വിംബിൾഡൺ വനിതാ സിംഗിൾസിൽ മുത്തമിട്ട് ലിൻഡ നോസ്‌കോവ. ലിൻഡയുടെ കന്നി ഗ്രാൻസ്ലാം നേട്ടം കരോളിനയെ ഫൈനലിൽ തകർത്ത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ലിൻഡയുടെ ജയം. രണ്ടാം സെറ്റിൽ അഞ്ച് ചാംപ്യൻഷിപ്പ് പോയിന്റ് മറികടന്നാണ് കരോളിന മത്സരത്തിൽ തിരിച്ചുവന്നത്. എന്നാൽ അവസാന സെറ്റിൽ അടിപതറുകയായിരുന്നു. ഇത് രണ്ടാം തവണയാണ് കരോളിന ഗ്രാൻസ്ലാം ഫൈനലിൽ പരാജയപ്പെടുന്നത്.
ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം നിർത്തുമെന്ന് ഇറാൻ പരസ്യമായി പ്രഖ്യാപിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതിന് പിന്നാലെ കടലിടുക്ക് വീണ്ടും അടച്ചെന്ന് ഇറാൻ്റെ പ്രഖ്യാപനം. പിന്നാലെ ഇറാനെതിരായ ആക്രമണം വീണ്ടും ആരംഭിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്റെ ആക്രമണത്തിൽ സൈപ്രസ് പതാകയുള്ള ഒരു കണ്ടെയ്നർ കപ്പലിന്റെ എഞ്ചിൻ റൂമിന് കാര്യമായ കേടുപാടുണ്ടെയെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
കിഴക്കൻ ചൈനയിലെ തീരദേശ നഗരമായ തായ് ഷൗവിൽ ബാവി ചുഴലിക്കാറ്റ്, ശനിയാഴ്ച കരതൊട്ടു. 20 ലക്ഷത്തോളം ആളുകളെ അപകടമേഖലയിൽ നിന്നൊഴിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ. ജപ്പാന്റെ തെക്കൻ ദ്വീപുകളിലും തായ്വാന്റെ വടക്കൻ മേഖലകളിലും കാറ്റ് നാശം വിതച്ചിരുന്നു. വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ടെങ്കിലും ആകാശത്ത് വ്യാപിച്ചുകിടക്കുന്ന മഴമേഘങ്ങൾ ആശങ്ക പടർത്തുന്നുണ്ട്. മണിക്കൂറിൽ 144 കിലോമീറ്റർ വേഗതയിലാണ് കാറ്റ് ചൈനീസ് തീരത്തേക്ക് അടിച്ചുകയറിയത്.
വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങിയുണ്ടായ ദുരന്തത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും. കൊട്ടാരക്കര മാര്‍ക്കറ്റ് ജംഗ്ഷന് സമീപം ആവിയോട്ട് ഹൗസില്‍ എ.സി.തോമസ് , ഭാര്യ ലോവേനി തോമസ് എന്നിവരാണ് മരിച്ചത്. സ്ഥലം എം.പി.യായ കൊടിക്കുന്നിൽ സുരേഷ്, വിദേശകാര്യ മന്ത്രാലയവുമായി ആശയ വിനിമയം നടത്തിവരുകയാണ്. മൃതദേഹങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. നിയമപരമായ എല്ലാ കാര്യങ്ങളും ഉടൻ പൂർത്തീകരിക്കുമെന്ന് വിയറ്റ്നാമിലെ ഇന്ത്യൻ അംബാസിഡർ എം.പി.ക്ക് ഉറപ്പ് നൽകി.
പാലക്കാട് ജില്ലയിൽ 331 പോലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. അടുത്തുള്ള സ്റ്റേഷനുകളിൽ ഒഴിവുണ്ടായിട്ടും ദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയെന്ന് ആരോപണം. പോലീസ് അസോസിയേഷൻ, ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികളെയാണ് മാറ്റിയിരിക്കുന്നത്.
ജാനകിയമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടം. പല തലമുറകൾ നിരവധി ഭാഷകളിൽ ജാനകിയമ്മയുടെ ഗാനങ്ങൾ ആസ്വദിച്ചു. വരും കാലത്തും ആളുകൾ ജാനകിയമ്മയുടെ ഗാനങ്ങൾ ആസ്വദിക്കുമെന്നും മോദി എക്സിൽ കുറിച്ചു.
ജാനകിയമ്മയുടെ നിര്യാണം ഇന്ത്യൻ സംഗീത ലോകത്തിന് തീരാനഷ്ടം എന്ന് ഗായിക ദലീമ ജോജോ ഹലോ മലയാളത്തിൽ പറഞ്ഞു. ജാനകിയമ്മയെ നേരിൽ കാണാൻ സാധിക്കാത്തതിൽ ദുഖമുണ്ടെന്നും ജാനകിയമ്മയുടെ പാട്ടുകൾ ജനഹൃദയങ്ങളിൽ എന്നെന്നും നിലനിൽക്കുമെന്നും ദലീമ പറഞ്ഞു.
അങ്കമാലി കറുകുറ്റിയിൽ വൻ കഞ്ചാവ് വേട്ട. 110 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. ട്രെയിൻ മാർഗം റെയിൽവെ സ്റ്റേഷനിൽ എത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അങ്കമാലി എക്സൈസ് സംഘം പിടികൂടിയത്.
പ്രിയദർശിനി പദ്ധതിക്ക് പിന്നാലെ കൊച്ചി-വൈപ്പിന്‍ റോ- റോ ഫെറി സര്‍വീസിലും വനിതകള്‍ക്ക് സൗജന്യയാത്ര. മൂന്നാമത്തെ സർവീസ് മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. സൗജന്യ യാത്രകളിലൂടെ ലഭിക്കുന്ന പണം സ്ത്രീകൾ മാറ്റിവെച്ച് ഒരു സമ്പാദ്യമായി കാണണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ ഉപ നേതാവ് പദവിയെ ചൊല്ലിയുള്ള സിപിഐഎം-സിപിഐ തർക്കം പാരമ്യത്തിൽ. കീഴ്വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ലെന്ന് ബിനോയ് വിശ്വം പിണറായി വിജയന് മറുപടി നൽകി. എല്ലാ സ്ഥാനവും ഒറ്റ പാർട്ടിക്ക് എന്ന രീതി മാറിയ തീരൂ എന്നും സിപിഐ സംസ്ഥാന സെക്രട്ടറി കടുപ്പിച്ചു. സ്ഥാനങ്ങൾ പങ്കുവെക്കേണ്ടത് ജനാധിപത്യ മര്യാദ ആണെന്നും ബിനോയ് വിശ്വം ഓർമിപ്പിച്ചു.
വയനാട് കള്ളാടി ദുരന്തഭൂമിയിൽ ആറാം ദിനവും തെരച്ചിൽ. ഹിമാചൽ സ്വദേശി വിക്രം റാണയെ ആണ് ഇനി കണ്ടെത്താനുള്ളത്. വിക്രം റാണയെ കാണാതായ സ്ഥലത്തെ കുറിച്ച് വിശദീകരിക്കുന്നതിന് അപകടത്തിൽ നിന്നും രക്ഷപെട്ട മലയാളി കുഞ്ചുവിനെ മീനാക്ഷി പാലത്തിൽ എത്തിച്ചു. പുഴയിലും തിരച്ചിൽ തുടരുമെന്ന് മന്ത്രി ടി. സിദ്ദീഖ് പറഞ്ഞു.
ആറന്മുള വിമാനത്താവള പദ്ധതിക്കായി ഡ്രോൺ സർവേ നടത്തിയത് നിയമവിരുദ്ധം എന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം. വിമാനത്താവള പദ്ധതിക്കായി ഡ്രോൺ സർവ്വേ നടത്തണമെങ്കിൽ കേന്ദ്രാനുമതി നിർബന്ധം...
