ജിഎൻഎ വഴിയുള്ള വൈദ്യുതി വാങ്ങൽ കരാറിൽ റെഗുലേറ്ററി കമ്മീഷന്റെ എതിർപ്പ് 
KERALA

ജിഎന്‍എ ട്രേഡിങ് ലൈസന്‍സ് ഇല്ലാത്ത കമ്പനി; കരാര്‍ അംഗീകരിക്കില്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍

സർക്കാർ അഴിമതിക്ക് കളമൊരുക്കുന്നുവെന്ന് മുൻ വൈദ്യുതിമന്ത്രി എം.എം. മണി ന്യൂസ് മലയാളത്തോട്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ജിഎന്‍എ വഴി വൈദ്യുതി വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കം പാളുന്നു. കരാര്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കി. ജിഎന്‍എ ട്രേഡിങ് ലൈസന്‍സ് ഇല്ലാത്ത കമ്പനിയാണെന്നാണ് കണ്ടെത്തല്‍.

ജിഎന്‍എ വഴി വൈദ്യുതി വാങ്ങല്‍ നിയമപരമായി നിലനില്‍ക്കില്ല. ഇക്കാര്യങ്ങള്‍ കേന്ദ്ര റെഗുലേറ്ററി കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്താനും റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന.

സംസ്ഥാനം ഏർപ്പെടുന്ന വൈദ്യുതി കരാറുകൾക്ക് അന്തിമ അനുമതി നൽകേണ്ടത് റഗുലേറ്ററി കമ്മീഷനാണ്. ജിഎൻഎ കരാറിൽ കെഎസ്ഇബി മുൻ ചെയർമാനെയും വൈദ്യുതി മന്ത്രിയെയും മറികടന്നുള്ള മുഖ്യമന്ത്രിയുടെ കടുംപിടുത്തത്തിന് റെഗുലേറ്ററി കമ്മീഷൻ വഴങ്ങില്ലെന്നാണ് പുറത്ത് വരുന്ന വിവരം. സർക്കാർ തലത്തിൽ കരാർ അംഗീകരിച്ചാലും പ്രാബല്യത്തിൽ ആകണമെങ്കിൽ കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെ സമീപിക്കണം.

ട്രേഡിങ് ലൈസൻസ് ഇല്ലാത്ത കമ്പനിക്ക് വൈദ്യുതി വാങ്ങാൻ നിയമപരമായി കഴിയില്ല എന്നാണ് റെഗുലേറ്ററി കമ്മീഷന്റെ നിലപാട്. ജിഎൻഎയ്ക്ക് വൈദ്യുതി വേണ്ടവർക്കും വിതരണക്കാർക്കും ഇടയിലുള്ള പാലമാകാനേ കഴിയൂ. വില ഈടാക്കി വിൽപ്പന നടത്താനുള്ള അധികാരമില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കരാർ തള്ളാനുള്ള റെഗുലേറ്ററി കമ്മീഷന്റെ ആലോചന. സർക്കാർ കരാറുമായി മുന്നോട്ടു പോകാൻ വിചാരിച്ചാൽ വിഷയം കേന്ദ്ര റെഗുലേറ്ററി കമ്മീഷൻ്റെ ശ്രദ്ധയിൽപ്പെടുത്താനും നീക്കമുണ്ട്.

ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങുമ്പോള്‍ സര്‍ക്കാരിനുണ്ടാകുന്ന 2232 കോടിയുടെ അധിക ബാധ്യത ഒഴിവാക്കാനാണ് സ്വകാര്യ കമ്പനിയായ ജിഎന്‍എ വഴി വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചതെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞിരുന്നത്. മുന്‍പ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇതേ കമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഉപഭോഗം ഏറ്റവും കൂടുന്ന പീക്ക് ഹവറുകളില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ലഭിക്കുന്നത് ജിഎന്‍എ വഴിയാണ്. ജിഎന്‍എ വഴി വാങ്ങുമ്പോള്‍ 2.6 രൂപയുടെ മാത്രം അധിക ബാധ്യതയാണ് വരുന്നത്. എന്നാല്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള കരാര്‍ വഴിയാണെങ്കില്‍ അത് 8.5 രൂപ അധിക ബാധ്യത വരുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കോടതിയെ സമീപിക്കാൻ സിപിഐഎമ്മും ആലോചന തുടങ്ങി. ജിഎന്‍എ വൈദ്യുതി കരാറില്‍ ദുരൂഹത ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കരാറില്‍ സുതാര്യതയോ ടെന്‍ഡറോ നടപടിക്രമങ്ങളോയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമര്‍ശനം. വൈദ്യുതി ഉല്‍പ്പാദിപ്പിക്കാത്ത ഒരു കമ്പനിക്ക് വേണ്ടി മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നത് എന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചിരുന്നു.

കരാറുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും രേഖകളും പുറത്തു വിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സര്‍ക്കാര്‍ അഴിമതിക്ക് കളമൊരുക്കുന്നുവൊന്നാണ് മുന്‍ വൈദ്യുതിമന്ത്രി എം.എം. മണി ന്യൂസ് മലയാളത്തോട് പ്രതികരിച്ചത്.

SCROLL FOR NEXT