യുഎസ് ഇന്ത്യക്കുമേൽ പ്രഖ്യാപിച്ച 50 ശതമാനം അധിക തീരുവ പ്രാബല്യത്തിൽ. ഇതോടെ യുഎസിലേക്കുള്ള ഇന്ത്യയുടെ 66 ശതമാനം കയറ്റുമതിക്ക് വൻ തിരിച്ചടിക്കുള്ള സാധ്യതയുണ്ട്. രാജ്യത്തിന് മേലുള്ള സാമ്പത്തിക സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന നിലപാടിൽ ഇന്ത്യ അറിയിച്ചു.
ജമ്മുകശ്മിരിനെ വീണ്ടും നടുക്കി മിന്നൽ പ്രളയത്തിൽ 13 പേർക്ക് ദാരുണാന്ത്യം. മരിച്ചതിൽ 9 പേർ വൈഷ്ണോദേവി ക്ഷേത്ര ദർശനത്തിന് പോയ തീർഥാടകരും ഉൾപ്പെടുന്നു. 3500ലധികം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. പഞ്ചാബിലും പ്രളയ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
താമരശേരി ചുരത്തിലെ ഗതാഗത നിരോധനം തുടരുന്നു. ഏഴ് മണിയോടെ റോഡിലേക്ക് ഇടിഞ്ഞുവീണ കല്ലും മണ്ണും നീക്കാനുള്ള നടപടികൾ ആരംഭിക്കും. വാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരങ്ങൾ വഴി പോകണമെന്ന് അധികൃതർ നിർദേശിച്ചു.
തിരുവനന്തപുരം പള്ളിത്തുറയിൽ ബോട്ടപകടം; ഒരാൾക്ക് പരിക്ക്. പള്ളിത്തുറ സ്വദേശി സേവ്യറിനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയാണ് സംഭവം. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. കാലിന് പരിക്കേറ്റ സേവ്യറിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ആശാ സമരത്തിൽ മന്ത്രിക്ക് പഠനസമിതി റിപ്പോർട്ട് സമർപ്പിച്ചു. വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാറാണ് മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. വേതന പരിഷ്കരണം അടക്കം ശുപാർശയിൽ ഉണ്ടെന്ന് സൂചന.
കോഴിക്കോട് വിജിൽ നരഹത്യ കേസിൽ പ്രതികളുമായി തെളിവെടുപ്പ് ഇന്നും തുടരും. ഇന്ന് സരോവരത്ത് മണ്ണ് നീക്കി പരിശോധന നടത്തും. കഴിഞ്ഞ ദിവസം വിജിലിൻ്റെ ബൈക്ക് കല്ലായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും കണ്ടെത്തിയിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിലും പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്കയിൽ കോൺഗ്രസ്. ഭവന സന്ദർശന പരിപാടി വഴി വിശദീകരണം നൽകാനാണ് നിലവിലെ നീക്കം. അതേസമയം, മാങ്കൂട്ടത്തിലിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് ഒഴിവാക്കിയ കാര്യം വ്യക്തമാക്കി കോൺഗ്രസ് ഉടൻ സ്പീക്കർക്ക് കത്ത് നൽകും.
യുവ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസിൽ റാപ്പർ വേടൻ്റെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നാണ് വേടൻ്റെ വാദം. രണ്ട് വർഷം മുൻപ് നടന്ന സംഭവത്തിൽ പരാതി നൽകാൻ വൈകിയത് വിഷാദം മൂലമെന്ന് പരാതിക്കാരി അറിയിച്ചു.
തിരുവനന്തപുരം ആര്യനാട് ജീവനൊടുക്കിയ യുഡിഎഫ് പഞ്ചായത്ത് അംഗം ശ്രീജയുടെ സംസ്കാരം ഇന്ന്. രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും.
ഗാസയിലെ കൂട്ടക്കുരുതിയിൽ റോയിട്ടേഴ്സിൽ നിന്ന് രാജിവച്ച് മാധ്യമപ്രവർത്തക. ഗാസയിലെ കൂട്ടക്കൊലയിൽ വാർത്താ ഏജൻസിക്കും പങ്കുണ്ടെന്ന് ആരോപിച്ചാണ് മാധ്യമപ്രവർത്തക വലേരി സിങ്ക് രാജിവച്ചത്. അക്രമത്തെ ന്യായീകരിക്കുന്ന സ്ഥാപനത്തിൽ തുടരില്ലെന്ന് തുറന്നടിച്ച് വലേരി ഫേസ്‌ബുക്കിൽ പോസ്റ്റ് പങ്കുവച്ചു.
താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലിനെ തുടർന്ന് പാറ പൊട്ടിച്ച് മാറ്റാനുള്ള ശ്രം ആരംഭിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് ചുരം റോഡ് പൂർണമായി അടച്ചിരുന്നു. ഇതോടെ കോഴിക്കോട് ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുറ്റ്യാടി വഴിയും, മലപ്പുറം ഭാഗത്ത് നിന്നും വയനാട്ടിലേക്ക് പോകുന്ന വാഹനങ്ങൾ നിലമ്പൂർ നാടുകാണി ചുരം വഴിയും തിരിഞ്ഞു പോകണമെന്ന നിർദേശം നൽകിയിരുന്നു.
സംസ്ഥാനത്ത് ഭിന്നശേഷി സംവരണം അട്ടിമറിക്കുന്നതായി കണ്ടെത്തൽ. മെഡിക്കൽ ബോർഡിനെ സ്വാധീനിച്ച് ഭിന്നശേഷി വ്യാജ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയാണ് തട്ടിപ്പ് നടക്കുന്നത്. അർഹരായ നൂറ് കണക്കിനാളുകൾക്ക് ലഭിക്കേണ്ട ജോലിയാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന തട്ടിപ്പിലൂടെ വ്യാജമാർ സ്വന്തമാക്കുന്നത്. തട്ടിപ്പ് സംബന്ധിച്ച നിർണായക വിവരങ്ങൾ ന്യൂസ് മലയാളം പുറത്തുവിട്ടു.
ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശത്തിൽ അധ്യാപികയ്‌ക്കെതിരെ കേസ്. പെരുമ്പിലാവ് കല്ലുംപുറം സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപിക ഖദീജക്ക് എതിരെ ആണ് കേസെടുത്തത്. മതസ്പർധ വളർത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. വർഗീയ പരാമർശത്തിൽ പ്രതിഷേധിച്ച് ഇന്ന് സ്കൂളിലേക്ക് ഡിവൈഎഫ്ഐ കടവല്ലൂർ വെസ്റ്റ് മേഖലാ കമ്മിറ്റി മാർച്ച് നടത്തും.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവാൻ രാഹുൽ മാങ്കൂട്ടത്തിലിന് നിർദേശം.
ശനിയാഴ്ച ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകണമെന്നറിച്ച് കൊണ്ടുള്ള നോട്ടീസ് രാഹുലിന് കൈമാറി. കേസിൽ മൂന്നാം പ്രതി അഭി വിക്രത്തിൻ്റെ വോയിസ് ചാറ്റ് തിരിച്ചെടുത്തിരുന്നു. അതിൽ രാഹുലിൻ്റെ പേര് പരാമർശിക്കുന്നുണ്ട്. ഇതേ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ രാഹുലിന് നിർദേശം നൽകിയത്.
ചെന്നൈ- കൊച്ചി സ്പൈസ് ജെറ്റ് വിമാനം ക്യാൻസൽ ചെയ്തു. അഞ്ചേ കാലിന് ചെന്നൈയിൽ നിന്നും പുറപ്പെടേണ്ട വിമാനം ആയിരുന്നു ക്യാൻസൽ ചെയ്തത്. ചെക്കിങ് എല്ലാം പൂർത്തിയാക്കിയതിനുശേഷം ആണ് വിമാനം ക്യാൻസൽ ചെയ്തതായി യാത്രക്കാരെ അറിയിക്കുന്നത്. വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധിച്ചു.
കോഴിക്കോട് നടുവണ്ണൂരില്‍ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികൻ മരിച്ചു. നടുവണ്ണൂര്‍ സ്വദേശി നൊച്ചോട്ട് മുരളി (55)യാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ നടുവണ്ണൂര്‍ തെരുവത്ത് കടവിൽ വെച്ചായിരുന്നു അപകടം. സ്‌കൂട്ടര്‍ മുൻപിലുള്ള വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽ ഇടിക്കുകയായിരുന്നു.
നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ പുതിയ പൊലീസ് കേസ്. ടിവികെ സമ്മേളനത്തിനിടെ താരത്തിനൊപ്പമുള്ള ബൗണ്‍സേഴ്സ് മോശമായി പെരുമാറുകയും മര്‍ദിക്കുകയും ചെയ്തുവെന്ന് കാണിച്ചാണ് ഒരു വളണ്ടിയർ പരാതി നൽകിയത്. വിജയ് ഉൾപ്പെടെ 10 പേർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
ദേശീയ പാത 544 ൽ ത്യശൂർ ആമ്പല്ലൂരിൽ ഉണ്ടായ അപകടത്തിൽ ലോറികൾക്കിടയിൽപ്പെട്ട് തട്ടി ചുമട്ടുതൊഴിലാളിക്ക് ഭാരുണാന്ത്യം. വരന്തരപ്പിള്ളി സ്വദേശി കെ.വി സുധീഷാണ് (44) മരിച്ചത്. ആമ്പല്ലൂർ ദേശീയപാതയിൽ ഗോകുലം ഹോട്ടലിന് സമീപം രാവിലെ 7.45 ഓടെയാണ് അപകടം ഉണ്ടായത്.
