KERALA

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച ബെവ്‌കോ നടപടി; സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

മലബാര്‍ ഡിസ്റ്റിലറീസ് ലിമിറ്റഡില്‍ നിന്നുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനാണ് പേര് നൽകാൻ ബെവ്‌കോ നിർദേശിച്ചത്

Author : ലിൻ്റു ഗീത

കൊച്ചി: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച ബെവ്‌കോ നടപടിയിൽ ഇടപെട്ട് ഹൈക്കോടതി. ബെവ്‌കോയുടെ വാര്‍ത്താക്കുറിപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ചുള്ള ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

പാലക്കാട് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡിസ്റ്റിലറീസ് ലിമിറ്റഡില്‍ നിന്നും നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനാണ് പേര് നൽകാൻ ബെവ്‌കോ നിർദേശിച്ചത്. മദ്യത്തിന്റെ ലോഗോയും പേരും നിര്‍ദേശിക്കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

പേരും ലോ​ഗോയും malabardistilleries@gmail.com എന്ന മെയില്‍ ഐഡിയില്‍ അയക്കാനായിരുന്നു നിര്‍ദേശം. ജനുവരി ഏഴുവരെയാണ് അയക്കാനുള്ള സമയം നൽകിയത്. മികച്ച പേര് നിര്‍ദേശിക്കുന്ന വ്യക്തിക്ക് ഉദ്ഘാടന ദിവസം 10,000 രൂപയാണ് പാരിതോഷികം നല്‍കുക. അതേസമയം, ബെവ്കോ നിർദേശത്തിൽ 35,000 പേരുകളാണ് ലഭിച്ചത്. സമയപരിധി കഴിഞ്ഞതോടെ പുതിയ നിർദേശങ്ങൾ സ്വീകരിക്കുന്നത് നിർത്തിവച്ചു.

SCROLL FOR NEXT