കോട്ടയം: യുഡിഎഫ് പ്രവേശനം നഷ്ടപ്പെടുത്തിയതിൽ കേരളാ കോൺഗ്രസ് എമ്മിന് വിമർശനം. കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് പാർട്ടി നേതൃത്വത്തിന് വിമർശനം ഉയർന്നത്. ഉചിതമായ സാഹചര്യം നേതൃത്വം കളഞ്ഞുകുളിച്ചെന്നും തീരുമാനം തിരിച്ചടിയാകുമെന്നുമാണ് യോഗത്തിൽ ഉയർന്ന വിമർശനം.
ജോസ് കെ. മാണി പങ്കെടുത്ത യോഗത്തിലാണ് മുന്നണിമാറ്റ വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ച നടന്നത്. യുഡിഎഫിനൊപ്പം പോകുന്നത് പാർട്ടിയുടെ ആത്മാഭിമാനത്തെ തകർക്കുമെന്ന് ഒരു വിഭാഗത്തിന് അഭിപ്രായമുള്ളപ്പോഴാണ്, പാർട്ടി തീരുമാനെതിരെ വിമർശനം ഉയരുന്നത്.
എൽഡിഎഫിൽ തുടരുമെന്ന് കേരളാ കോൺഗ്രസ് (എം) പ്രഖ്യാപിച്ചതോടെ മുന്നണി മാറ്റ നീക്കങ്ങൾക്ക് യുഡിഎഫ് വിരാമമിട്ടിരുന്നു. കേരള കോൺഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് വരുമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അത് ഇനി ചർച്ച ചെയ്യേണ്ട കാര്യം ഇല്ലെന്നും വി.ഡി. സതീശൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു. മുന്നണി മാറ്റം തുറക്കാത്ത അധ്യായമാണെന്നും യുഡിഎഫ് ചവിട്ടി പുറത്താക്കിയപ്പോൾ ചേർത്ത് പിടിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്നും ജോസ് കെ. മാണിയും വ്യക്തമാക്കിയിരുന്നു.