കോട്ടയം: മുന്നണി മാറ്റം കേരള കോണ്‍ഗ്രസിന് തുറക്കാത്ത പുസ്തകമാണെന്നും മുന്നണി മാറ്റം അടക്കമുള്ള വിഷയങ്ങള്‍ മാധ്യമങ്ങള്‍ അജണ്ട സൃഷ്ടിക്കേണ്ടതില്ലെന്നും ചെയര്‍മാന്‍ ജോസ് കെ. മാണി. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള വിലയിരുത്തലിനായി ചേർന്ന യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മുന്നണി മാറ്റം സംബന്ധിച്ചത് തുറക്കാത്ത പുസ്തകമാണ്. ആരെങ്കിലും ആ പുസ്തകം തുറന്നിട്ടുണ്ടെങ്കില്‍ വായിച്ചിട്ട് അടച്ചുവെച്ചോളണം,' ജോസ് കെ. മാണി പറഞ്ഞു.
മുന്നണി മാറ്റത്തിന്റെ ആവശ്യമില്ലെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി തന്നെ വിളിച്ചിട്ടില്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഒരു മന്ത്രി എന്ന നിലയില്‍ മുഖ്യമന്ത്രി പല കാര്യങ്ങള്‍ക്കും തന്നെ വിളിക്കാറുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടി ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
മുന്നണി മാറ്റം സംബന്ധിച്ച് പാര്‍ട്ടി ചെയര്‍മാന്‍ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും അതിലപ്പുറം ഒന്നും പറയാനില്ലെന്നും അതിനാലാണ് ഫേസ്ബുക്ക് പോസ്റ്റുമായി വരാതിരുന്നത് ചങ്ങനാശ്ശേരി എംഎല്‍എ അഡ്വക്കേറ്റ് ജോബ് മൈക്കിള്‍ പറഞ്ഞു.
അതേസമയം,സഭകളുടെ സമ്മര്‍ദ്ദത്തെക്കുറിച്ച് താന്‍ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് പ്രമോദ് നാരായണന്‍ എംഎല്‍എ പറഞ്ഞു. ഡിസംബര്‍ മാസത്തില്‍ തന്നെ മുന്നണിയില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് ഉറപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട് എന്നായിരുന്നു സെബാസ്റ്റ്യന്‍ കുളത്തിങ്കലിന്റെ വിശദീകരണം.
പാര്‍ട്ടിക്കുള്ളില്‍ യാതൊരു എതിരഭിപ്രായവും ഒരു വിഷയത്തെ സംബന്ധിച്ച് ഇല്ലെന്നും മുന്നണി മാറ്റം അടക്കമുള്ളവ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും എന്‍. ജയരാജ് എംഎല്‍എ പറഞ്ഞു.