Source: Social Media
KERALA

കേരളത്തെ അപമാനിക്കാനുള്ള ശ്രമം, കേരള സ്റ്റോറി 2 എന്ന പേര് മാറ്റണം; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സിനിമയുടെ ടൈറ്റിലിൽ നിന്ന് കേരളം എന്നത് മാറ്റണം എന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്

Author : ശാലിനി രഘുനന്ദനൻ

കൊച്ചി:കേരള സ്റ്റോറി 2 സിനിമയുടെ പേര് മാറ്റണം എന്ന് ആവശ്യപെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് കോടതി പരിഗണിക്കും. എറണാകുളം നെട്ടൂർ സ്വദേശി ഫ്രെഡിയാണ് കോടതിയെ സമീപിച്ചത്. കേരളം എന്ന പേര് സിനിമയുടെ ടൈറ്റിൽ ആയി ഉപയോഗിച്ചത് കേരളത്തെ അപമാനിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്ന് ഫ്രെഡി ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.

കേരള സ്റ്റോറി 2 എന്ന സിനിമയുടെ ടീസറും ട്രൈയിലറും പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളും വിമർശനങ്ങളുമാണ് ഉയരുന്നത്. കേരള സ്റ്റോറി എന്ന പേരിൽ പുറത്തിറങ്ങുന്ന സിനിമയിൽ കേരളവുമായി പുലബന്ധം പോലുമില്ലാത്ത രംഗങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് ഉയരുന്ന വിമർശനം. സിനിമയ്ക്കെതിരെ കേരള ഹൈക്കോടതിയിൽ മൂന്ന് ഹർജികളാണ് ഫയൽ ചെയ്തിരിക്കുന്നത്.

രാജ്യത്തെ മറ്റ് ജനങ്ങൾക്ക് മുന്നിൽ കേരളത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് ഹർജിക്കാരിൽ ഒരാളായ ഫ്രെഡി ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. സിനിമയുടെ ടൈറ്റിലിൽ നിന്ന് കേരളം എന്നത് മാറ്റണം എന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. കേരള സ്റ്റോറി 2 എന്ന സിനിമ കാണണം എന്ന ആവശ്യം ഹൈക്കോടതി മുന്നോട്ട് വെച്ചിരുന്നു. അതിന് ശേഷമാകും കോടതി ഈ വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.

കേരളത്തിലെ ജനങ്ങളുടെ വികാരത്തെ വൃണപ്പെടുത്തന്നതാണ് സിനിമയെന്ന് ഫെഡ്രിയുടെ അഭിഭാഷകർ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല എന്നാണ് ഹർജികൾ പരിഗണിച്ചപ്പോൾ കോടതി വ്യക്തമാക്കിയത്. സിനിമയുടെ നിർമാതാക്കളായ സൺഷൈൻ പിക്ചേഴ്സിനോട് കോടതി വിശദീകരണം തേടിയിരുന്നു. നടന്ന സംഭവങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് കേരള സ്റ്റോറി എന്നായിരുന്നു നിർമാതാക്കളുടെ അവകാശ വാദം.

SCROLL FOR NEXT