മലപ്പുറം ബീരഞ്ചിറയിൽ തെരുവുനായ കുറുകെ ചാടിയതിനാൽ സ്കൂട്ടർ യാത്രികർ തെറിച്ചുവീണു. പുറത്തൂർ സ്വദേശികളായ മുഹാസ്, അബ്ദുൽസലാം എന്നിവർക്കാണ് പരിക്കേറ്റത്. നായ കുറുകെ ചാടിയതോടെ സ്കൂട്ടർ മറിയുകയിരുന്നു. യുവാക്കളെ കോട്ടക്കലിലെ അശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുതിയ നീക്കവുമായി കേരള വിസി മോഹനൻ കുന്നുമ്മൽ. രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പന് കൂടുതൽ സ്റ്റാഫിനെ അനുവദിച്ചു. ഉത്തരവുകൾ പൂർണമായും മിനി കാപ്പനെ ഏൽപ്പിക്കാനും നിർദേശം നൽകി. രജിസ്ട്രാർ കെ. എസ്. അനിൽകുമാറിൻ്റെ ഹർജിയിൽ കോടതി വിധി പറയാൻ ഇരിക്കെയാണ് വിസിയുടെ പുതിയ നീക്കം.
ഓണം ഹിന്ദുക്കളുടേതെന്ന പരാമർശത്തിൽ രണ്ട് അധ്യാപികമാർക്ക് സസ്പെൻഷൻ. സ്കൂൾ മാനേജ്മെൻ്റ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. അതോടൊപ്പം സ്കൂളിലെ ഓണാഘോഷം 28ാം തീയതി തന്നെ നടത്തുമെന്ന് സ്കൂൾ മാനേജ്മെൻ്റ് അറിയിച്ചു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതി. യുവതി ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറിന് പരാതി നൽകി.പാർട്ടിയിലെ മുതിർന്ന നേതാക്കളോട് പരാതി പറഞ്ഞിട്ടും പരിഹാരം ഉണ്ടായില്ലെന്ന് പരാതിയിൽ പറയുന്നു. പരാതി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് യുവതിക്ക് മെയിൽ മറുപടി ലഭിച്ചു.
കോടഞ്ചേരി ചെമ്പുകടവിൽ പുലിയിറങ്ങിറങ്ങിയതായി സംശയം. പുലിയുടേത് എന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ചെമ്പുകടവ് പുതിയ പാലത്തിനു സമീപം പാപ്പിനിശ്ശേരി ബെന്നിയുടെ വീട്ടിലെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തും.
തിരുവനന്തപുരത്ത് ആര്യനാട് പഞ്ചായത്തംഗം ശ്രീജ ജീവനൊടുക്കിയതിന് ഉത്തരവാദി സിപിഐഎമ്മാണ് എന്ന് ഡിസിസി പ്രസിഡൻ്റ് എൻ. ശക്തൻ. വ്യക്തിപരമായി ആക്ഷേപിച്ചതിനാലാണ് ശ്രീജ ജീവനൊടുക്കിയത്. ഒരു സ്ത്രീയെന്ന പരിഗണന പോലും കൊടുത്തില്ല. അവർ അതിനു മറുപടി പറഞ്ഞേ തീരൂ. തദ്ദേശതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ആക്രമമായിരുന്നു ഇതെന്നും എൻ.ശക്തൻ പറഞ്ഞു.
കോന്നി മെഡിക്കൽ കോളേജിൽ രോഗിയുമായി മദ്യപിച്ച് ആംബുലൻസ് ഓടിച്ച് എത്തിയ ഡ്രൈവറെ പിടികൂടി. മലയാലപ്പുഴയിൽ നിന്നും രോഗിയുമായി എത്തിയ കിഴക്കുപുറം പള്ളിയുടെ നിയന്ത്രണത്തിലുള്ള സാമൂവൽ മെമ്മോറിയൽ ആംബുലൻസാണ് കോന്നി പൊലീസ് പിടികൂടിയത്. മലയാലപ്പുഴ വടക്കുറം സ്വദേശി ലിജിൻ മോനെയാണ് പിടികൂടിയത്.
തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേടിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് തൃശൂർ ഡിസിസി. തൃശൂർ മണ്ഡലത്തിൽ 193 വോട്ടുകൾ ക്രമക്കേട് നടത്തിയതായി കണ്ടെത്തി.
