സംസ്ഥാനത്ത് അതിശക്ത മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് വരുന്ന അഞ്ച് ദിവസം മഴ തുടരും.
അതിരപ്പിള്ളിയില്‍ മലവെള്ളപ്പാച്ചില്‍, വാച്ചുമരത്ത് തോട് കരകവിഞ്ഞൊഴുകി. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് നിരവധി വാഹനങ്ങളാണ് വനത്തില്‍ കുടുങ്ങിയത്. ഏറെ വൈകിയാണ് വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങിയത്
അതിരപ്പിള്ളിയിൽ ഇന്ന് ഓറഞ്ച് അലേർട്ട്. അതിരപ്പിള്ളി - വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്ന് അടച്ചിടും
മൂന്നാർ ഗ്യാപ് റോഡ് വഴി രാത്രിയാത്ര നിരോധനം തുടരുന്നു. ജില്ലയിലെ ഖനന പ്രവർത്തനങ്ങൾക്ക് ബുധനാഴ്ച വരെ നിരോധനം.
കനത്ത മഴയിൽ കരുവാരകുണ്ടിൽ രാത്രി മലവെള്ളപാച്ചിൽ. ഒലിപ്പുഴ കരകവിഞ്ഞൊഴുകി. ചിറക്കൽ കുണ്ട് ഭാഗത്ത് ചില വീടുകളിൽ വെള്ളം കയറി. മലപ്പുറത്ത് നിലവിൽ മഴയ്ക്ക് ശമനം.
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു. 81 വയസായിരുന്നു. ജാർഖണ്ഡ് മുക്തി മോർച്ച പാർട്ടി സ്ഥാപകനാണ്.
അടൂർ പറഞ്ഞതിൽ ദുരുദ്ദേശമുണ്ടെന്ന് കരുതുന്നില്ലെന്ന് മന്ത്രി വി.എൻ. വാസവൻ. അടൂർ പറഞ്ഞതിനെ വളച്ചൊടിച്ച് വിവാദമാക്കിയതാണ്. ശ്രദ്ധ വേണമെന്നാണ് അടൂർ പറഞ്ഞത്. സർക്കാർ സ്ത്രീകൾക്കും എസ്‌സി-എസ്‌ടി വിഭാഗങ്ങൾക്കും ഒപ്പം തന്നെയാണെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ രണ്ട് മണി വരെ നിർത്തിവെച്ചു. ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിലാണ് സഭയിൽ ബഹളം. പ്രതിപക്ഷ എംപിമാർ മുദ്രാവാക്യങ്ങളുമായി സഭയുടെ നടുത്തളത്തിലിറങ്ങി.
ധർമ്മസ്ഥലയിൽ ഇന്നും പ്രത്യേകാന്വേഷണ സംഘത്തിൻ്റെ നേതൃത്വത്തിൽ തെരച്ചിൽ പുനരാരംഭിച്ചു. ആദ്യം കുഴിച്ച് പരിശോധിക്കുക പതിനൊന്നാം പോയിൻ്റിലാണ്. സാക്ഷി അന്വേഷണ സംഘത്തിനൊപ്പമുണ്ട്.
അടൂരിനെ തള്ളി സ്പീക്കർ എ.എൻ. ഷംസീർ. അടൂർ ഗോപാലകൃഷ്ണനെ പോലൊരാളിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണ് ഉണ്ടായതെന്നും സ്പീക്കർ പറഞ്ഞു.
പൊലീസ് കാവലിൽ കൊടി സുനി മദ്യപിച്ച സംഭവത്തിലും സ്പീക്കർ പ്രതികരിച്ചു. "ഇത്തരം സംഭവങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടരുത്. ജയിൽ ചട്ടങ്ങൾ ലംഘിച്ചവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്," എ.എൻ. ഷംസീർ പറഞ്ഞു.
