Source: News Malayalam 24X7
KERALA

"സിന്ധു എസ്. നായർക്ക് പൊലീസ് സംരക്ഷണം നൽകണം; കൊല്ലത്ത് ചുരിദാർ ഇട്ടതിന് അധ്യാപികയെ തടഞ്ഞ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി

മാനേജർക്കെതിരെ എന്ത് നടപടിയെടുത്തു എന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അറിയിക്കണമെന്നും കോടതി

Author : ശാലിനി രഘുനന്ദനൻ

കൊച്ചി: കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ സ്കൂൾ ഗേറ്റിനുമുന്നിൽ തടഞ്ഞ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. ഈശ്വരവിലാസം സ്കൂളിലെ പ്രധാന അധ്യാപിക സിന്ധു എസ്. നായർക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് കോടതി. ഹർജി തീർപ്പാകും വരെ പ്രധാന അധ്യാപികയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ സ്കൂൾ മാനേജർ ഇടപെടരുത്. മാനേജർക്കെതിരെ എന്ത് നടപടിയെടുത്തു എന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അറിയിക്കണമെന്നും കോടതി നിർദേശിച്ചു.

തന്റെ അറിവോടെ അല്ല സെക്യൂരിറ്റി ജീവനക്കാരൻ പ്രധാന അധ്യാപിക സിന്ധു എസ്. നായരെ തടഞ്ഞത്. വിഷയത്തിൽ തന്റെ ഭാഗം കൂടി കേൾക്കണമെന്നും നിലവിലെ പൊലീസ് നടപടി ഏകപക്ഷീയമാണെന്നും സ്കൂൾ മാനേജർ സുരേഷ് പറ‍ഞ്ഞിരുന്നു. വസ്ത്രധാരണത്തിൻ്റെ പേരിൽ പ്രധാനാധ്യാപികയെ മാറ്റി നിർത്തി എന്നും കെഇആർ ചട്ടങ്ങളുടെ ലംഘനമാണ് സംഭവിച്ചതെന്നും വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു.വിശദീകരണം ആവശ്യപ്പെട്ട് സ്കൂൾ മാനേജർക്ക് ഡിഡിഇ നോട്ടീസും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂൾ മാനേജർ സുരേഷ് വിദ്യാഭ്യാസ വകുപ്പിന് വിശദീകരണം നൽകിയത്.

കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുവെന്ന് അധ്യാപിക സിന്ധു നായർ ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. ചുരിദാർ ധരിച്ചു വരരുതെന്ന് മുൻപും മാനേജർ തന്നോട് പറഞ്ഞിട്ടുണ്ട്. സ്കൂൾ മാനേജർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണം. സ്കൂളിൽ ജോലി ചെയ്യാൻ ഭയമാണെന്നും സ്വസ്ഥമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കി തരണമെന്നും സിന്ധു എസ്. നായർ തുറന്നു പറ‍ഞ്ഞിരുന്നു. ഫെബ്രുവരി നാലിനാണ് കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം സ്കൂളിൽ അധ്യാപികയെ പുറത്താക്കിയത്. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്തിരുന്നു. അധ്യാപികയെ അന്യായമായി തടഞ്ഞു വച്ചതിന് സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെതിരെയാണ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെ പിരിച്ചുവിട്ടു.

SCROLL FOR NEXT