Source: Social Media
KERALA

LIVE UPDATES | പലയിടത്തും അട്ടിമറി; ചരിത്രത്തിലാദ്യമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് യുഡിഎഫിന്, കാസർഗോഡ് ജില്ലാ പഞ്ചായത്ത് എൽഡിഎഫിന്

ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാരെ കണ്ടെത്തുന്നതിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂസ് ഡെസ്ക്

മറ്റത്തൂരിലെ കോൺഗ്രസ് ബിജെപി സഖ്യം നേതാക്കളുടെ അറിവോടെ; കർശന നടപടിക്ക് ഒരുങ്ങി ഡിസിസി

മറ്റത്തൂരിലെ കോൺഗ്രസ് ബിജെപി സഖ്യം നേതാക്കളുടെ അറിവോടെയെന്ന് റിപ്പോർട്ടുകൾ. കർശന നടപടിക്കൊരുങ്ങുകയാണ് ഡിസിസി. ഡിസിസി ജനറൽ സെക്രട്ടറി ടി എം ചന്ദ്രൻ, മണ്ഡലം പ്രസിഡൻറ് ഷാഫി കല്ലൂപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് സഖ്യം ഉണ്ടാക്കിയത്. ഇരുവർക്കും എതിരെ പാർട്ടി നടപടിക്ക് സാധ്യത. ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് വേണ്ടി മറ്റത്തൂരിൽ വോട്ടുമറിച്ചു എന്നും നിഗമനം.

പാങ്ങോട് ഗ്രാമപഞ്ചായത്തിൽ അധികാരമേറ്റതിന് പിന്നാലെ യുഡിഎഫ് പഞ്ചായത്ത് പ്രസിഡൻറ് രാജി വച്ചു

തിരുവനന്തപുരം പാങ്ങോട് ഗ്രാമപഞ്ചായത്തിൽ നാടകീയ രംഗങ്ങൾ. അധികാരമേറ്റതിന് പിന്നാലെ യുഡിഎഫ് പഞ്ചായത്ത് പ്രസിഡൻറ് എസ് ഗീത രാജിവച്ചു. എസ്ഡിപിഐ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. ഇത് ആവശ്യമില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് രാജി.

LDF - 7

UDF - 7 (6 കോൺഗ്രസ് + 1 വെൽഫെയർ)

SDPI- 3

BJP- 2

എന്നിങ്ങനെയാണ് കക്ഷിനില

കാസർഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്ഥാനം വീതംവയ്ക്കും

കാസർഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്ഥാനം വീതം വെക്കാൻ എൽഡിഎഫിൽ ധാരണ. 3 വർഷം സിപിഐയും, ഒരു വർഷം കേരള കോൺഗ്രസ് എമ്മും അവസാന വർഷം സിപിഐഎമ്മും വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് ചുമതലയേൽക്കും.

പാലാ കരൂർ പഞ്ചായത്ത് എൽഡിഎഫിന്

യുഡിഎഫ് സ്വതന്ത്രൻ മറുകണ്ടം ചാടി. പാലാ കരൂർ പഞ്ചായത്ത് ഭരണം എൽഡിഎഫിന്. യുഡിഎഫ് സ്വതന്ത്രൻ പ്രിൻസ് കുര്യത്തിനെ പ്രസിഡൻ്റാക്കിയാണ് എൽഡിഎഫ് അധികാരം ഉറപ്പിച്ചത്. യുഡിഎഫ് ആദ്യ ടേം പ്രസിഡൻ്റ് സ്ഥാനം നൽകാൻ വിസമ്മതിച്ചതാണ് പ്രിൻസ് എതിർ പാളയത്തിലേക്ക് പോകാൻ കാരണം.

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി പി.എ. ജബ്ബാർ ഹാജി

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി മുസ്ലിം ലീഗിലെ പി.എ. ജബ്ബാർ ഹാജി ചുമതലയേറ്റു. വരണാധികാരി കൂടിയായ ജില്ലാ കളക്ടർ വി.ആർ. വിനോദ് സത്യവാചകം ചൊല്ലികൊടുത്തു.