143 ഐഡി കാർഡിൻ്റ് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സൈറ്റിൽ പോലും ലഭ്യമല്ല. 52 പേർ തൃശൂർ മണ്ഡത്തിന് പുറത്തുള്ളവരാണ്. വോട്ടുവെള്ളയ്ക്കു പിന്നിൽ കുറുവാ സംഘമാണ്. അകത്തും പുറത്തും വോട്ട് കൊള്ളയ്ക്ക് കുറവാസംഘം പ്രവർത്തിക്കുന്നു.
ബലാത്സംഗക്കേസിൽ റാപ്പർ വേടന് മുൻകൂർ ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി വേടന് ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യം നിഷേധിച്ചാഷ അത് നീതി നിഷേധമാകുമെന്ന് പറഞ്ഞുകൊണ്ടാണ് ജാമ്യം അനുവദിച്ചത്.
ആര്യനാട് കോട്ടയ്ക്കകം പഞ്ചായത്ത് അംഗമായ ശ്രീജയെ സിപിഐഎം അപമാനിച്ച് കൊന്നതാണെന്ന് അടൂർ പ്രകാശ് എം പി. കൊലയാളികളെ അറസ്റ്റ് ചെയ്യണം. ശ്രീജയെന്ന ജനപ്രതിനിധിയെ ഇല്ലാതാക്കാനാണ് സിപിഐഎം കള്ള പ്രചരണം നടത്തിയത്. വിഷയത്തിൽ സർക്കാർ കടുത്ത നടപടി സ്വീകരിക്കണം. സ്ത്രീ സംരക്ഷകരെന്ന് കപടമായി അവകാശപ്പെടുന്ന സിപിഐഎം നേതാക്കളാണ്, മറ്റൊരു സ്ത്രീയുടെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും അടൂർ പ്രകാശ് എംപി പറഞ്ഞു.
വി.ഡി.സതീശനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് യുവനടി റിനി ആൻ ജോർജ്. പൊതുഇടങ്ങളിൽ ഇടപെടുമ്പോൾ സ്ത്രീകൾക്ക് ഉണ്ടാകുന്ന ഗുരുതരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനാണ് താൻ ശ്രമിച്ചത്. ഗൂഡാലോചന സിദ്ധാന്തം ഉന്നയിച്ച് അതിലേക്ക് ഏറ്റവും ബഹുമാനത്തോടെ കാണുന്ന നേതാവിനെ ചില കേന്ദ്രങ്ങൾ വലിച്ചിടുന്നത് വലിയ വേദന ഉണ്ടാക്കുന്നുവെന്നും റിനി ആൻ ജോർജ് പറഞ്ഞു.
വേടനെകുറിച്ച് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയവർക്കെതിരെ നടപടി വേണമെന്ന് ബിജെപി സിൻഡിക്കേറ്റ് അംഗം പി. എസ്. ഗോപകുമാർ. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് കത്ത് നൽകി. വേടനെതിരെ സ്ത്രീ പീഡന പരാതികളുടെ പരമ്പരയാണ് ഉയരുന്നത്. സമൂഹം വെറുക്കുന്ന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയെ സംബന്ധിച്ച് പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടത് അപലപനീയമാണ് എന്നും പി. എസ്. ഗോപകുമാർ പറഞ്ഞു.
ഭൂപതിവ് നിയമ ഭേദഗതി കൊണ്ടുവന്നത് ഇടത് സർക്കാരിൻ്റെ വിപ്ലവ കരമായ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിൻ്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം കൂടി ഇതോടെ യാഥാർഥ്യമായി. മലയോര മേഖലയ്ക്ക് സന്തോഷം നൽകുന്ന കാര്യമാണ് ഇതിലൂടെ നടപ്പിലായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുകേശത്തിൻ്റെ പേരിൽ കാന്തപുരം കള്ളം പറയുന്നുവെന്ന് കെഎൻഎം. കാന്തപുരത്തിന്റെ മരണാനന്തരം ഇത് അത്ഭുതസിദ്ധിയായി പ്രചരിപ്പിക്കാനുള്ള കുബുദ്ധിയാണ് നടക്കുന്നത്. മുടിയുടെ പേര് പറഞ്ഞ് വരുമാന കേന്ദ്രമാക്കാനാണ് ശ്രമിക്കുന്നതെന്നും കെഎൻഎം വിമർശിച്ചു.
