സംസ്ഥാനത്തെ ആദ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് മെഡിസിൻ കാടുപിടിച്ച് നശിക്കുന്നു. കോടികൾ ചെലവഴിച്ച് നിർമിച്ച ഇൻസ്റ്റിറ്റ്യൂട്ടാണ് തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമായിരിക്കുന്നത്. സ്ഥാപനം വർഷങ്ങളായി പ്രവർത്തിക്കാതായതോടെ കോടിക്കണക്കിന് വില വരുന്ന ഉപകരണങ്ങളും തുരുമ്പെടുത്ത് നശിച്ചു. സർക്കാരും ആരോഗ്യവകുപ്പും ഇൻസ്റ്റിറ്റ്യൂട്ടിനെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം.
കായികതാരങ്ങളുടെ ശാരീരിക ക്ഷമത നിലനിർത്തുന്നതിനും പരിക്കുകളിൽ നിന്ന് മുക്തരാക്കുന്നതിനും ശാസ്ത്രീയമായ പിന്തുണ ലക്ഷ്യം വെച്ച് സ്ഥാപിച്ച കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിലെ 'സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് മെഡിസിന്റേതാണ്' പരിതാപകരമായ അവസ്ഥ. കായികതാരങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സയും പുനരധിവാസ സൗകര്യങ്ങളും ഉറപ്പാക്കുക എന്നതായിരുന്നു 2013ൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രാരംഭഘട്ടത്തിൽ ഉണ്ടായിരുന്ന ലക്ഷ്യം. എന്നാൽ വർഷങ്ങൾക്കിപ്പുറം ഇൻസ്റ്റിറ്റ്യൂട്ട് കാടുപിടിച്ച് നശിക്കുകയാണ്.
ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായി വർഷങ്ങളായിട്ടും സ്ഥിര ഡോക്ടർ നിയമനം പോലും നടത്താൻ സാധിച്ചിട്ടില്ല. ആവശ്യത്തിനുള്ള ഡോക്ടർമാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നു. മുഴുവൻ സമയ സ്പോർട്സ് മെഡിസിൻ സ്പെഷ്യലിസ്റ്റിനെയും നിയമിച്ചില്ല. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഉപകരണങ്ങളും ആർക്കും പ്രയോജനമില്ലാതെ നശിക്കുന്നു.
കോടികൾ ചെലവഴിച്ച് നിർമിച്ച ഇൻസ്റ്റിറ്റ്യൂട്ടാണ് നിലവിൽ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നത്. സ്പോർട്‌സ് മെഡിസിൻ വിഭാഗം അടച്ചു പൂട്ടിയതോടെ ഇവിടത്തെ ഫിസിയോതെറാപ്പി യൂണിറ്റ്, ജിം, ഓപറേഷൻ തിയറ്റർ, പ്ലാസ്റ്റർ ചെയ്യാനുള്ള സൗകര്യം ഉള്‍പ്പെടെ അടഞ്ഞുകിടക്കുകയാണ്. കേരളത്തിലെ കായിക പ്രതിഭകളെ സംരക്ഷിക്കാൻ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് മെഡിസിൻ പോലുള്ള സ്ഥാപനങ്ങൾ അനിവാര്യമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതിഭകൾക്ക് സ്വകാര്യ ആശുപത്രികളിലെ ചെലവേറിയ ചികിത്സകൾ താങ്ങാൻ കഴിയില്ല. അതിനാൽ, സർക്കാർ ഇനിയെങ്കിലും വിഷയത്തിൽ ഇടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്.