കാസർഗോഡ് ജില്ലാ പഞ്ചായത്ത് എൽഡിഎഫിന്; സാബു എബ്രഹാം പ്രസിഡൻ്റ്

കാസർഗോഡ് ജില്ലാ പഞ്ചായത്തിൽ സിപിഐഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു എബ്രഹാം പ്രസിഡൻ്റായി ചുമതലയേറ്റു. ഏഴിനെതിരെ 9 വോട്ടുകൾ നേടിയാണ് സാബു തെരഞ്ഞെടുക്കപ്പെട്ടത്. UDF പ്രതിനിധിയായ മഞ്ചേശ്വരം ഡിവിഷൻ അംഗം ഇർഫാൻ ഇഖ്ബാൽ എത്താൻ വൈകിയതിനാൽ വോട്ട് ചെയ്യാനായില്ല. ഇതോടെയാണ് UDFന് 7 വോട്ടുകളായി കുറഞ്ഞത്. വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയായി സിപിഐയുടെ കെ.കെ. സോയ പത്രിക നൽകും.

മറ്റത്തൂരിൽ ത്രില്ലർ ക്ലൈമാക്സ്; പഞ്ചായത്തിൽ സംഭവിച്ചതെന്ത്?

മറ്റത്തൂർ പഞ്ചായത്തിൽ 23 വർഷമായി എൽഡിഎഫ് ഭരണമാണ് ഉണ്ടായിരുന്നത്. ഇത്തവണ എൽഡിഎഫ് 10, യുഡിഎഫ് 10 ( 2 വിമതരുടെ പിന്തുണയോടെ 10 ), എൻഡിഎ 4 എന്ന നിലയിൽ സീറ്റുകൾ വിജയിച്ചു. LDF 10, UDF 10 എന്ന നിലയിൽ സീറ്റുകൾ എത്തിയതോടെ ടോസിലേക്കും നറുക്കെടുപ്പിലേക്കും കാര്യങ്ങൾ എത്തി.

ഇതിനിടയിൽ യുഡിഎഫ് പാർലമെൻററി പാർട്ടി യോഗം ചേർന്ന് വിമതനായി വിജയിച്ച കെ.ആർ. ഔസേപ്പിനെ പാർലമെൻററി പാർട്ടി നേതാവായി തെരഞ്ഞെടുത്തു. പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനും തീരുമാനിച്ചു. എന്നാൽ മത്സരം നടക്കാനിരിക്കുന്നതിന് തൊട്ടുമുൻപ് കെ.ആർ. ഔസേപ്പ് എൽഡിഎഫുമായി ധാരണയുണ്ടാക്കി അവർക്കൊപ്പം ചേർന്നു.

കോൺഗ്രസും വിജയിച്ചു വന്ന കൗൺസിലർമാരും വിശ്വസിച്ച ഔസേപ്പ് ചതിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ രാജിവച്ചു. 8 കോൺഗ്രസ് അംഗങ്ങളും സ്വതന്ത്രനായി മാറിയതോടെ നാല് അംഗങ്ങളുള്ള ബിജെപിയും ഇവരെ പിന്തുണച്ചു. ഇവർ 12 പേരുടെയും പിന്തുണയോടെ കോൺഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച രണ്ടാമത്തെ ആളായ ടെസി ജോസിനെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിപ്പിച്ച് വിജയിപ്പിച്ചു.

ഫലത്തിൽ ബിജെപി പിന്തുണയോടെ കോൺഗ്രസ് വിമത പ്രസിഡൻ്റായി. കോൺഗ്രസ് പ്രാദേശിക നേതൃത്വവും ബിജെപിയും ഒന്നിച്ചു. ജില്ലാ സംസ്ഥാന നേതൃത്വങ്ങൾ നിലപാട് പ്രഖ്യാപിക്കുകയോ രാജിവച്ച അംഗങ്ങളെ പുറത്താക്കുകയും ചെയ്തിട്ടില്ല.

ചരിത്രത്തിലാദ്യം, കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം UDFന്

കോഴിക്കോട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ UDF ലെ മില്ലി മോഹനെ തെരഞ്ഞെടുത്തു. ചരിത്രത്തിൽ ആദ്യമായാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം UDF ന് ലഭിക്കുന്നത്. മില്ലി മോഹന് 15 വോട്ടും LDF സ്ഥാനാർഥിയായി മത്സരിച്ച പി ശാരുതിയ്ക്ക് 13 വോട്ടും ലഭിച്ചു. അധ്യക്ഷയായി തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യാനുള്ള അവസരമായി കാണുമെന്നും മില്ലി മോഹൻ പറഞ്ഞു.

