കേരളാ പൊലീസ് ആസ്ഥാന മന്ദിരം Source: News Malayalam 24x7
KERALA

പൊലീസ് മേധാവി നിയമനത്തില്‍ അസാധാരണ നീക്കവുമായി സർക്കാർ; UPSC ചുരുക്കപ്പട്ടികയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥന് ചുമതല നല്‍കാന്‍ നിയമോപദേശം തേടി

യുപിഎസ്‍സി പട്ടികയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥനെ ഡിജിപി ഇന്‍ ചാർജ് എന്ന തസ്തികയിലേക്ക് നിയമിക്കുന്നതിനാണ് സർക്കാർ നിയമോപദേശം തേടിയത്

Author : ന്യൂസ് ഡെസ്ക്

പുതിയ പൊലീസ് മേധാവിയുടെ നിയമനത്തില്‍ അസാധാരണ നീക്കവുമായി സംസ്ഥാന സർക്കാർ. യുപിഎസ്‌സി ചുരുക്കപ്പട്ടികയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥന് ചുമതല നൽകാനാണ് നീക്കം. പട്ടികയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥനെ ഡിജിപി ഇന്‍ ചാർജ് എന്ന തസ്തികയിലേക്ക് നിയമിക്കുന്നതില്‍ സർക്കാർ നിയമോപദേശം തേടി.

ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളില്‍ ഡിജിപി ഇന്‍ ചാർജുണ്ട്. സ്റ്റേറ്റ് പൊലീസ് ചീഫ് സ്ഥാനത്തേക്ക് നിയമനം നടത്താതെ ഡിജിപിമാരില്‍ ഒരാള്‍ക്ക് ഇന്‍ ചാർജിന്റെ ചുമതല നല്‍കുന്ന രീതിയാണ്. ഇത്തരം ഒരു നീക്കത്തിന് സംസ്ഥാന സർക്കാരും തുനിയുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

സർക്കാർ നൽകിയ പാനലിൽ നിന്ന് മൂന്നു പേരുടെ ചുരുക്കപ്പട്ടികയ്ക്കാണ് യുപിഎസ്‍സി അംഗീകാരം നല്‍കിയത്. ഐബി സ്പെഷ്യൽ ഡയറക്ടർ റവാഡ ചന്ദ്രശേഖർ, റോഡ് സേഫ്റ്റി കമ്മീഷണർ നിധിൻ അഗർവാൾ, ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നീ മൂന്ന് പേരുടെ ചുരുക്കപ്പട്ടികയ്ക്കാണ് യുപിഎസ്‍സി അംഗീകാരം നല്‍കിയിരിക്കുന്നത്. ഈ പട്ടികയില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കുകയാണ് സാധാരണ പാലിച്ചുവരുന്ന നടപടിക്രമം.

എന്നാല്‍, ചുരുക്കപട്ടികയിലുള്ള മൂന്ന് പേരും സംസ്ഥാന സർക്കാരിന് താല്‍പ്പര്യമുള്ള ഉദ്യോഗസ്ഥരല്ല. കൂത്തുപറമ്പ് വെടിവെപ്പ് നടക്കുമ്പോള്‍ കണ്ണൂർ എഎസ്പിയായിരുന്നു റവാഡ ചന്ദ്രശേഖർ. അന്ന് അദ്ദേഹത്തെ പ്രതിയാക്കി കേസെടുത്തിരുന്നു. 2012ലാണ് ഹൈക്കോടതി റവാഡ ചന്ദ്രശേഖറിനെ കുറ്റവിമുക്തനാക്കിയത്. എന്നിരുന്നാലും കൂത്തുപറമ്പ് വെടിവെപ്പ് കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഒരാളെ പൊലീസ് മേധാവിയാക്കാന്‍ സർക്കാരിന് വിമുഖതയുണ്ട്. ഡിജിപി യോഗേഷ് ഗുപ്തയുമായും സർക്കാരിന് വലിയ രീതിയിലുള്ള അകല്‍ച്ചയുണ്ട്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ കെ.എം. എബ്രഹാമിനെതിരായ കേസ് ഫയല്‍ സർക്കാരിനോട് ആലോചിക്കാതെ സിബിഐക്ക് കൈമാറിയതാണ് ഈ അകല്‍ച്ചയ്ക്ക് കാരണം.

ആറ് പേരുടെ പട്ടികയാണ് സംസ്ഥാനം യുപിഎസ്‌സിക്ക് കൈമാറിയത്. കേരള കേഡറിൽ 30 വർഷം പൂർത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരിൽ നിന്നാണ് കേരള സർക്കാർ ഡിജിപിക്ക് വേണ്ടിയുള്ള പട്ടിക തയ്യാറാക്കിയത്. ഡിജിപി റാങ്കിലുള്ള വിജിലൻസ് മേധാവി മനോജ് എബ്രഹാം, എസ്പിജി അഡീഷണൽ ഡയറക്ടർ സുരേഷ് രാജ് പുരോഹിത്, ബറ്റാലിയൻ മേധാവി എം.ആർ. അജിത് കുമാർ എന്നിവരാണ് സർക്കാർ പട്ടികയിലെ മറ്റ് ഉദ്യോഗസ്ഥർ. ഡിജിപി ഇന്‍ ചാർജ് എന്നൊരു തസ്തിക സൃഷ്ടിക്കുക വഴി യുപിഎസ്‌സി പട്ടിക മറികടന്ന് മനോജ് എബ്രഹാമിനെ പൊലീസ് മേധാവി സ്ഥാനത്തേക്ക് എത്തിക്കാനാണ് സർക്കാർ നീക്കമെന്നാണ് സൂചന.

SCROLL FOR NEXT