ജോസ് കെ. മാണി 
KERALA

മൂന്ന് എംഎൽഎമാരും 10 ജില്ലാ പ്രസിഡൻ്റുമാരും എൽഡിഎഫിനൊപ്പം; ജോസ് കെ. മാണി മുന്നണി വിട്ടാൽ കേരള കോൺഗ്രസ് വീണ്ടും പിളരും

മന്ത്രി റോഷി അഗസ്റ്റിന്‍, എംഎല്‍എമാരായ എന്‍. ജയരാജ്, അഡ്വ. പ്രമേദ് നാരായണന്‍ എന്നിവര്‍ എൽഡിഎഫിൽ തുടരും

Author : പ്രണീത എന്‍.ഇ

തിരുവനന്തപുരം: ഇടതുമുന്നണി വിടാൻ ജോസ് കെ. മാണി തീരുമാനിച്ചാൽ കേരള കോൺഗ്രസ് വീണ്ടും പിളരും. മൂന്ന് എംഎല്‍എമാരും 10 ജില്ലാ പ്രസിഡന്റുമാരും എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കുമെന്ന് വ്യക്തമാണ്. മന്ത്രി റോഷി അഗസ്റ്റിന്‍, എംഎല്‍എമാരായ എന്‍. ജയരാജ്, അഡ്വ. പ്രമേദ് നാരായണന്‍ എന്നിവര്‍ എൽഡിഎഫിൽ തുടരും. കോട്ടയം, എറണാകുളം, കൊല്ലം, പാലക്കാട് ജില്ലാ പ്രസിഡന്റുമാരാണ് യുഡിഎഫിലേക്ക് പോകാന്‍ താല്‍പര്യപ്പെടുന്നത്. വിദേശയാത്ര കഴിഞ്ഞെത്തിയാലുടനെ ജോസ് കെ. മാണിയെ നിലപാട് അറിയിക്കും.

രാവിലെ മാധ്യമ ചർച്ചകൾ ചൂട് പിടിച്ചപ്പോൾ, തുടരും എന്ന തലക്കെട്ടോടെ പിണറായിക്കൊപ്പമുള്ള ചിത്രം റോഷി അഗസ്റ്റിൽ പോസ്റ്റ് ചെയ്തു. മിനിറ്റുകളുടെ വ്യത്യാസത്തിൽ തുടരും എന്ന സമാന പോസ്റ്റുമായി പ്രമോദ് നാരായണനും രംഗത്തെത്തി. പിന്നീട് മാധ്യമങ്ങളെ കണ്ട റോഷി, വിശ്വാസ്യതയും ധാർമികതയും ഒരു കാലത്തും പണയം വെക്കില്ല എന്ന് പറഞ്ഞു.

പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കലിനും ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിളും ജോസ് കെ.മാണിയുടെ രാഷ്ട്രീയ ലൈൻ പങ്കിടുന്നവരാണ്. പാർട്ടിയിലെ ഈ അന്തഃഛിദ്രത്തിൻ്റെ പ്രതിഫലനമാണ്, ജോസ് കെ മാണിയുടെ എഫ്ബി പോസ്റ്റും. നിലപാട് സുവ്യക്തമായി പറയാതെ ആദ്യമിട്ട എഫ്ബി പോസ്റ്റിൽ മൂന്ന് വട്ടമാണ് ജോസ് എഡിറ്റ് നടത്തിയത്.

രാഷ്ട്രീയ നിലപാട് പലവട്ടം വ്യക്തമാക്കി എന്ന് ആദ്യം എഴുതിയിടത്ത്, ഇടതുമുന്നണിക്കൊപ്പം എന്ന വാക്ക് കൂടി പിന്നീട് എഡിറ്റ് ചെയ്ത് ചേർത്തു. ഒറ്റക്കെട്ടായി തീരുമാനം എടുത്ത് മുന്നോട്ട് എന്നത്, ഒറ്റക്കെട്ടായി മുന്നോട്ട് എന്നാക്കി തിരുത്തി. എൽഡിഎഫിലെ ഒരു പ്രധാന കക്ഷി മുന്നണി വിടുമെന്ന വാർത്തയിൽ ഉത്സാഹം കൊള്ളുകയാണ് യുഡിഎഫ്.

കേരള കോൺഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിൽ എത്തിക്കാൻ നീക്കം സജീവമാക്കിയിരിക്കുകയാണ് കോൺഗ്രസ്. ഹൈക്കമാൻ്റുമായി രണ്ട് ഘട്ട ചർച്ചകൾ പൂർത്തിയായി. കെപിസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇതിനോടകം ചർച്ച നടത്തിക്കഴിഞ്ഞു. കത്തോലിക്ക സഭയും ചർച്ചകളിൽ ഇടപെട്ടെന്നാണ് പുറത്തുവരുന്ന വിവരം. സോണിയ ഗാന്ധിയുടെ ആരോഗ്യനില മെച്ചെപ്പെട്ടാൽ നേരിട്ട് കൂടിക്കാഴ്‌ച നടത്തിയേക്കും.

ജോസ് കെ. മാണി മുന്നണി മാറുകയാണെന്ന ചർച്ചകൾ സജീവമായതോടെ എൽഡിഎഫ് മധ്യമേഖല ജാഥയിലും അനിശ്ചിതത്വം ഉണ്ടായി. ജാഥ നയിക്കാൻ ഇല്ലെന്ന് ജോസ് കെ. മാണി നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്. ജാഥ ക്യാപ്റ്റൻ സ്ഥാനം ജോസ് കെ. മാണിക്കായിരുന്നു നിശ്ചയിച്ചിരുന്നത്. പകരം എൻ. ജയരാജിന്റെ പേര് നിർദേശിച്ചതായും സൂചനയുണ്ട്. ജോസ് കെ. മാണിയുടെ നീക്കത്തിൽ സിപിഐഎമ്മിനുൾപ്പെടെ അതൃപ്തിയുണ്ട്. ജോസ് ഇല്ലങ്കിൽ ജാഥ ക്യാപ്റ്റൻ സ്ഥാനം സിപിഎം ഏറ്റെടുത്തേക്കും.

SCROLL FOR NEXT