എം.ബി. രാജേഷിൻ്റെ  പഞ്ചായത്തായ ചളവറയിൽ ഭരണം യുഡിഎഫിന്

മന്ത്രി എം.ബി. രാജേഷിൻ്റെ പഞ്ചായത്തായ ചളവറയിൽ ഭരണം യുഡിഎഫിന്. LDFൻ്റെ പഞ്ചായത്ത് നറുക്കെടുപ്പിലൂടെയാണ് UDFന് കിട്ടിയത്. വാർഡ് 16 കയിലിയാട് നിന്ന് ജയിച്ച കോൺഗ്രസിലെ സന്ധ്യ സുരേഷാണ് പ്രസിഡന്റ്‌ ആയത്.

  • Ldf 8

  • Udf 8

മൂപ്പൈനാട് ഭരിക്കാൻ യോഗമില്ലാതെ എൽഡിഎഫ്

25 വർഷത്തിന് ശേഷം മൂപ്പൈനാട് പിടിച്ചെടുത്തിട്ടും ഭരിക്കാൻ യോഗമില്ലാതെ എൽഡിഎഫ്. ഒരു വോട്ട് അസാധുവായതോടെ ആണിത്.

മാരാരിക്കുളം വടക്ക് പഞ്ചായത്ത് എൽഡിഎഫ്

മാരാരിക്കുളം വടക്കു പഞ്ചായത്തിൽ ഒരു വോട്ട് അസാധുവായെങ്കിലും എൽഡിഎഫിനെ ഭാഗ്യം തുണച്ചു. സിപിഐയിലെ സി.കെ. സരള നറുക്കെടുപ്പിലൂടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

  • LDF- 10

  • UDF - 9

  • BJP - 1

മറ്റത്തൂരിൽ ബിജെപി പിന്തുണയിൽ കോൺഗ്രസ് വിമതയ്ക്ക് ജയം

മറ്റത്തൂരിൽ ബിജെപി പിന്തുണയിൽ കോൺഗ്രസ് വിമതയ്ക്ക് ജയം. കോൺഗ്രസിന്റെ വിമത സ്ഥാനാർഥിയായി മത്സരിച്ച ടെസി ജോസ് കല്ലറയ്ക്കലാണ് വിജയിച്ചത്. ഡിസിസി നേതൃത്വത്തിലെ നിലപാടിൽ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗത്വം കോൺഗ്രസ് അംഗങ്ങൾ രാജിവച്ചു. പാർലമെൻ്ററി പാർട്ടി നേതാവായ കെ.ആർ. ഔസേപ്പ് എൽഡിഎഫിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ശ്രമിച്ചതും രാജിക്കും കാരണമായി.

തിരുവാലിയിൽ യുഡിഎഫിൽ തർക്കം; തെരഞ്ഞെടുപ്പ് മാറ്റി

മലപ്പുറം തിരുവാലിയിൽ യു.ഡി.എഫിൽ തർക്കം. യു.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നു. ക്വാറം തികയാത്തതിനാൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റി.

ബ്ലോക്ക് പഞ്ചായത്ത്: കോഴിക്കോട് രണ്ടിടങ്ങളിൽ യുഡിഎഫ് ജയം

കോഴിക്കോട് കക്ഷിനില തുല്യമായ ബ്ലോക്ക് പഞ്ചായത്തുകളിൽ രണ്ടിടങ്ങളിൽ യുഡിഎഫ് വിജയിച്ചു. എൽഡിഎഫിന് ഒരിടത്ത് മാത്രമാണ് വിജയിക്കാൻ സാധിച്ചത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നറുക്കെടുപ്പിലൂടെ യുഡിഎഫിന് വിജയം ലഭിച്ചെങ്കിൽ, വടകര ബ്ലോക്ക് പഞ്ചായത്തിൽ RJD അംഗത്തിന്റെ വോട്ട് യുഡിഎഫിന് ലഭിച്ചതിനാൽ എൽഡിഎഫ് പിന്നോട്ട് പോവുകയും യുഡിഎഫ് വിജയിക്കുകയും ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ മാത്രമാണ് എൽഡിഎഫിന് നറുക്കെടുപ്പിലൂടെ വിജയിക്കാൻ സാധിച്ചത്.