ഡ്രോൺ സർവ്വേ സംബന്ധിച്ച് തഹസിൽദാരോട് ജില്ലാ കലക്ടർ റിപ്പോർട്ട് തേടി..
കടത്താൻ ശ്രമിക്കുന്ന സ്വർണം പോലീസ് പിടിക്കേണ്ടെന്ന് കസ്റ്റംസ്. സ്വർണക്കടത്ത് വിവരം അറിഞ്ഞാൽ കസ്റ്റംസിനെ അറിയിച്ചാൽ മതിയെന്ന് നിർദേശം. സ്വർണകടത്ത് പിടികൂടിയ പൊലിസിന് നോട്ടീസ് അയച്ച് കസ്റ്റംസ്. കരിപ്പൂർ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒമാർക്ക് ആണ് കസ്റ്റംസ് ഷോക്കോസ് നോട്ടീസ് അയച്ചത്.
വിഴിഞ്ഞം വിഷയത്തിൽ സിപിഐഎമ്മിലെ ഭിന്നത തള്ളാതെ സിപിഐഎം ജനറൽ സെക്രട്ടറി എം.എ.ബേബി.. നേതാക്കൾ അഭിപ്രായം പറയുമ്പോൾ പാർട്ടിക്ക് പോറൽ ഏൽക്കാതെ നോക്കണം. പ്രത്യേകിച്ച് പാർട്ടി തിരിച്ചടി നേരിട്ട ഈ സാഹചര്യത്തിൽ ഐക്യം ഉയർത്തുന്ന നിലപാടുകൾ വേണം പറയേണ്ടതെന്നും എം.എ.ബേബി പറഞ്ഞു..
വിഴിഞ്ഞത്തെ പറ്റി പാർട്ടിക്ക് ഭിന്നപ്രായം ഇല്ലെന്ന് എം.സ്വരാജ്. ഓരോ നേതാക്കളും പറയുന്നത് അവരുടെ ശൈലി. പാർട്ടിക്ക് വ്യക്തമായ നിലപാട് ഉണ്ടെന്നും എം.സ്വരാജ്.
പാലക്കാട് വാണിയംകുളത്ത് മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി. കൃഷ്ണകൃപ വീട്ടിൽ ബാബുവും ഭാര്യയും മകനും നാല് ദിവസമായി വീട്ടിൽ ഇല്ലെന്ന് ബന്ധുക്കൾ. വീട്, പൂട്ടിയിട്ട നിലയിൽ. അന്വേഷണം ആരംഭിച്ച് ഷൊർണൂർ പൊലീസ്.
മണ്ണിടിച്ചിൽ ദുരന്തം നടന്ന വയനാട് കള്ളാടിയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. മൃതദേഹം കാണാതായ ഹിമാചാൽ സ്വദേശി വിക്രംറാണയുടേതാണെന്ന് സ്ഥിരീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട് മന്ത്രി ടി. സിദ്ദിഖ്. അൽപ്പസമയത്തിന് ശേഷം മന്ത്രി പോസ്റ്റ് പിൻവലിച്ചു. കണ്ടെത്തിയ മൃതദേഹം ആരുടേത് എന്ന് കണ്ടെത്താൻ ഡിഎൻഎ പരിശോധന വേണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
അർബുദരോഗത്തിനുള്ള മരുന്ന് ലഭ്യമാക്കണം എന്നഭ്യർത്ഥിച്ച് കേരളാ ഹൈക്കോടതിയിൽ 4 വർഷം മുമ്പ് ഹർജി നൽകിയ സ്ത്രീ രോഗം മൂർച്ഛിച്ച് മരിച്ചു. 57 തവണ ലിസ്റ്റ് ചെയ്തിട്ടും ഹർജി തീർപ്പാക്കിയിരുന്നില്ല. ജീവൻ രക്ഷാ മരുന്നുകളുടെ ആവശ്യമുന്നയിച്ച് 2022 ജൂണിലാണ് അർബുദരോഗി ഹർജി നൽകിയത്. കേസിലെ കാലതാമസം ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കാൻസർ രോഗികളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടന കത്തയച്ചു.
