കണ്ണൂർ: നിതിൻ രാജിൻ്റെ മരണത്തിൽ ഇടപെട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ. ആരോഗ്യ സർവകലാശാല വിസി മോഹൻ കുന്നുമ്മലുമായി കൂടിക്കാഴ്ച നടത്തിയ ഗവർണർ കോളേജ് അധികൃതർക്കെതരെ കർശന നടപടിക്ക് നിർദേശം നൽകി.
കൂടിക്കാഴ്ചയിൽ വിസി ഗവർണർക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ആരോഗ്യ സർവകലാശാല സമിതി നാളെ കോളേജിൽ വിദ്യാർഥികളുടെ മൊഴിയെടുക്കും. സർവകലാശാല ഗവേർണിങ് കൗൺസിൽ അംഗം മേജർ ജനറൽ അജിത് നീലകണ്ഠനാണ് അന്വേഷണ സംഘത്തിൻ്റെ തലവൻ.
നിതിൻ്റെ മരണത്തിൽ ഡോ. റാമിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നു വരുന്നത്. റാമിനെതിരെ വെളിപ്പെടുത്തലുമായി കൂടുതൽ വിദ്യാർഥികൾ മുന്നോട്ട് വന്നിരിക്കുകയാണ്. നിതിൻ്റെ മരണം ലോൺ ആപ്പ് കാരണമാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുകയാണെന്ന് കുടുംബം ആരോപിച്ചിരുന്നു.
കേസിൽ ഡിജിപി ഇടപെട്ടിട്ടുണ്ട്. അന്വേഷണം ലോൺ ആപ്പുമായി ബന്ധപ്പെട്ട് ചുരുക്കരുതെന്നും ഉയർന്നുവന്ന മറ്റ് ആരോപണങ്ങളിലും അന്വേഷണം വേണമെന്നും ഡിജിപി നിർദേശം നൽകിയിട്ടുള്ളത്. ലോൺ ആപ്പ് ഭീഷണിയുടെ ആധികാരികത പരിശോധിക്കാൻ സൈബർ സംഘത്തെ ഉപയോഗിക്കണമെന്നും ഡിജിപിയുടെ നിർദേശത്തിൽ പറയുന്നുണ്ട്.