പുറമറ്റം പഞ്ചായത്തിൽ യുഡിഎഫ് വിമത പ്രസിഡൻ്റ്

പത്തനംതിട്ട പുറമറ്റം പഞ്ചായത്തിൽ യുഡിഎഫ് വിമത പ്രസിഡൻ്റ്. ഭരണം നഷ്ടമായത് പി.ജെ. കുര്യൻ്റെ പിടിവാശി മൂലമാണെന്ന് ആണ് ആരോപണം. പിന്തുണ വേണ്ടെന്ന് പി.ജെ. കുര്യൻ പിടിവാശി പിടിച്ചതോടെ ഭരണം നഷ്ടമായെന്നാണ് ആരോപണം. എൽഡിഎഫ് പിന്തുണയോടെ യുഡിഎഫ് വിമത റെനി സനൽ പ്രസിഡൻ്റായി.

കോന്നി ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫിന്

കോന്നി ബ്ലോക്ക് പഞ്ചായത്ത് നറുക്കെടുപ്പിലൂടെ യുഡിഎഫിന്. റോബിൻ പീറ്റർ പ്രസിഡന്റ്.

ബിനോയ്‌ കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്

ബിനോയ്‌ കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റാകും. UDF സ്ഥാനാർത്ഥി ബേബി തോലാനിയെ പരാജയപ്പെടുത്തി.

തിരുവള്ളൂർ പഞ്ചായത്തിൽ എൽഡിഎഫ്

തിരുവള്ളൂർ പഞ്ചായത്തിൽ എൽഡിഎഫിൻ്റെ എൽ.വി. രാമകൃഷ്ണൻ പ്രസിഡൻ്റായി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു.

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫിന്

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫിന്. നറുക്കെടുപ്പിൽ സിപിഐ എമ്മിലെ കെവി ബിജു വിജയിച്ചു.

പോത്താനിക്കാട് പഞ്ചായത്ത് എൽഡിഎഫിന്

കോതമംഗലം പോത്താനിക്കാട് പഞ്ചായത്തിൽ LDF-UDF മുന്നണികൾ തുല്യനിലയിലായതോടെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് നറുക്കെടുപ്പ് നടന്നു. എൽഡിഎഫിലെ കെ.പി. ജയിംസും, UDFലെ വിൻസൻ്റ് എബ്രാഹാമും തമ്മിലാണ് മത്സരം നടന്നത്. നറുക്കെടുപ്പിൽ LDF ലെ കെ.പി. ജയിംസ് വിജയിച്ചു.

14 അംഗ ഭരണസമിതിയിൽ LDFന് ഏഴ് അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്രൻ്റെ പിന്തുണയോടെ UDF ഉം ഏഴിലെത്തി. കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ UDFന് മുൻതൂക്കം ലഭിക്കാതെ പോയ ഏകപഞ്ചായത്താണ് പോത്താനിക്കാട്.

ചേന്ദമംഗലം പഞ്ചായത്തിൽ യുഡിഎഫ്

പറവൂർ ചേന്ദമംഗലം പഞ്ചായത്തിൽ യുഡിഎഫ് വിജയിച്ചു. സ്വതന്ത്രൻ യുഡിഎഫിനെ പിന്തുണച്ചു.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫ് ഭരിക്കും

തൃത്താല ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫ് ഭരിക്കും. എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്ക് 8 വീതം സീറ്റുകളാണ് ലഭിച്ചത്. നറുക്കെടുപ്പ് എൽഡിഎഫിനാണ് അനുകൂലമായത്. പി.ആർ. കുഞ്ഞുണ്ണി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകും.

നാരങ്ങാനം പഞ്ചായത്തിൽ ബിജെപി ഭരണം

പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ ബിജെപി ഭരണം. വി.വി. പ്രസാദ് പ്രസിഡൻ്റാകും.

പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത് LDF-IDF സഖ്യത്തിന്

പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത് LDF-IDF സഖ്യത്തിന്. ഭരണത്തിലെത്തിയത് CPIM വിമതയുടെ പിന്തുണയിൽ. CPIMൻ്റെ പ്രമോദിന് 9 വോട്ട് ലഭിച്ചു. അദ്ദേഹം പഞ്ചായത്ത്‌ പ്രസിഡന്റായി.

കൊക്കയാർ പഞ്ചായത്ത്‌ എൽഡിഎഫിന്

കൊക്കയാർ പഞ്ചായത്ത്‌ നറുക്കെടുപ്പിലൂടെ എൽഡിഎഫിന്. ഡി. സുഗുണൻ പ്രസിഡൻ്റായി.