ആറുമാസം പ്രായമുള്ള കുട്ടിക്ക് അളവില്‍ കൂടുതല്‍ മരുന്ന് നല്‍കിയെന്നാണ് പരാതി. കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു. അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് 80,000 രൂപ ചെലവായി. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
ഇവർ ഇന്ത്യയിലേക്ക് മടങ്ങുന്നു. ഗുരുതരാവസ്ഥയിലായിരുന്ന രണ്ടുപേരിൽ ഒരാളും ആശുപത്രി വിട്ടു. മറ്റൊരാൾ ഫു ക്വോക്കിലെ ആശുപത്രിയിൽ ചികിൽസയിൽ സഹായത്തിനായി ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഫു ക്വോക്കിൽ തുടരുന്നു.
അര്‍ജന്റീനയെ ട്രോളിയ കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതി നൽകി യുവാവ്. മലപ്പുറം സ്വദേശിയായ യുവാവാണ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. വ്യക്തിപരമായി താല്പര്യങ്ങൾക്ക് വേണ്ടി ഔദ്യോഗിക പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്ത ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം.
കെ.കെ. രാഗേഷിനെ ജില്ലാ സെക്രട്ടറിയാക്കിയത് നടപടി ക്രമങ്ങൾ പാലിക്കാതെയെന്ന് പരാതി. എം.എ. ബേബിക്ക് ഇ-മെയിൽ വഴിയാണ് പാർട്ടി അംഗം പരാതി അയച്ചത്. ജില്ലാ കമ്മിറ്റി അംഗമല്ലാതിരുന്ന രാഗേഷിനെ നേരിട്ട് ജില്ലാ സെക്രട്ടറിയാക്കിയെന്ന് പരാതിയിൽ പറയുന്നു.
യുഡിഎഫ് സർക്കാർ യുടേൺ സർക്കാർ എന്ന് ജോൺബ്രിട്ടാസ് എം.പി. ഗവൺമെന്റ് പ്ലീഡർ നിയമനങ്ങളിൽ ഖജനാവിന് അധികച്ചെലവ്. ഹെലികോപ്ടടർ ധൂർത്തെന്ന് പറഞ്ഞവർക്ക് ഇപ്പോൾ അതിൽ സഞ്ചരിക്കുന്നു. സതീശൻ സർക്കാരിന് മലക്കം മറിച്ചിൽ പുരസ്കാരം നൽകണമെന്നും ബ്രിട്ടാസ്.
തിരുവനന്തപുരം പോത്തന്‍കോട് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ യുവാക്കള്‍ക്ക് മര്‍ദനം. പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. പോത്തന്‍കോട് കടയുടെ മുന്നില്‍ മൂന്നംഗ സംഘം വാഹനം പാര്‍ക്ക് ചെയ്തത് വസ്ത്ര ഷോറൂമിലെ ജീവനക്കാരനായ യുവാവ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇരു സംഘവും തമ്മില്‍ വാക്കേറ്റം ഉണ്ടായി. പിന്നീടാണ് കാറിലെത്തിയ സംഘം രണ്ട് കടകളിലെ യുവാക്കളെ മര്‍ദിച്ചത്. പോത്തന്‍കോട് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് നൗഷാദിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
ഡൽഹി: ഉസ്ബെക്കിസ്ഥാനിൽ മെഡിക്കൽ വിദ്യാർഥിയായിരുന്ന മലയാളി സാവരിയ ബസന്തിൻ്റെ കൊലപാതകത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ. കേരള ഡിജിപിയോട് റിപ്പോർട്ട് തേടി കത്തയച്ചു. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം
ശ്രീനഗർ: ജമ്മു കശ്മീരിലും ഓപ്പറേഷൻ താമര വിവാദം രൂക്ഷം. നാഷണൽ കോൺഫറൻസ് എംