KERALA

ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് പോസ്റ്റര്‍ വച്ചത് സാമൂഹ്യ വിരുദ്ധർ; ചാണ്ടി ഉമ്മനെ വിളിച്ച് സംസാരിച്ചു: ജോസ് കെ. മാണി

വാർത്ത അറിഞ്ഞപ്പോൾ മനസിന് വേദന തോന്നിയെന്നും ജോസ് കെ. മാണി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിലെ വികസന മുന്നേറ്റ ജാഥയുടെ പോസ്റ്റർ വന്നത് ദുഃഖകരമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. വാർത്ത അറിഞ്ഞപ്പോൾ മനസിന് വേദന തോന്നി. അപ്പോൾ തന്നെ ചാണ്ടി ഉമ്മനെ വിളിച്ച് സംസാരിച്ചുവെന്നും ജോസ് കെ. മാണി വ്യക്തമാക്കി. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും സാമൂഹ്യ വിരുദ്ധരുടെ പ്രവര്‍ത്തനത്തെ രാഷ്ട്രീയ വല്‍ക്കരിക്കരുതെന്നും ജോസ് കെ. മാണി പറ‍ഞ്ഞു.

കഴിഞ്ഞ ദിവസം വൈകീട്ടാണ് ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് മേൽ എൽഡിഎഫ് മേഖലാ ജാഥയുടെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പുതുപ്പള്ളി പള്ളിയിലെ കല്ലറയില്‍ പോസ്റ്റര്‍ പതിപ്പിച്ച ചിത്രം സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് വിഷയം ഏറ്റെടുക്കുകയായിരുന്നു. പോസ്റ്റർ വച്ചതിന് പിന്നിൽ എൽഡിഎഫ് ആണെന്നും, ജാഥ ക്യാപ്റ്റൻ ജോസ് കെ. മാണി ഖേദം പ്രകടിപ്പിക്കണമെന്നും കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് ആവശ്യപ്പെട്ടിരുന്നു.

വിശുദ്ധിയോടെ മാത്രം കാണുന്ന ഇടമാണ് മരണപ്പെട്ടവരെ അടക്കം ചെയ്തിരിക്കുന്ന കല്ലറ. ക്രൈസ്തവ വിശ്വാസങ്ങളെയും മൂല്യങ്ങളെയും നമ്മിൽ നിന്നും വേർപെട്ടുപോയ ഉമ്മൻചാണ്ടി സാറിനെയും അപമാനിക്കുന്ന തരത്തിലുള്ള ഈ പ്രവർത്തിയെ തള്ളിപ്പറയുവാൻ ജോസ് കെ. മാണിയും എൽഡിഎഫ് നേതൃത്വവും തയ്യാറാകണമെന്നും നാട്ടകം സുരേഷ് പറഞ്ഞിരുന്നു.

പിന്നാലെ കല്ലറയിൽ പോസ്റ്റർ വച്ച ആളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് പോസ്റ്റർ വച്ചതെന്നാണ് പൊലീസ് പറയുന്നത്. പള്ളിയിലെ സിസിടിവി പരിശോധനയിലാണ് പൊലീസിന്റെ കണ്ടെത്തൽ. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ കൊണ്ട് ആരെങ്കിലും ചെയ്യിപ്പിച്ചതാണോ എന്നത് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസിൻ്റെ അന്വേഷണം തുടരുകയാണ്.

SCROLL FOR NEXT