കോറം തികഞ്ഞില്ല; വെങ്ങോല പഞ്ചായത്തിൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് മാറ്റി

കോറം തികയാത്തതിനാൽ എറണാകുളം ജില്ലയിലെ വെങ്ങോല പഞ്ചായത്തിൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് മാറ്റിവച്ചു. എൽഡിഎഫും, 20-20 അംഗങ്ങളും പങ്കെടുത്തില്ല. 24 അംഗങ്ങൾ ഉള്ള വെങ്ങോലയിൽ യുഡിഎഫ് 9, എൽഡിഎഫ് 8, ട്വന്റി ട്വന്റി 6, എസ്ഡിപിഐ 1 എന്നിങ്ങനെയാണ് കക്ഷി നില. ഇതിൽ യുഡിഎഫിന്റെയും എസ്ഡിപിഐയുടെയും അംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. ഉച്ചകഴിഞ്ഞ് നടക്കുന്ന വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിലും സമാനമായ സ്ഥിതി ഉണ്ടാകാനാണ് സാധ്യത. പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റിവെച്ചു

കുമരകം പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ യുഡിഎഫ് സ്വതന്ത്രൻ പ്രസിഡൻ്റ്

കുമരകം പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ യുഡിഎഫ് സ്വതന്ത്രൻ പ്രസിഡൻ്റ്. പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ബിജെപി യുഡിഎഫിൻ്റെ സ്വതന്ത്രനെ പിന്തുണച്ചു. നറുക്കെടുപ്പിലൂടെ ആണ് പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്.

ആകെ അംഗം- 16

  • LDF - 8

  • UDF- 5 (ഒരു സ്വതന്ത്രൻ ഉൾപ്പെടെ)

  • BJP-3

മണക്കാട് പഞ്ചായത്ത് എൽഡിഎഫിന്

നറുക്കെടുപ്പിൽ ഇടുക്കി മണക്കാട് പഞ്ചായത്ത് എൽഡിഎഫിന്. എൻ. ഈശ്വരൻ പഞ്ചായത്ത് പ്രസിഡൻ്റാകും.

നിരണത്ത് യുഡിഎഫ്

നിരണത്ത് യുഡിഎഫിന് അധികാരം. സ്വതന്ത്രന്മാരുടെ പിന്തുണയിൽ യുഡിഎഫ് അധികാരം പിടിച്ചു. ജോളി ഈപ്പനാണ് പ്രസിഡന്റ്. രണ്ട് സ്വതന്ത്രന്മാരും യുഡിഎഫിന് പിന്തുണ നൽകി.

കോട്ടാങ്ങലിൽ യുഡിഎഫിന് 3 എ‌സ്‌ഡിപിഐ അംഗങ്ങളുടെ പിന്തുണ

കോട്ടാങ്ങൽ പഞ്ചായത്തിൽ എ‌സ്‌ഡിപിഐയുടെ പിന്തുണ യുഡിഎഫിന്. 3 എ‌സ്‌ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെ 8 വോട്ട് യുഡിഎഫിന് ലഭിച്ചു. ബിജെപിക്ക് അഞ്ച് വോട്ടുകളും ലഭിച്ചു. കെ.വി. ശ്രീദേവിയാണ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് അംഗം രാജിവെക്കാൻ സാധ്യതയുണ്ട്.

ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2.30ന്

ഉപാധ്യക്ഷ സ്ഥാനത്തേക്ക് ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്കാണ് തെരഞ്ഞെടുപ്പ്. മുന്നണികൾ കേവല ഭൂരിപക്ഷം നേടാത്ത പല തദ്ദേശ സ്ഥാപനങ്ങളിലും സ്വതന്ത്രരുടേയും വിമതരുടെയും നിലപാടുകൾ നിർണായകമാണ്. സമനിലയുണ്ടായാൽ നറുക്കെടുപ്പും മറ്റു നാടകീയതകളും സംഭവിക്കാം.

മണക്കാട് പഞ്ചായത്ത് എൽഡിഎഫിന്

നറുക്കെടുപ്പിൽ ഇടുക്കി മണക്കാട് പഞ്ചായത്ത് എൽഡിഎഫിന്. എൽഡിഎഫ് സ്വതന്ത്ര വത്സ ജോൺ പഞ്ചായത്ത് പ്രസിഡന്റ് ആകും.

