പത്തനംതിട്ട: ആറന്മുളയിലെ വിവാദ മെഗാ ക്ലസ്റ്റർ പദ്ധതിയിൽ നിന്ന് ഒടുവിൽ സർക്കാർ പിന്‍മാറുന്നു. പദ്ധതിയിൽ നിന്ന് പിന്‍മാറുന്നുവെന്ന് ന്യൂസ് മലയാളത്തിൻ്റെ വിവരാവകാശ അപേക്ഷയ്ക്ക് സർക്കാർ മറുപടി നൽകി. വെള്ളക്കെട്ട് ഒഴിവാക്കാവുന്ന പദ്ധതികൾ മാത്രമേ പ്രദേശത്ത് ആസൂത്രണം ചെയ്യാവൂവെന്ന കളക്ടറുടെ റിപ്പോർട്ടും ന്യൂസ് മലയാളത്തിന് ലഭിച്ചു.
വിവാദങ്ങളെ തുടർന്ന് ഉപേക്ഷിച്ച ആറന്മുള പദ്ധതി പ്രദേശത്താണ് മെഗാ ഇലക്ട്രോണിക്സ് ക്ലസ്റ്റർ സ്ഥാപിക്കാൻ നീക്കം നടന്നത്. വിമാനത്താവള കമ്പനിയായ കെജിഎസ് ഗ്രൂപ്പ്, ടോഫൽ എന്നു പേരു മാറ്റിയായിരുന്നു നീക്കം നടത്തിയത്. എന്നാൽ സിപിഐ മന്ത്രിമാരായ കെ. രാജനും പി. പ്രസാദും പദ്ധതിയെ ശക്തമായി എതിർത്തു. പാരിസ്ഥിതിക ദുർബല പ്രദേശത്ത് പദ്ധതി തുടങ്ങാനാകില്ലെന്നായിരുന്നു ഇരുവരുടെയും നിലപാട്.
ഒടുവിൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പദ്ധതിയിൽ നിന്ന് പിന്മാറാൻ ധാരണയായി. എന്നാൽ അതീവ രഹസ്യമായി പദ്ധതിയുടെ സാധ്യത തേടി ഐടി സെക്രട്ടറി, പത്തനംതിട്ട ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയ വാർത്ത ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. എന്നാൽ ഇപ്പോൾ പദ്ധതിയിൽ നിന്ന് പിന്‍മാറുന്നുവെന്ന് ഐടി വകുപ്പ് രേഖാമൂലം അറിയിച്ചു. ന്യൂസ് മലയാളത്തിന് നൽകിയ വിവരാവകാശ മറുപടിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
വില്ലേജ് ഓഫീസ് രേഖകൾ പ്രകാരം പോക്കുവരവ് ചെയ്തതും അല്ലാത്തതുമായ 122.5220 ഹെക്ടർ ഭൂമിയാണ് കെജിഎസ് ഗ്രൂപ്പിനുള്ളത്. ഇതിൽ 21.6066 ഹെക്ടർ മാത്രമാണ് പുരയിടം. ബാക്കി വരുന്ന 100.9154 ഹെക്ടർ നിലത്ത് വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയെന്ന് കൃഷി ഓഫീസറുടെ റിപ്പോർട്ട് ഉണ്ടെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. അതിനാൽ വെള്ളക്കെട്ട് ഒഴിവാക്കുന്ന പദ്ധതികൾ മാത്രമേ പ്രദേശത്ത് ആസൂത്രണം ചെയ്യാനാകൂവെന്നും കളക്ടർ ശുപാർശ ചെയ്തിട്ടുണ്ട്. കളക്ടറുടെ റിപ്പോർട്ടിൻ്റെ പകർപ്പും ന്യൂസ് മലയാളത്തിന് ലഭിച്ചു.