കുംഭമേളയ്ക്ക് കൊടുത്ത സഹായം പോലും ഓണത്തിന് കേരളത്തിന് നൽകുന്നില്ലെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ. ഒരു മണി അരി പോലും കൂടുതൽ അനുവദിക്കില്ല എന്ന് കേന്ദ്രഭക്ഷ്യ മന്ത്രി അറിയിച്ചിരുന്നു. നെൽ കർഷകർക്ക് ഇനി 345 കോടി രൂപ കൂടി നൽകാനുണ്ട്. ഒരു രൂപ പോലും കേന്ദ്രം നൽകിയിട്ടില്ല.
ഇപ്പോൾ ജനങ്ങൾക്ക് നൽകുന്നത് മോദിയുടെ അരി അല്ല. ഭക്ഷ്യ ഭദ്രത നിയമപ്രകാരം ജനങ്ങൾക്ക് സൗജന്യമായി നൽകുന്ന റേഷൻ ആണിത്. രാജ്യത്ത് എല്ലാവർക്കും സൗജന്യമായി അരി നൽകാൻ മാത്രം ധനികനാണോ ഇന്ത്യയുടെ പ്രധാനമന്ത്രിയെന്നും ജി. ആർ. അനിൽ ചോദ്യമുന്നയിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കാര്യത്തിൽ മുഖ്യമന്ത്രി തന്ന ഉപദേശത്തിന് നന്ദിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എൻ്റെ നേരെ ചൂണ്ടിയ കൈയ്യിലെ നാല് വിരലും മുഖ്യമന്ത്രിയുടെ നെഞ്ചിലേക്കാണ്. ലൈംഗികാരോപണം നേരിടുന്ന രണ്ട് പേർ മന്ത്രിസഭയിലുണ്ട്. പരാതിയും കേസും ഇല്ലാത്ത ആരോപണത്തിലാണ് കോൺഗ്രസ് നടപടി എടുത്തത്. അതുകൊണ്ട് മുഖ്യമന്ത്രി ഞങ്ങളെ പഠിപ്പിക്കാൻ വരേണ്ടയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വടക്കൻ കേരളത്തിൽ മഴ ശക്തമാകും. കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. അടുത്ത മണിക്കൂറുകളിൽ ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.
സി. കൃഷ്ണകുമാർ ഇരയുടെ വ്യക്തി വിവരങ്ങൾ പുറത്തുവിട്ടു. കേസെടുക്കണമെന്ന് സന്ദീപ് വാര്യർ
എഐ ക്യാമറ വിവാദത്തിലെ ഹൈക്കോടതിവിധി വി.ഡി. സതീശനും ചെന്നിത്തലയ്ക്കുമുള്ള മുഖത്തടിയെന്ന് മന്ത്രി പി. രാജീവ്. വിധി പ്രതിപക്ഷ നേതാവിനുള്ള നല്ലൊരു ക്ലാസ്സ്. സംസ്ഥാനത്ത് എഐ ക്യാമറകള്‍ സ്ഥാപിക്കുന്നതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
രാഹുൽ മാങ്കൂട്ടം രണ്ടു തവണയും മാധ്യമങ്ങളെ കണ്ട് പറഞ്ഞതിൽ A മുതൽ Z വരെ ഉള്ള കാര്യം പച്ചകള്ളമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. വന്നതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ഉണ്ടാകും വരാത്തത്. അയാളെ കോഴി എന്ന് വിളിക്കുന്നത് ശരിയല്ല.അയാൾ ഒരു പൊട്ടൻഷ്യൽ റെപ്പിസ്റ്റ് ആണെന്നും സഞ്ജീവ് പറഞ്ഞു.
പാലക്കാട് സ്കൂളിൽ സ്ഫോകവസ്തു പൊട്ടിത്തെറിച്ച് അപകടം നടന്ന സംഭവത്തിൽ പ്രതികരണവുമായി എസ്എഫ്ഐ സംസ്താന സെക്രട്ടറി പി എസ് സഞ്ജീവ്. ആർ എസ് എസ് നിയന്ത്രിക്കുന്ന സ്കൂളുകളിൽ ആയുധ പരിശീലനം നടക്കുന്നുണ്ടെന്നും. ഇതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും പി.എസ്. സഞ്ജീവ്. തൃശ്ശൂരിലെ അധ്യാപകരുടെ ഓണം ഹൈന്ദവ സന്ദേശമാണ്. ഒരു തലമുറയെ നയിക്കുന്ന അധ്യാപികയ്ക്ക് ഇത്രയധികം വർഗീയ ബോധം. വിഷയം ഗൗരവതരമായി എസ്എഫ്ഐ സംസ്ഥാന നേതൃത്വം കാണുന്നു. ശക്തമായ നടപടി ഉണ്ടാകണം.