കോട്ടാങ്ങൽ പഞ്ചായത്തിൽ എ‌സ്‌ഡിപിഐ യുഡിഎഫിനെ പിന്തുണയ്ക്കും

പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിൽ എ‌സ്‌ഡിപിഐ യുഡിഎഫിനെ പിന്തുണയ്ക്കും. ബിജെപിയെ ഒഴിവാക്കാനുള്ള പിന്തുണയെന്ന് എ‌സ്‌ഡിപിഐ. എ‌സ്‌ഡിപിഐ പിന്തുണയിൽ അധികാരം വേണ്ടെന്ന് യുഡിഎഫ്. ജയിച്ചാൽ തൊട്ടുപിന്നാലെ രാജിവയ്ക്കും. യുഡിഎഫിനും ബിജെപിക്കും അഞ്ചു വീതം അംഗങ്ങളുള്ള പഞ്ചായത്തിൽ എസ്ഡിപിഐക്ക് മൂന്നു പ്രതിനിധികൾ ഉണ്ട്, എൽഡിഎഫിന് ഒരാളും.

കഴിഞ്ഞ തവണ എ‌സ്‌ഡിപിഐ പിന്തുണയിലാണ് എൽഡിഎഫ് പഞ്ചായത്ത് ഭരിച്ചിരുന്നത്. പത്തനംതിട്ട ജില്ലയിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത്, നാരങ്ങാനം, കവിയൂർ, ചിറ്റാർ പഞ്ചായത്തുകളിൽ നറുക്കെടുപ്പിലൂടെയാണ് അധ്യക്ഷ തെരഞ്ഞെടുപ്പ്. തിരുവല്ല നിരണം പഞ്ചായത്തിൽ സ്വതന്ത്രന്മാർ അധികാരം തീരുമാനിക്കും.

കെ.ജി. രാധാകൃഷ്ണൻ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി കെ.ജി. രാധാകൃഷ്ണൻ. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

വി. പ്രിയദർശനി തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ്

വി. പ്രിയദർശനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്. 15 വോട്ടുകളാണ് അവർക്ക് ലഭിച്ചത്.

കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്

കാസർഗോഡ് ജില്ലാ പഞ്ചായത്തിലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ യുഡിഎഫ് അംഗം വൈകി. മഞ്ചേശ്വരം ഡിവിഷൻ അംഗം ഇർഫാന ഇഖ്ബാൽ ആണ് വൈകിയത്. സമയത്ത് എത്താത്തതിനാൽ വോട്ടെടുപ്പിൽ പങ്കെടുക്കാനായില്ല.

കണ്ണൂർ മുണ്ടേരി പഞ്ചായത്ത്‌ ഭരണം യുഡിഎഫിന്

മറ്റത്തൂരിൽ നാടകീയ സംഭവം

മറ്റത്തൂർ പഞ്ചായത്തിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിൻ്റെ 8 വാർഡ് മെമ്പർമാർ കോൺഗ്രസിൽ നിന്ന് രാജിവച്ചു. വിമതരെ പാർട്ടിയിൽ തിരിച്ചെടുത്തതിന് പിന്നാലെയാണ് നിലവിലെ വാർഡ് മെമ്പർമാരുടെ രാജി.

മറ്റത്തൂരിൽ കോൺഗ്രസ്-ബിജെപി സഖ്യം?

മറ്റത്തൂരിൽ ഭരണം പിടിച്ച് കോൺഗ്രസ്-ബിജെപി സഖ്യം. കോൺഗ്രസ് വിമതയായി ജയിച്ച ടെസിയെ മുന്നിൽ നിർത്തി ഭരണം പിടിക്കാനാണ് നീക്കം. കോൺഗ്രസിന്റെ എട്ടു മെമ്പർമാർ പാർട്ടിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് നാടകീയ നീക്കം. മറ്റത്തൂരിൽ എൽഡിഎഫിന് പത്തും യുഡിഎഫിന് എട്ടും രണ്ട് കോൺഗ്രസിൽ വിമതരും വിജയിച്ചിരുന്നു.

പലയിടത്തും അട്ടിമറി നീക്കങ്ങൾ

ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാരെ കണ്ടെത്തുന്നതിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പലയിടത്തും അട്ടിമറികളുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് പിന്നാലെ തുല്യത പാലിച്ചിരുന്ന നിരവധി പഞ്ചായത്തുകളിലെ ഭരണം ആര് നിലനിർത്തുമെന്ന സംശയത്തിലായിരുന്നു ജനങ്ങൾ.

SCROLL FOR NEXT