വിചിത്ര ഉത്തരവുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ Source; News Malayalam 24X7
KERALA

ഓഗസ്റ്റ് 14ന് വിഭജന ഭീകരതാ ദിനമായി ആചരിക്കണം; വിചിത്ര ഉത്തരവുമായി ഗവർണർ

ഇന്ത്യാ വിഭജനം എത്രത്തോളം ഭീകരമായിരുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് പരിപാടിയെന്ന് രാജ്ഭവൻ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഓഗസ്റ്റ് 14ന് വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്ന വിചിത്ര ഉത്തരവുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ. സർവകലാശാലകൾക്ക് ഔദ്യോഗികമായി രാജ്ഭവൻ നിർദേശം നൽകി. സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കണമെന്നും പരിപാടികൾ സംഘടിപ്പിക്കാൻ വിസിമാർ പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഇന്ത്യാ വിഭജനം എത്രത്തോളം ഭീകരമായിരുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് പരിപാടിയെന്ന് രാജ്ഭവൻ

അതേസമയം, ദിനാചാരണം നടത്താൻ നിർദേശിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. സർക്കുലറിലൂടെ ഗവർണർ സമാന്തര ഭരണ സംവിധാനമായി പ്രവർത്തിക്കാൻ ശ്രമിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. സര്‍ക്കുലര്‍ നല്‍കാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം. ഗവര്‍ണറെ പ്രതിഷേധം അറിയിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"സംസ്ഥാന സര്‍ക്കാരിനെ നോക്കുകുത്തിയാക്കി വിഭജനഭീതി ദിനം ആചരിക്കണമെന്ന് നിര്‍ദ്ദേശിച്ച് സര്‍വകലാശല വൈസ് ചാന്‍സലര്‍മാര്‍ക്ക് സര്‍ക്കുലര്‍ നല്‍കാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമാണുള്ളത്? സംസ്ഥാന സര്‍ക്കാരിന് സമാന്തരമായി ഗവര്‍ണര്‍ തീരുമാനങ്ങള്‍ എടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണ്.

താന്‍ ഇപ്പോഴും വിഭജന രാഷ്ട്രീയത്തിന്റെ വക്താവായ ആര്‍.എസ്.എസുകാരനാണെന്നാണ് ഭരണഘടനാപദവിയില്‍ ഇരിക്കുന്ന വിശ്വനാഥ് ആര്‍ലേക്കര്‍ കേരളത്തോട് വിളിച്ചു പറയുന്നത്. ഗവര്‍ണറുടെ ഈ നടപടി ഭരണഘടനാ വിരുദ്ധമാണ്.

ഗവര്‍ണറുടെ വഴിവിട്ട നടപടികളില്‍ മൗനം പാലിക്കാതെ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും അഭിപ്രായം വ്യക്തമാക്കണം. ഭരണഘടനാവിരുദ്ധ നടപടികളിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധം ഗവര്‍ണറെ ഔദ്യോഗികമായി അറിയിക്കാനും മുഖ്യമന്ത്രി തയാറാകണം."

പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

SCROLL FOR NEXT