ഇന്ത്യന്‍ പ്രധാനമന്ത്രിക്കും രാജ്യത്തെ പൗരർക്കും പൊതു അറിയിപ്പുമായി നടന്‍ പ്രകാശ് രാജിന്റെ എക്സ് പോസ്റ്റ്.
"ഞാന്‍ പ്രകാശ് രാജ്,
ഞാനൊരു ബിരുദധാരിയല്ല. ഞാന്‍ ക്രിയേറ്റീവ് കരിയറിനായി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. എനിക്ക് അതില്‍ നാണക്കേടില്ല. എനിക്ക് അത് മറച്ചുവയ്ക്കണമെന്നില്ല," നടന്‍ എക്സില്‍ കുറിച്ചു.
ഷാഫി പറമ്പിൽ എംപി യെ വഴി തടഞ്ഞത് സിപിഐഎമ്മിന്റെ കാടത്തം നിറഞ്ഞ നടപടിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സംഭവത്തെ കെപിസിസി ശക്തമായി അപലപിക്കുന്നു. കോൺഗ്രസ് നേതാക്കളെ വഴി തടയുമെന്ന അപ്രഖ്യാപിത തീരുമാനം സിപിഐഎം എടുത്തിട്ടുണ്ടോ എന്ന് പറയണമെന്നും സണ്ണി ജോസഫ് ചോദിച്ചു.
പൊലീസ് ഇതുവരെയും നടപടി എടുത്തിട്ടില്ലെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. ഷാഫിയെ തടഞ്ഞത് തീ കൊണ്ടുള്ള തല ചൊറിച്ചിലാണ്. ഷാഫി ധൈര്യമായി പുറത്തിറങ്ങി നിന്നാണ് പ്രതിരോധിച്ചത്. കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞു ഭീഷണിപ്പെടുത്താനാണ് സിപിഐഎം തീരുമാനിച്ചിരിക്കുന്നതെങ്കിൽ അവർക്ക് തെറ്റുപറ്റി. ഇനി ഇത്തരത്തിലുള്ള നടപടികൾ ഉണ്ടായാൽ അതിശക്തമായി പ്രതികരിക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ പരാതികളില്‍ വിശദ പരിശോധനയ്ക്ക് ഡിജിപിയുടെ നിർദേശം. പൊലീസ്. കേസെടുക്കാനാകുമോയെന്ന് പരിശോധിക്കുകയാണ്. പരാതിക്കാരെ കണ്ടെത്താനും ആലോചന.
ഐടി ജീവനക്കാരനെ കാര്‍ തടഞ്ഞ് മര്‍ദിച്ച ശേഷം തട്ടിക്കൊണ്ട് പോയ കേസില്‍ നടി ലക്ഷ്മി ആര്‍ മേനോന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. പരാതിക്കാരന്‍ ബാറില്‍ വച്ച് അസഭ്യം നടത്തിയെന്ന് ലക്ഷ്മി ആര്‍ മേനോന്‍.
പരാതിക്കാരന്‍ തനിക്കെതിരെ ലൈംഗിക അധിക്ഷേപ പരാമര്‍ശം നടത്തി. ബാറില്‍ നിന്ന് വിട്ട ശേഷവും പരാതിക്കാരന്‍ മറ്റൊരു കാറില്‍ പിന്തുടര്‍ന്ന് തടഞ്ഞു. പരാതിക്കാരന്‍ ബിയര്‍ കുപ്പിയുമായി ആക്രമിച്ചുവെന്നും ലക്ഷ്മി ആര്‍ മേനോന്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. കെട്ടിച്ചമച്ച കഥകളാണ് ഐടി ജീവനക്കാരന്‍ ഉന്നയിച്ച പരാതിയുടെ ഉള്ളടക്കമെന്നും കുറ്റകൃത്യവുമായി തനിക്ക് ബന്ധമില്ല, ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും നടി കോടതിയെ അറിയിച്ചു.
ഷാഫി പറമ്പിലിൻ്റെ വാഹനം തടയാൻ ഡിവൈഎഫ്ഐ തീരുമാനിച്ചിട്ടില്ലെന്ന് വി. വസീഫ്. എന്നാൽ പാലക്കാട് എംഎല്‍എയെ സംരക്ഷിക്കുന്നതിൽ ഷാഫിക്ക് പങ്കുണ്ട് എന്ന് ജനങ്ങൾക്ക് അറിയാം. ആ അസ്വസ്ഥതയും പ്രതിഷേധവും ജനങ്ങൾക്കുണ്ട്. ഷാഫി വലിയ ഷോ കാണിച്ചു. പ്രകോപന രീതിയിൽ ഇടപെട്ടുവെന്നും വസീഫ് പറഞ്ഞു.
