പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ചമ്മന്തിയും മെനുവിൽ ഉൾപ്പെടുത്തി Source: Chat GPT
KERALA

ബിരിയാണി, ലെമൺ റൈസ്, പച്ചമാങ്ങാ ചമന്തി, പായസം; സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനു പരിഷ്ക്കരിച്ചു

മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് പരിഷ്കരണം

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ മെനു പരിഷ്കരിച്ചു. ഇനിമുതൽ ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ്‌റൈസോ, വെജ് ബിരിയാണിയോ കുട്ടികൾക്ക് നൽകണം. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ചമ്മന്തിയും മെനുവിൽ ഉൾപ്പെടുത്തി. റാഗി ഉപയോഗിച്ചുള്ള വിഭവങ്ങളും ആഴ്ചയിലൊരിക്കൽ നൽകണം.

മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് പരിഷ്കരണം. മെനു പ്ലാനിങ് നടത്തുമ്പോൾ ഒരു ദിവസത്തെ കറികളിൽ ഉപയോഗിക്കുന്ന പച്ചക്കറിക്ക് ബദലായി അനുചിതമായ മറ്റ് പച്ചക്കറികൾ നൽകേണ്ടതാണെന്ന് വിദഗ്ധ സമിതി നിർദേശിക്കുന്നു.

ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് അരി വച്ച് വെജിറ്റബിൾ ഫ്രൈഡ്‌റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി തുടങ്ങി വിവിധയിനം വിഭവങ്ങൾ തയ്യാറാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇവയോടൊപ്പം കൂട്ടുകറി, കുറുമ തുടങ്ങി എന്തെങ്കിലും വെജിറ്റബിൾ കറികളും നൽകുന്നു. വിദഗ്ധ സമിതിയുടെ അഭിപ്രായത്തിൽ പച്ചക്കറിക്ക് ബദലായി മാസത്തിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മൈക്രോ ഗ്രീൻസ് മെനുവിൽ ഉൾപ്പെടുത്താവുന്നതാണ്.

പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ചമ്മന്തി കൊടുക്കുന്ന കാര്യവും പരിഗണിച്ചിട്ടുണ്ട്. വ്യത്യസ്തതയ്ക്കായി ഇവ വെജ് റൈസ്, ബിരിയാണി, ലെമൺ റൈസ് എന്നിവയുടെ കൂടെ തൊടുകറിയായി വിളമ്പാവുന്നതാണ്.

ചെറുധാന്യങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾക്ക് ആഴ്ചയിൽ റാഗി ഉപയോഗിച്ചു റാഗി ബാൾസ്, മിതമായ അളവിൽ ശർക്കരയും തേങ്ങയും ചേർത്ത റാഗി കൊഴുക്കട്ട, ഇലയട, അവിൽ കുതിർത്തത് (വിളയിച്ചത്), പാൽ ഉപയോഗിച്ച് ക്യാരറ്റ് പായസം, റാഗിയോ മറ്റ് മില്ലറ്റുകളോ ഉപയോഗിച്ചുള്ള പായസം എന്നീ വ്യത്യസ്ത വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പരിഷ്കരിച്ച മെനു

  • ഒന്നാം ദിവസം : ചോറ്, കാബേജ് തോരൻ, സാമ്പാർ

  • രണ്ടാം ദിവസം : ചോറ്, പരിപ്പ് കറി , ചീരത്തോരൻ

  • മൂന്നാം ദിവസം : ചോറ്, കടല മസാല, കോവയ്ക്ക തോരൻ

  • നാലാം ദിവസം : ചോറ്, ഓലൻ, ഏത്തയ്ക്ക തോരൻ

  • അഞ്ചാം ദിവസം : ചോറ്, സോയ കറി, കാരറ്റ് തോരൻ

  • ആറാം ദിവസം : ചോറ്, വെജിറ്റബിൾ കുറുമ, ബീറ്റ്‌റൂട്ട് തോരൻ

  • ഏഴാം ദിവസം : ചോറ്, തീയൽ, ചെറുപയർ തോരൻ

  • എട്ടാം ദിവസം : ചോറ്, എരിശ്ശേരി, മുതിര തോരൻ

  • ഒമ്പതാം ദിവസം : ചോറ്, പരിപ്പ് കറി, മുരിങ്ങയില തോരൻ

  • പത്താം ദിവസം : ചോറ്, സാമ്പാർ, മുട്ട അവിയൽ

  • പതിനൊന്നാം ദിവസം : ചോറ്, പൈനാപ്പിൾ പുളിശ്ശേരി, കൂട്ടുക്കൂറി

  • പന്ത്രണ്ടാം ദിവസം : ചോറ്, പനീർ കറി, ബീൻസ് തോരൻ

  • പതിമൂന്നാം ദിവസം : ചോറ്, ചക്കക്കുരു പുഴുക്ക്, അമരയ്ക്ക തോരൻ

  • പതിനാലാം ദിവസം : ചോറ്, വെള്ളരിക്ക പച്ചടി, വൻപയർ തോരൻ

  • പതിനഞ്ചാം ദിവസം : ചോറ്, വെണ്ടയ്ക്ക മപ്പാസ്, കടല മസാല

  • പതിനാറം ദിവസം : ചോറ്, തേങ്ങാചമ്മന്തി, വെജിറ്റബിൾ കുറുമ

  • പതിനേഴാം ദിവസം : ചോറ് /എഗ്ഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി

  • പതിനെട്ടാം ദിവസം : ചോറ് / കാരറ്റ് റൈസ്, കുരുമുളക് മുട്ട റോസ്റ്റ്

  • പത്തൊമ്പതാം ദിവസം : ചോറ്, പരിപ്പ് കുറുമ, അവിയൽ

  • ഇരുപത് ദിവസം : ചോറ് / ലെമൺ റൈസ്, കടല മസാല

SCROLL FOR NEXT