BLM News Malayalam
KERALA

ബി എൽ എം കേസ് മുന്നറിയിപ്പില്ലാതെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി

അതേ സമയം കേസില്‍ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ബിഎൽഎം മുൻ ചെയർമാൻ പ്രേംകുമാറിനെ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി വിട്ടയച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ബി എം എൽ കേസിലെ പ്രതികളെ ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്ന് ആഭ്യന്തരവകുപ്പിനും കേരള പൊലിസിനും ഹൈക്കോടതി നിർദേശം നൽകി. ബി എൽ എം മുൻ ചെയർമാൻ ആർ പ്രേംകുമാർ നൽകിയ റിട്ട് ഹർജിയിലാണ് ജസ്റ്റീസ് മുരളി പുരുഷോത്തമൻ ഉത്തരവിട്ടത്. അന്വേഷണത്തിൻ്റെ ഭാഗമായി പ്രതികളെ വിളിപ്പിക്കുകയാണെങ്കിൽ നിയമപ്രകാരം മുൻകൂട്ടി നോട്ടീസ് നൽകണമെന്ന് ഉത്തരവിൽ പറയുന്നു.

അതേ സമയം കേസില്‍ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ബിഎൽഎം മുൻ ചെയർമാൻ പ്രേംകുമാറിനെ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി വിട്ടയച്ചിരുന്നു. അറസ്റ്റ് നടപടികൾ റദ്ദ് ചെയ്താണ് പ്രേംകുമാറിനെ വിട്ടയച്ചത്. അറസ്റ്റിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പ്രേംകുമാറിനെതിരെ കെട്ടിചമച്ച കേസാണെന്ന് തെളിഞ്ഞുവെന്നും, കോടതമംഗലത്തെ കേസ് നൽകിയത് ബിഎൽഎമ്മിൽ നിന്ന് കോടികളുടെ തിരിമറി നടത്തി മുങ്ങിയ ആളാണെന്നും ബിഎൽഎം അധികൃതർ ആരോപിച്ചു. ഒരു നിക്ഷേപകൻ്റെയും പണം നഷ്ടപ്പെടില്ലെന്ന് സിഒഒ സെയ്ദലവി പറ‍ഞ്ഞിരുന്നു.

ബിഎൽഎം നിയമപരമായാണ് പ്രവർത്തിക്കുന്നത്. 20 വർഷത്തിനിടെ ഒരു നിക്ഷേപകൻ പോലും പരാതി നൽകിയിട്ടില്ല. നിക്ഷേപ തട്ടിപ്പ് എന്ന ആരോപണം ശരിയല്ലെന്നും വി.പി. സൈദലവി വ്യക്തമാക്കി. ഒരാൾക്കും പോലും പണം നഷ്ടമാവില്ലെന്നും, നിക്ഷേപകര്‍ക്ക് പണം ആവശ്യമെങ്കില്‍ തിരികെ നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. നിക്ഷേപ തട്ടിപ്പ് പോലുള്ള ആരോപണങ്ങൾ ഉന്നയിച്ച് ആളുകളെ ആശങ്കപ്പെടുത്തി പണം പിൻവലിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മുൻ ജീവനക്കാരൻ പരാതി നൽകിയത് കമ്പനിയെ തകർക്കാൻ വേണ്ടിയാണെന്നും സൈദലവി അറിയിച്ചു.

പ്രേംകുമാർ നിലവിൽ ബിഎൽഎമ്മിൻ്റെ ചെയർമാനല്ല. നിലവിൽ കരുണാ മൂർത്തിയാണ് പ്രസിഡൻ്റ്. മറ്റ് സൊസൈറ്റികളിൽ നിയമ പ്രകാരമാണ് നിക്ഷേപം നടത്തിയത്. അതിൽ ഒരു നിയമ ലംഘനവും ഉണ്ടായിട്ടില്ല. 850 കോടിയുടെ നിക്ഷേപമാണ് കമ്പനിക്ക് ഉള്ളത്. എന്നാൽ 1000 കോടിയുടെ ആസ്തി ഇന്ന് കമ്പനിയുടെ പേരിലുണ്ടെന്നും വി.പി. സൈദലവി വ്യക്തമാക്കി.

നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ലെന്ന് പറഞ്ഞാണ് പരാതിക്കാരൻ നടക്കാവ് പൊലീസിനെ സമീപിച്ചത്. എന്നാൽ ആ പരാതിക്കാരൻ കമ്പനിയിൽ ഇതുവരെ പണം നിക്ഷേപിച്ചിട്ടില്ലെന്നും സൈദലവി ചൂണ്ടിക്കാട്ടി. കമ്പനിയുടെ ഭാഗം കേൾക്കാതെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിയിൽ തിടുക്കത്തിൽ നടപടിയെടുത്തത് സംശയങ്ങൾക്ക് ഇടയാക്കുന്നതാണ്. കേസ് ഹൈക്കോടതി പരിഗണിക്കാനിരിക്കെ ധൃതിപിടിച്ചാണ് നടപടി ഉണ്ടായത്. പരാതിക്കാരൻ സ്വയം പരാതി പിൻവലിച്ചിട്ടുണ്ട്. പരാതിക്കാരില്ലാതെ പൊലീസ് സ്വമേധയ എടുത്ത 4 കേസുകൾ ഹൈക്കോടതി തന്നെ തള്ളിയിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും വി.പി. സൈദലവി കൂട്ടിച്ചേർത്തു.

അതേ സമയം ബിഎൽഎമ്മിനും സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും എതിരെ വാർത്ത നൽകുന്നതിൽ നിന്ന് ഷാജൻ സ്കറിയെയും മറുനാടൻ മലയാളിയേയും തടഞ്ഞ് മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

SCROLL FOR NEXT