ആരോഗ്യമന്ത്രി കെ. മുരളീധരൻ Source: News Malayalam 24X7
KERALA

എസ്.എം.എ കുട്ടികളുടെ ഫണ്ട് സമാഹരണം സ്വാഗതാർഹം, ചികിത്സാരീതി വ്യക്തമാക്കാതിരുന്നതാണ് ആശയക്കുഴപ്പത്തിന് കാരണം: ആരോഗ്യമന്ത്രി

ഇന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ യൂസഫലി രണ്ട് കോടി രൂപ എസ്എംഎ രോഗബാധിതരായ കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകിയിരുന്നു. 30 കോടി രൂപയാണ് കുട്ടികളുടെ ക്യാംപെയിനിൽ സമാഹരിച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോഴിക്കോടുള്ള എസ്.എം.എ ബാധിത കുട്ടികളുടെ ചികിത്സയ്ക്കായി നടക്കുന്ന ക്യാംപെയിനിനെ സംബന്ധിച്ച് മാധ്യമങ്ങൾ ആശയക്കുഴപ്പം ഉണ്ടാക്കിയതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഏത് ചികിത്സാ രീതിക്ക് വേണ്ടിയാണ് ധനസമാഹരണമെന്ന് മാധ്യമങ്ങൾ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് സൗജന്യമായി സർക്കാർ നൽകുന്ന റിസ്ഡിപ്ലാം മരുന്നിനെ കുറിച്ച് താൻ പറഞ്ഞതെന്നും മന്ത്രി വിശദീകരിച്ചു.

എസ്.എം.എ ബാധിതർക്ക് ഓറൽ മരുന്നായ റിസ്ഡിപ്ലാം മാത്രമാണ് സർക്കാരിന് മുന്നിലുള്ള ഏക ചികിത്സ. ഇത് സർക്കാർ സൗജന്യമായി നൽകിവരുന്നുണ്ട്. എന്നാൽ, ഇപ്പോൾ നടക്കുന്ന ക്യാംപെയിൻ ജീൻ തെറാപ്പിക്ക് വേണ്ടിയാണെന്ന് പിന്നീടാണ് വ്യക്തമായത്. ചോദ്യത്തിൽ ചികിത്സാരീതി വ്യക്തമാക്കാതിരുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നും മന്ത്രി വ്യക്തമാക്കി.

ജീൻ തെറാപ്പി നിലവിൽ സർക്കാരിൻ്റെ പരിഗണനയിൽ ഇല്ലെങ്കിലും, ഏത് നൂതന ചികിത്സയിലൂടെ കുട്ടികൾക്ക് ആരോഗ്യം വീണ്ടെടുക്കാൻ കഴിയുമെങ്കിൽ അതിനെ സർവാത്മനാ സ്വാഗതം ചെയ്യുന്നു. കുട്ടികളുടെ ആരോഗ്യം വീണ്ടെടുക്കുന്ന ഏത് ശ്രമവും വ്യക്തിപരമായി സന്തോഷം നൽകുന്നതാണ്. ആപത്ഘട്ടങ്ങളിൽ ജാതി, മതം, വർണം, വർഗം എന്നിവയ്ക്കതീതമായി സഹായഹസ്തം നീട്ടുന്ന കേരളീയരുടെ മനുഷ്യത്വം എസ്.എം.എ ബാധിതരായ കുട്ടികളുടെ കാര്യത്തിലും പ്രകടമാകുന്നത് അഭിമാനകരമാണെന്നും മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

കോഴിക്കോട് എസ്.എം.എ രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് മരുന്നിനുള്ള പണം കണ്ടെത്തുന്നതിനായി നടത്തുന്ന ക്യാംപെയിനിനോട് പ്രതികരിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. മരുന്ന് സർക്കാരിൻ്റെ കയ്യിൽ ലഭ്യമാണ്. പിന്നെ എന്തിനാണ് ക്യാംപെയിൻ? 12 വയസ്സ് വരെയുള്ളവർക്ക് മരുന്ന് സൗജന്യമായി ലഭിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ യൂസഫലി രണ്ട് കോടി രൂപ എസ്എംഎ രോഗബാധിതരായ കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകിയിരുന്നു. 30 കോടി രൂപയാണ് കുട്ടികളുടെ ക്യാംപെയിനിൽ സമാഹരിച്ചത്.

SCROLL FOR NEXT