വിവാദങ്ങൾക്ക് മറുപടിയുമായി അടൂർ ഗോപാലകൃഷ്ണൻ. "പട്ടികജാതി/ പട്ടികവിഭാഗം സിനിമാ സംവിധായകരുടേയും സ്ത്രീകളുടേയും ഉന്നമനമാണ് എൻ്റേയും ലക്ഷ്യം. പഠിച്ച് വേണം സിനിമയെടുക്കാൻ. സാങ്കേതിക പരിശീലനം വേണമെന്ന് ആവശ്യപ്പെട്ടത് ആ നിലയ്ക്കാണ്," അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
ജെയ്‌നമ്മ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി സെബാസ്റ്റ്യനെ ചേര്‍ത്തല പള്ളിപ്പുറത്തെ വീട്ടിലെത്തിച്ചു. ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് ആരംഭിച്ചു.
കുഴിയെടുത്ത് പരിശോധിക്കാന്‍ മണ്ണുമാന്തി യന്ത്രം എത്തിച്ചു. പറമ്പിലെ കുളങ്ങളും കിണറും വറ്റിച്ച് പരിശോധിക്കാന്‍ അഗ്നിശമന സേനയും സ്ഥലത്ത്.
ടി.പി. കേസിലെ ഒന്നാം പ്രതി ടി.കെ. രജീഷിന് പരോൾ. 15 ദിവസത്തേക്കാണ് പരോൾ. രണ്ട് ദിവസം മുൻപ് രജീഷ് പുറത്തിറങ്ങി. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രവേശിക്കരുതെന്ന് ഉപാധി. ആദ്യമായാണ് രജീഷിന് പരോൾ ലഭിക്കുന്നത്.
ടി.കെ. രജീഷിന് പരോൾ നൽകിയത് നിയമാനുസൃതമാണെന്നും ഇൻ്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തതെന്നും സിപിഐഎം നേതാവ് പി. ജയരാജൻ പ്രതികരിച്ചു.
വിമാനത്തിൽ പാറ്റയെ കണ്ട സംഭവത്തിൽ വിശദീകരണവുമായി എയർ ഇന്ത്യ. യാത്രക്കാർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിൽ ഖേദം രേഖപ്പെടുത്തുന്നതായും വിമാനം കൊൽക്കത്തയിലിറക്കി പരിശോധന നടത്തി വൃത്തിയാക്കിയെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
എയർ ഇന്ത്യ വിമാനം നിലത്തിറക്കുമ്പോൾ ചെറുപ്രാണികൾ വിമാനത്തിൽ കയറാമെന്നും പാറ്റയെ കണ്ടയുടൻ യാത്രക്കാരെ സീറ്റ് മാറ്റിയിരുത്തിയെന്നും അവർ വിശദീകരിച്ചു. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് പാറ്റയെ കണ്ടത്. പാറ്റയെ കണ്ട സംഭവത്തിൽ അന്വേഷണം നടത്തുമെന്നും എയർ ഇന്ത്യ അറിയിച്ചു.
കന്യാസ്ത്രീമാർ കുറ്റം ചെയ്തിട്ടുണ്ടോയെന്ന് ബിജെപിക്ക് അറിയില്ലെന്ന് ജനറൽ സെക്രട്ടറി എസ്. സുരേഷ്. കേസിൻ്റെ മെറിറ്റിലേക്ക് കടന്നിട്ടില്ല. അവരെ എത്രയും വേഗം ജയിലിന് പുറത്തെത്തിക്കണമെന്നത് മാത്രമായിരുന്നു ലക്ഷ്യം. പ്രോസിക്യൂഷനെ ബിജെപി കാര്യങ്ങൾ ധരിപ്പിക്കുകയായിരുന്നു. കന്യാസ്ത്രീകൾ കുറ്റക്കാരല്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞത് നിഷ്കളങ്കമായാണ്. ക്രൈസ്തവ സഭകളുടെ അഭ്യർത്ഥന പരിഗണിച്ചാണ് ബിജെപി വിഷയത്തിൽ ഇടപെട്ടതും കന്യാസ്ത്രീകളെ പുറത്തിറക്കിയതെന്നും എസ്. സുരേഷ് പറഞ്ഞു.
സെബാസ്റ്റ്യൻ്റെ വീടിന് പുറകുവശത്തെടുത്ത കുഴിയിൽ അസ്ഥി കഷ്ണങ്ങൾ ഉണ്ടെന്ന് സംശയം. അസ്ഥികഷ്ണമെന്ന് സംശയിക്കുന്ന വസ്തുക്കൾ കുഴിയിൽ നിന്ന് കണ്ടെത്തി. ജെയ്‌നമ്മ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പ്രതി സെബാസ്റ്റ്യനെ ചേര്‍ത്തല പള്ളിപ്പുറത്തെ വീട്ടിലെത്തിച്ചു.
രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത് സിന്‍ഡിക്കറ്റിൻ്റെ അധികാരം പ്രയോഗിച്ചാണെന്നും സസ്‌പെന്‍ഷന്‍ വിവരം സിന്‍ഡിക്കറ്റിനെ അറിയിച്ചാല്‍ വിസിയുടെ ഉത്തരവാദിത്തം പൂര്‍ത്തിയായെന്നും കേരള സർവകലാശാല വിസിയെ വിമർശിച്ച് ഹൈക്കോടതി.
ഡോ. കെഎസ് അനില്‍ കുമാറിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത് എന്ത് അധികാരം ഉപയോഗിച്ചാണെന്നും കോടതി ചോദിച്ചു.
"സിന്‍ഡിക്കറ്റിന് മുകളിലാണ് വിസിയുടെ അധികാരം എന്നാണോ കരുതുന്നത്? സിന്‍ഡിക്കറ്റിന് വേണ്ടിയല്ലേ വിസി സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറക്കേണ്ടത്? രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ സിന്‍ഡിക്കറ്റ് റദ്ദാക്കിയാല്‍ എല്ലാം അവസാനിച്ചുവല്ലോ? മറ്റ് കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സിന്‍ഡിക്കറ്റിന്റെ അധികാരമാണ്. ഈ വിഷയം മാറ്റി നിര്‍ത്തിയാല്‍ രജിസ്ട്രാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്ല മാതൃകയാണ്," ഹൈക്കോടതി നിരീക്ഷിച്ചു.
സെബാസ്റ്റ്യൻ്റെ വീട്ടുപരിസരത്ത് നിന്ന് വീണ്ടും അസ്ഥികഷ്ണങ്ങൾ കണ്ടെത്തി. ഇരുപതോളം അസ്ഥി കഷ്ണങ്ങളാണ് തിങ്കളാഴ്ച ഉച്ചയോടെ കണ്ടെടുത്തത്. അതേസമയം, ചോദ്യം ചെയ്യലിനോട് പ്രതി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.
സെബാസ്റ്റ്യൻ്റെ വീട്ടിലെ തെളിവെടുപ്പിൽ കൊന്തയും വസ്ത്രങ്ങളും കണ്ടെത്തി.വെള്ളം വറ്റിച്ച കുളത്തിൽ നിന്ന് രണ്ട് വസ്ത്രങ്ങൾ കണ്ടെത്തി. കെഡാവർ നായയെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കൊന്ത കണ്ടെത്തിയത്.
ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ജയിൽ വകുപ്പ് മേധാവിയോട് ലോകായുക്ത റിപ്പോർട്ട് തേടി. ജയിൽ ചാട്ടത്തെ തുടർന്ന് സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നും നിർദേശം നൽകി. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ജയിൽ വകുപ്പ് മേധാവി, ഡെപ്യൂട്ടി ഇൻസ്പെക്ടർ ഓഫ് പ്രിസൺസ് (കോഴിക്കോട്), കണ്ണൂർ ജയിൽ സൂപ്രണ്ട് എന്നിവർക്ക് ലോകായുക്തയുടെ നോട്ടീസ്. പൊതുപ്രവർത്തകനായ പായിച്ചിറ നവാസ് നൽകിയ പരാതിയിലാണ് നടപടി
ആലപ്പുഴ മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു. രണ്ട് തൊഴിലാളികളെ അച്ചൻകോവിലാറിൽ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി ചെന്നിത്തല പഞ്ചായത്തിനെയും ചെട്ടിക്കുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലം നിർമാണം നടക്കവെ ഗർഡർ ഇടിഞ്ഞു വീഴുകയായിരുന്നു
നാടൻ കലാ രംഗത്ത് സമഗ്ര സംഭാവന നൽകിയ വ്യക്തികൾക്ക് കേരള സർക്കാർ സാംസ്കാരിക വകുപ്പ് നൽകുന്ന പി.കെ. കാളൻ പുരസ്കാരത്തിന് പ്രശസ്ത തെയ്യം കലാകാരൻ അതിയടം കുഞ്ഞിരാമപെരുവണ്ണാനെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. കേരള ഫോക് ലോർ അക്കാദമി ചെയർമാനും ഗദ്ദിക കലാകാരനുമായിരുന്ന പി.കെ. കാളന്റെ സ്മരണാർത്ഥമാണ് ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം നൽകിവരുന്നത്.
ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിൽ നിന്ന് വിജയം തട്ടിയെടുത്ത് ശുഭ്മാൻ ഗില്ലിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ യുവനിര. അവസാന ദിവസം 35 റൺസ് വിജയലക്ഷ്യവുമായാണ് ഇംഗ്ലണ്ട് താരങ്ങൾ കളത്തിലിറങ്ങിയത്. എന്നാൽ ആറ് റൺസിൻ്റെ അവിശ്വസനീയ വിജയമാണ് ഇന്ത്യ നേടിയത്.
ആലപ്പുഴ ജില്ലയിലെ കീച്ചേരിക്കടവ് പാലം നിർമാണത്തിനിടെ ഉണ്ടായ അപകടം അത്യന്തം ദു:ഖകരമാണ്. സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തുവാൻ പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. റിപ്പോർട്ട് പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നിർമാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പിൽ സാന്ദ്രാ തോമസിന് തിരിച്ചടി. സൂക്ഷമപരിശോധനയിൽ പത്രിക തള്ളി. തടസവാദം മൂന്ന് സിനിമകൾ നിർമിച്ചെന്ന രേഖ ഹാജരാക്കത്തതിൻ്റെ പേരിൽ. KFPA ഓഫീസിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. ബൈലോ പ്രകാരം അത്തരം വ്യവസ്ഥ ഇല്ലെന്ന് സാന്ദ്ര.
എസ്‌സി എസ്‌ടി വിഭാഗങ്ങളുടെ അവകാശങ്ങൾക്കെതിരെയുള്ള പരാമർശങ്ങൾ വേണ്ട, അടൂർ തിരുത്തണമെന്ന് മന്ത്രി ഒ. ആർ കേളു. സിനിമാ കോൺക്ലേവിലെ വിവാദ പരാമർശത്തിലാണ് മന്ത്രിയുടെ പ്രതികരണം.
സ്ത്രീ തിരോധാന കേസുകളിൽ സെബാസ്റ്റ്യന് എതിരെ കൂടുതൽ തെളിവുകൾ. ചേർത്തലയിലെ വീട്ടുവളപ്പിൽ നടത്തിയ തെളിവെടുപ്പിൽ ഇരുപതോളം അസ്ഥി കഷണങ്ങളും തലയോട്ടിക്ക് സമാനമായ വസ്തുവും കിട്ടി. സെബാസ്റ്റ്യന്റെ വീട്ടിലെ മുറിയിൽ പുതുതായി പാകിയ ഗ്രാനൈറ്റ് മുഴുവനായും പൊളിച്ചു പരിശോധിച്ചു മണ്ണ് മുഴുവൻ നീക്കിയിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. കുളം വറ്റിച്ചപ്പോൾ കിട്ടിയത് സ്ത്രീകളുടെ രണ്ട് വസ്ത്രങ്ങൾ. കെഡാവർ നായ കണ്ടെത്തിയത് ഒരു കൊന്ത.