ഒരു ജനപ്രതിനിധി ഇങ്ങനെയാണോ? പ്രതിഷേധിച്ചത് ഡിവൈഎഫ്ഐക്കാർ തന്നെയാണ്. എംപി ക്രൗര്യഭാവത്തോടെയായിരുന്നു. പ്രതിഷേധങ്ങൾ നാട് ആഗ്രഹിക്കുന്നതാണ്. ഷാഫിയാണ് കുതന്ത്രങ്ങളുടെ നേതൃത്വം. ഷാഫിയുടെ കുതന്ത്ര്യങ്ങളിലും കുബുദ്ധികളിലും ഡിവൈഎഫ്ഐ സഖാക്കൾ വീണു പോകരുത്. കെപിസിസിയുടെ വർക്കിങ് പ്രസിഡന്റിന്റെ മാന്യത ഷാഫി കാണിച്ചില്ല. അക്രമ സംഭവത്തിലേക്ക് കൊണ്ടു പോവാൻ ഷാഫി ശ്രമം നടത്തിയെന്നും വസീഫ് ആരോപിച്ചു.
തൃശൂരിൽ ലുലു മാളിനെതിരെ ഹർജി നൽകിയ ടി. എൻ. മുകുന്ദനെ പിന്തുണച്ച് സിപിഐ. യൂസഫലിയുടെ ആരോപണത്തിൽ കഴമ്പില്ലെന്നും നെൽവയൽ സംരക്ഷണം പാർട്ടി നയമെന്നും സിപിഐ സംസ്ഥാന കൗൺസിൽ. നെൽവയൽ സംരക്ഷണ നിയമനിർമ്മാണത്തിന് ചുക്കാൻ പിടിച്ചത് സിപിഐ എന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദന കേസിൽ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ ടോമിൻ ജെ തച്ചങ്കരി. വിജിലൻസ് അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി. 2007 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിചാരണ നേരിടേണ്ടത്.
രാഹുൽ മങ്കൂട്ടത്തിലിന് എതിരെ എടുത്ത കേസിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് നടിയും മുൻ മാധ്യമപ്രവർത്തകയുമായ റിനി. രാഹുൽ രാജി വെക്കണോ എന്ന് പ്രസ്ഥാനം തീരുമാനിക്കട്ടെ. സാമൂഹിക മാധ്യമങ്ങളിൽ പ്രതിപക്ഷ നേതാവിനെ ആക്രമിക്കുന്നു. വി ഡി സതീശൻ മനസ വാച കർമണ അറിയാത്ത കാര്യത്തെക്കുറിച്ച് പറയുന്നത് കേട്ടപ്പോൾ വിഷമം തോന്നി അതുകൊണ്ടാണ് പോസ്റ്റിട്ടതെന്നും റിനി പറഞ്ഞു.
ഷാഫി പറമ്പിൽ എം പിയെ വഴിതടഞ്ഞ ഡിവൈഎഫ്ഐ പ്രതിഷേധത്തിനെതിരെ യുഡിഎഫ്. പ്രതിഷേധത്തിന്റെ ഭാഗമായി യുഡിഎഫ് പ്രവർത്തകർ വടകരയിലെ റോഡ് ഉപരോധിക്കുന്നു.പ്രകടനവുമായി എത്തിയ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. വടകര പുതിയ സ്റ്റാൻ്റ് പരിസരത്താണ് ഉപരോധം.
