സനാതന ധർമം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കണമെന്ന് കേരളാ ഗവർണർ രാജേന്ദ്ര അർലേക്കർ. സനാതന ധർമം വരുംതലമുറയെ പഠിപ്പിക്കണമെന്നും തെരുവിലെ പശുക്കൾക്ക് ഗോശാലകൾ നിർമിക്കാൻ ദേവസ്വങ്ങള്‍ മുൻകൈ എടുക്കണമെന്നും ഗവർണർ. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ സ്ഥാപിച്ച ശിവ പ്രതിമയുടെ അനാച്ഛാദന പരിപാടിയിലായിരുന്നു പരാമർശം.
കശ്മീർ മുതല്‍ കന്യാകുമാരി വരെ സനാതന ധർമത്തെ വിശ്വസിക്കുന്ന ആളുകള്‍ നമ്മുടെ രാജ്യത്തുണ്ട്. ആ സനാതന ധർമം വരുന്ന തലമുറയെ പഠിപ്പിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുണമെന്നായിരുന്നു ഗവർണറുടെ പ്രസ്താവന. ഇതിനൊപ്പം തെരുവില്‍ അലഞ്ഞു നടക്കുന്നു പശുക്കള്‍ക്ക് ഗോശാല ഒരുക്കേണ്ടത് നമ്മുടെ പ്രാഥമിക കടമയാണെന്നും അർലേക്കർ പറഞ്ഞു. ഗോശാലകള്‍ സ്ഥാപിക്കാന്‍ ദേവസ്വം മുന്‍കൈയെടുക്കണം. അതിന് ഒരുപാട് സഹായങ്ങള്‍ കിട്ടുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
'ഭാരതാംബ' ചിത്ര വിവാദത്തിന് പിന്നാലെ മറ്റൊരു പരമ്പരയ്ക്ക് തുടക്കം കുറിക്കുകയാണ് ഗവർണർ. സനാതന ധർമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന മുന്‍പ് വലിയ ചർച്ചയായിരുന്നു. സനാതന ധർമം പഴയ ബ്രാഹ്മണിക്കൽ രാജഭരണ കാലത്തേക്ക് ഉള്ള പോക്കാണെന്നും ജനാധിപത്യപരമല്ലെന്നുമായിരുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന.
'ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ശ്ലോകം പോലും ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന് മുമ്പുള്ള വാക്കുകൾ പശുവിനും ബ്രാഹ്മണനും സുഖമുണ്ടാകട്ടെ എന്നാണ്. അവർക്ക് സുഖമുണ്ടായാൽ ലോകത്തിനും സുഖമുണ്ടാകും എന്നാണ് പൂർണ അർത്ഥമെന്നും മുഖ്യമന്ത്രി പറഞ്ഞു. 92ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ പ്രസ്താവനയില്‍ കോണ്‍ഗ്രസും ബിജെപിയും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു.