KERALA

വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നിയമനം: സർട്ടിഫിക്കറ്റ് നേടിയവർ അർഹരോ എന്ന് അന്വേഷിക്കണമെന്ന് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്

പരാതിയിൽ സൂചിപ്പിച്ച അധ്യാപിക സമർപ്പിച്ചത് യഥാർഥ ഭിന്നശേഷി സർട്ടിഫിക്കറ്റ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ

Author : ന്യൂസ് ഡെസ്ക്

കൊച്ചി: വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഭിന്നശേഷി നിയമനം അട്ടിമറിക്കുന്ന സംഘങ്ങൾക്കെതിരെ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് പൊലീസിൽ നൽകിയ പരാതിയുടെ അന്വേഷണ റിപ്പോർട്ട്‌ ന്യൂസ്‌ മലയാളത്തിന്. പരാതിയിൽ സൂചിപ്പിച്ച അധ്യാപിക സമർപ്പിച്ചത് യഥാർഥ ഭിന്നശേഷി സർട്ടിഫിക്കറ്റ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സർട്ടിഫിക്കറ്റ് വ്യാജമാണോ എന്നതല്ല സർട്ടിഫിക്കറ്റ് നേടിയവർ അതിന് അർഹരാണോ എന്നാണ് അന്വേഷിക്കേണ്ടത് എന്നാണ് പരാതിക്കാർ ആവശ്യപ്പെടുന്നത്.

2025 ജൂലൈ 18നാണ് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. കുറ്റ്യാടി കേന്ദ്രീകരിച്ച് സജീവമായി തുടരുന്ന വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് റാക്കറ്റിനെതിരെ അന്വേഷണം ശക്തമാക്കണം എന്നാവശ്യപ്പെട്ടായിരുന്നു പരാതി. വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നിയമനം നേടിയ അധ്യാപികയുടെ വിവരങ്ങൾ ഉൾപ്പെടെ പങ്കുവെച്ചായിരുന്നു ആറ് പേർ ചേർന്ന് പരാതി നൽകിയത്. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂർത്തിയാക്കിയത്.

അന്വേഷണത്തിൽ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള അധ്യാപിക നിയമനത്തിനായി സമർപ്പിച്ചത് യഥാർത്ഥ സർട്ടിഫിക്കറ്റ് എന്നതാണ് കണ്ടെത്തൽ. എന്നാൽ നൽകിയ പരാതിയിൽ നിലവിൽ പൂർത്തിയായ അന്വേഷണത്തിൽ തൃപ്തരല്ലെന്നാണ് പരാതിക്കാർ പറയുന്നു. പൊലീസ് അന്വേഷണത്തിനും അപ്പുറം വിവിധ വകുപ്പുകളെ എകോപിപ്പിച്ച് അന്വേഷണം പൂർത്തിയാക്കിയാൽ മാത്രമേ തട്ടിപ്പ് സംഘത്തെ തെളിവ് സഹിതം നിയമത്തിന് മുൻപിൽ കൊണ്ടുവരാൻ സാധിക്കൂ എന്ന് പരാതിക്കാരൻ അബ്ദുൾ റസാഖ്‌ പറയുന്നു.

അനർഹരായവർ വ്യാജ രേഖകൾ ചമച്ച് ഭിന്നശേഷി നിയമനം അട്ടിമറിക്കുന്നു. അശാസ്ത്രീയമായ അന്വേഷണത്തിലൂടെ പൊലീസും തട്ടിപ്പ് സംഘങ്ങൾക്ക് കൂട്ട്നിൽക്കുകയാണ് എന്നാണ് പരാതിക്കാരുടെ ആക്ഷേപം. ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ നേടുന്ന ആളുകളുടെ അർഹത കൃത്യമായി പരിശോധനക്ക് വിധേയമാക്കണം എന്ന ആവശ്യമാണ് ഉയരുന്നത്.

SCROLL FOR NEXT