തിരുവനന്തപുരത്ത് അനധികൃതമായി കടത്തിയ 2400 ലിറ്റർ മണ്ണെണ്ണ പിടികൂടി. വിഴിഞ്ഞം ഉച്ചക്കടക്ക് സമീപത്തു നിന്നുമാണ് പിക്കപ്പ് വാനിൽ നിന്നും മണ്ണെണ്ണ പിടികൂടിയത്. എക്സൈസ് സംഘത്തെ വെട്ടിച്ചു കിടന്ന വാഹനം പിന്നീട് ഉപേക്ഷിക്കപ്പെട്ട ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ 69 കന്നാസുകളിലായി 200400 ലിറ്റർ മണ്ണെണ്ണ കണ്ടെത്തി. ബോട്ട് ഉടമകൾക്ക് വിൽക്കാനായി എത്തിച്ചതായിരുന്നു മണ്ണെണ്ണ.
വിവാദ പരാമർശത്തിൽ അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ നിയമോപദേശം തേടി പൊലീസ്
മുന്‍ എം.എല്‍.എ പി.വി. അൻവറിനെതിരായ ടെലിഫോണ്‍ ചോര്‍ത്തലില്‍ കേസെടുത്ത് മലപ്പുറം പൊലീസ്. തന്റെ ഫോൺ അൻവർ ചോർത്തി എന്ന് കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രൻ്റെ പരാതിയിലാണ് കേസടുത്തത്. മുരുകേഷിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.
തിരുവനന്തപുരം കഴക്കൂട്ടത്ത് മദ്യലഹരിയിൽ അച്ഛൻ മകൻ്റെ കഴുത്തിനു വെട്ടി. കഴക്കൂട്ടം കീഴാവൂർ സെസൈറ്റി ജംഗ്ഷനിൽ വിനീതിനെയാണ് അച്ഛൻ വിജയൻ നായർ മദ്യലഹരിയിൽ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ വിനീതിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പൂജപ്പുര സ്പെഷ്യൽ സബ് ജയിലിൽ നിന്ന് മൂന്ന് പാക്കറ്റ് കഞ്ചാവ് കണ്ടെത്തി. ജയിൽ അധികൃതരുടെ പരാതിയിൽ പൂജപ്പുര പൊലീസ് അന്വേഷണം തുടങ്ങി. ജയിൽ ഗ്രൗണ്ടിന് അടുത്താണ് പൊതികൾ കണ്ടത്.
സൂരജ് വധക്കേസിലെ പ്രതി പി. എം. മനോരാജിൻ്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകി. ജീവപര്യന്തം തടവും പിഴയും ആയിരുന്നു ശിക്ഷ. കേസിലെ രണ്ടാം പ്രതിയുടെ കുറ്റസമ്മതം മൊഴിപ്രകാരമായിരുന്നു മനോരാജിനെ ശിക്ഷിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരനാണ് മനോരാജ്.
തദ്ദേശസ്വയംഭരണ വകുപ്പിൽ 283 ഓഫീസ് അറ്റൻഡ് തസ്തികകൾ വെട്ടിചുരുക്കി സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്തെ വിവിധ കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിളുമായി ഒഴിവ് വന്ന ഓഫീസ് അറ്റന്റഡ് തസ്തികകളാണ് നിർത്തലാക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് തസ്തികകൾ നിർത്തലാക്കുന്നത്.