമയം, ഇരിങ്ങാലക്കുടയിലെ പാർട്ടി യോഗത്തിലെ കയ്യാങ്കളി അന്വേഷിക്കുമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ പി.ജെ. ജോസഫ് വ്യക്തമാക്കി. എന്താണ് നടന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഉണ്ണിയാടന് പരിഗണന ലഭിക്കുന്നില്ലേ എന്ന ചോദ്യത്തോട് ജോസഫ് പ്രതികരിച്ചില്ല. ഇരിങ്ങാലക്കുടയിലേത് പ്രാദേശിക പ്രശ്നമെന്നായിരുന്നു മന്ത്രി മോൻസ് ജോസഫിന്റെ പ്രതികരണം.