Source: News Malayalam 24x7
KERALA

ടീം വി.ഡി.എസിൽ സഗൗരവം സത്യപ്രതിജ്ഞ ചെയ്തത് രണ്ട് പേർ; ഇംഗ്ലീഷിൽ സത്യവാചകം ചൊല്ലി മുരളീധരൻ

വി.ഡി. സതീശൻ അടക്കമുള്ള മറ്റ് മന്ത്രിമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ രണ്ട് പേരാണ് വ്യത്യസ്തരായത്....

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഡിഎഫ് മന്ത്രിസഭയിൽ വി.ഡി. സതീശൻ അടക്കമുള്ള 19 പേരും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ രണ്ട് പേരാണ് വ്യത്യസ്തരായി നിന്നത്. തിരുവനന്തപുരം സെൻട്രലിൽ നിന്ന് കന്നിവിജയം നേടിയ സി.പി. ജോണും ചവറയിൽ നിന്ന് മൂന്നാമതും ജയിച്ച ഷിബു ബേബി ജോണും. ഇരുവരും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു.

പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള മുൻ സർക്കാരിൽ ആറ് പേർ ദൈവനാമത്തിലും മറ്റുള്ളവർ സഗൗരവവുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

ഇംഗ്ലീഷിൽ സത്യവാചകം ചൊല്ലി കെ. മുരളീധരനും വ്യത്യസ്തനായി. മുരളീധരൻ്റെ സത്യപ്രതിജ്ഞ നിറഞ്ഞ കയ്യടികളോടെയാണ് ജനം സ്വീകരിച്ചത്.

മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭ, സെക്രട്ടേറിയറ്റിന് സമീപത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ രാജേന്ദ്ര അർലേക്കറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ആറ് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് ഒരു യുഡിഎഫ് മന്ത്രിസഭ മുഖ്യമന്ത്രിയോടൊപ്പം ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്.

മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബഗേൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

SCROLL FOR NEXT