ഫോർട്ട് കൊച്ചിയിൽ തെരുവുനായുടെ ആക്രമണം കമാലക്കടവിൽ മത്സ്യബന്ധനം കഴിഞ്ഞ് വരുകയായിരുന്നു കിരൺ ദാസ് എന്ന ആൾക്ക് ആണ് പട്ടിയുടെ കടിയേറ്റത്. ഇയാൾ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
താമരശേരി ചുരത്തിലെ കല്ലും മണ്ണും മാറ്റാൻ തീവ്രശ്രമം തുടരുന്നു. രാത്രിയോടെ തന്നെ ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം. മണ്ണുമാന്തി യന്ത്രങ്ങൾ വീണ്ടും പ്രവർത്തനം തുടങ്ങി. രണ്ട് മണിക്കൂറോളം ആയി മണ്ണ് ഇടിച്ചിൽ ഉണ്ടായിട്ടില്ല
ആലുവയിൽ യുവതി ട്രെയിനിടിച്ച് മരിച്ചു. നാൽപത്തിയഞ്ച് വയസു തോന്നുന്ന സ്ത്രീയാണ് മരിച്ചത്. വൈകിട്ട് 5 മണിയോടെ കോഴിക്കോട് - തിരുവനന്തപുരം ജനശദാബ്ദി ട്രെയിനാണ് ഇടിച്ചത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരണ തീയതി സെപ്റ്റംബർ രണ്ടാം തീയതി വരെ ദീർഘിപ്പിച്ചു.ഈ മാസം 31ന് നിശ്ചയിച്ചിരുന്ന തീയതിയാണ് മാറ്റിവച്ചത്. ഓഗസ്റ്റ് 29ന് ഹിയറിങ്ങുകൾ അവസാനിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
നവരാത്രി കാലത്ത് കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കും
തീരുമാനം മന്ത്രി വി. അബ്ദുറഹ്‌മാന്‍ റെയില്‍വെ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍
ട്രെയിനുകളുടെ സമയം മുന്‍കൂട്ടി അറിയിക്കും
ആലപ്പുഴ - കായംകുളം റൂട്ടില്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യം ചര്‍ച്ചയായി
എറണാകുളം - കൊല്ലം മെമു പുനരാരംഭിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് റെയില്‍വെ
മുഖ്യമന്ത്രി പിണറായി വിജയനെ സോഷ്യല്‍മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ കാപ്പാട് സ്വദേശിയായ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ സാദിഖ് അവീര്‍ അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ കാപ്പാട് മേഖല കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ സെല്‍ ഇയാളെ അറസ്റ്റ് ചെയ്തത്.
തുടര്‍ച്ചയായി സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീലവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തുകയും, വ്യാജമായി നിര്‍മ്മിച്ച സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് വ്യാപകമായ അപകീര്‍ത്തിപ്പെടുത്തല്‍ കാമ്പയിന്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന ഡി.വൈ.എഫ്.ഐ യുടെ പരാതിയിലാണ് നടപടി.
വടകരയില്‍ ഷാഫി പറമ്പിലിനു നേരെയുണ്ടായ ഡിവൈഎഫ്‌ഐ പ്രതിഷേധത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തംകൊളുത്തി എറിഞ്ഞു.
പൊലീസ് പ്രവര്‍ത്തകരെ ഓടിച്ചിട്ട് തല്ലിയെന്നും സ്ത്രീകള്‍ അടക്കമുള്ളവരെ വളഞ്ഞിട്ട് ആക്രമിച്ചുവെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
കോഴിക്കോട് തോട്ടുമുക്കം തരിയോട് ചക്കനാനിയില്‍ മറിയാമ്മയുടെ വീടാണ് ഇന്ന് രാത്രി പെയ്ത ശക്തമായ മഴയില്‍ തകര്‍ന്നത്. പ്രാര്‍ത്ഥന സമയത് ശബദം കേട്ട് പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു. വീട് പൂര്‍ണമായും തകര്‍ന്നു
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. കണ്ണൂരിൽ നിന്ന് തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. ആളപായമില്ല. കാർ പൂർണമായും കത്തി നശിച്ചു.
നൂറനാട് എടപ്പോൺ ജംഗ്ഷനിൽ KSRTC ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു. ഹരിപ്പാട് നിന്ന് പത്തനംതിട്ടയ്ക്ക് പോയ ബസ് ആണ് അപകടത്തിൽ പെട്ടത്. പന്തളം ഭാഗത്ത് നിന്ന് ഹരിപ്പാട് ഭാഗത്തേക്ക് വന്ന ലോറിയിലാണ് ബസ് ഇടിച്ചത്. ആർക്കും ഗുരുതര പരിക്കുകൾ ഇല്ല
ബാലുശേരിയിൽ പെട്രോള്‍ പമ്പില്‍ പെട്രോളടിക്കാനെത്തിയ കാറിന് തീപിടിച്ചു. കാട്ടാംവള്ളിയില്‍ വിആര്‍ എന്റര്‍ പ്രൈസസ് പമ്പിലാണ് സംഭവം. പനായി സ്വദേശിയുടെ കാറിനാണ് തിപീടിച്ചത്. കാറിന്റ മുൻഭാഗത്ത് നിന്നും പുക ഉയരുകയായിരുന്നു. യാത്രക്കാരെ ഇറക്കിയ ശേഷം തീയണച്ചു. നരിക്കുനിയില്‍ നിന്നും ഫയർഫോഴ്സ് എത്തിയിരുന്നു.
കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി. സെല്ലിൽ ഒളിപ്പിച്ച സിം കാർഡ് അടങ്ങിയ ഫോണാണ് പിടിച്ചെടുത്തത്. ന്യൂ ബ്ലോക്കിൽ തടവിൽ കഴിയുന്ന യു ടി ദിനേഷിൽ നിന്നാണ് ഫോൺ പിടികൂടിയത്. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.