KERALA

ഒൻപതാം തീയതിയിലെ ചർച്ചയും നടന്നില്ല; ഇരട്ട നികുതി വിഷയത്തിലെ സർക്കാർ ഒളിച്ചുകളിയിൽ ഫിലിം ചേമ്പർ അതൃപ്തിയിൽ

സർക്കാരുമായി ഇനി ചർച്ച ആവശ്യമില്ലെന്നും സൂചന പണിമുടക്കിലേക്ക് പോകണം എന്നും സംഘടനയ്ക്കുള്ളിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്

Author : ലിൻ്റു ഗീത

കൊച്ചി: ഇരട്ട നികുതി വിഷയത്തിൽ സിനിമാ സംഘടനകളെ ചർച്ചയ്ക്ക് വിളിക്കുന്നതിൽ ഒളിച്ചുകളി തുടർന്ന് സർക്കാർ. ഒൻപതാം തീയതിക്കകം ചർച്ച നടത്തുമെന്ന ഉറപ്പും പാലിക്കപ്പെട്ടില്ല. ചർച്ച വൈകുന്നതിൽ ഫിലിം ചേമ്പർ അതൃപ്തിയിലാണ്. 2025 ജൂൺ ഒന്ന് മുതൽ സിനിമാ സമരം തുടങ്ങുമെന്ന് മാർച്ചിൽ സംഘടനകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രി സജി ചെറിയാൻ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്. എന്നാൽ 10 മാസം കഴിഞ്ഞിട്ടും ചർച്ച ഇല്ലാതെ വന്നതോടെ ഡിസംബറിൽ സർക്കാരിനോട് നിസഹകരണം പ്രഖ്യാപിച്ച് ഫിലിം ചേംബർ രംഗത്ത് എത്തിയിരുന്നു.

ചലച്ചിത്ര വികസന കോർപ്പറേഷന് കീഴിലുള്ള കൈരളി, ശ്രീ തിയേറ്ററുകൾക്ക് സിനിമകൾ വിതരണം ചെയ്യില്ല എന്നായിരുന്നു പ്രഖ്യാപനം. ഇതോടെ വിഷയത്തിൽ വീണ്ടും സർക്കാർ ഇടപെട്ടു. ജനുവരി 9നകം ചർച്ച നടത്താമെന്ന് മന്ത്രി സജി ചെറിയാൻ്റെ ഓഫീസ് ഉറപ്പ് നൽകി. ഇതോടെ നിസഹകരണം തൽക്കാലം വേണ്ടെന്ന് സംഘടനകൾ തീരുമാനമെടുത്തു. പിന്നീട് ചർച്ച ഈ മാസം 14ന് ആയിരിക്കും എന്ന് തിരുത്തി. എന്നാൽ നാളിതുവരെയായിട്ടും ഫിലിം ചേംബറിനോ, ചേമ്പറിന് കീഴിലുള്ള സിനിമാ സംഘടനകൾക്കോ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. ഇതിലാണ് ഫിലിം ചേംബർ അതൃപ്തി വ്യക്തമാക്കിയിരിക്കുന്നത്.

സർക്കാരുമായി ഇനി ചർച്ച ആവശ്യമില്ലെന്നും സൂചന പണിമുടക്കിലേക്ക് പോകണം എന്നും സംഘടനയ്ക്കുള്ളിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്. തിങ്കളാഴ്ചയ്ക്കകം സർക്കാരിൻ്റെ ഭാഗത്തുനിന്ന് അനുകൂല മറുപടി ഉണ്ടായില്ല എങ്കിൽ അടിയന്തര യോഗം ചേർന്ന് സമര പരിപാടികൾ തീരുമാനിക്കാനാണ് ഫിലിം ചേമ്പറിൻ്റെ തീരുമാനം. ജിഎസ്ടിക്ക്‌ പുറമെ വിനോദ നികുതി കൂടി ഈടാക്കുന്നത് നിർത്തണം എന്നാണ് സിനിമ സംഘടനകളുടെ ആവശ്യം. വർഷം 530 കോടി രൂപയ്ക്ക് മുകളിലാണ് സിനിമ സംഘടനകൾക്ക് ഉണ്ടായ നഷ്ടം.

SCROLL FOR NEXT