പകർച്ചപ്പനി ഭീതിയിൽ കേരളം 
KERALA

പകർച്ചപ്പനി ഭീതിയിൽ കേരളം; ഇന്ന് നാല് മരണം

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ച പനി ബാധിച്ച് ഇന്ന് നാല് പേർ മരിച്ചു. ഡെങ്കിപ്പനി, ഇൻഫ്ലുവൻസ, ചിക്കൻപോക്സ്, മഞ്ഞപ്പിത്ത രോഗങ്ങൾ ബാധിച്ചാണ് മരണം. ഇതുവരെ 13196 പേർ ഇന്ന് പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്.

ഷിഗെല്ല സ്ഥിരീകരിച്ചത് ഇന്ന് എട്ടുപേർക്കാണ്. ഡെങ്കിപ്പനി 52 പേർക്കും, എലിപ്പനി 11 പേർക്കും, മഞ്ഞപ്പിത്തം 22 പേർക്കും ബാധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. വയറിളക്ക രോഗങ്ങൾ ബാധിച്ച് ഇന്ന് ചികിത്സ നേടിയത് 3984 പേരാണ്. അതിനിടെ സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു.

ജലജന്യ രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ കുപ്പി വെള്ളം ഉൾപ്പെടെ കർശനമായി പരിശോധിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. കുപ്പിയിലെയും വലിയ ക്യാനുകളിലെയും വെള്ളം പരിശോധിക്കും. വൃത്തിഹീനമായി പ്രവർത്തിക്കുന്ന തട്ടുകടകൾ അനുവദിക്കില്ല. പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ജനുവരി മുതൽ ജൂൺ 15 വരെ 146 ഷിഗെല്ല കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ അഞ്ച് മരണം സംഭവിച്ചു. കോഴിക്കോടും, മലപ്പുറത്തും രണ്ടും, തൃശൂരിൽ ഒരണ്ണവുമാണ് ഉണ്ടായത്. കോഴിക്കോടാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈവർഷം 74 കേസുകളാണ് ജില്ലയിലുണ്ടായത്.

നിപയുമായി ബന്ധപ്പെട്ട് ഇന്ന് 38 പരിശോധനകൾ നടത്തി. ഒരാൾക്ക് മാത്രമാണ് പോസിറ്റീവ്. ഇദ്ദേഹത്തിൻ്റെ നില ഗുരുതരമായി തുടരുന്നു.

ഡ്രൈഡേ കലണ്ടർ പുറത്തിറക്കും

പകർച്ചവ്യാധി പ്രതിരോധത്തിന് ഉറവിട നശീകരണം പ്രധാനമാണ്. ഈ സാഹചര്യത്തിൽ അടിയന്തരമായി ഡ്രൈഡേ നടത്തുന്നതിനുള്ള കലണ്ടർ ഉടൻ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. സർക്കാർ ഓഫീസുകളും സ്കൂളുകളും നിർബന്ധമായി കലണ്ടർ പ്രകാരം ഡ്രൈ ഡേ ആചരിക്കണമെന്നും നിർദേശം.

SCROLL FOR NEXT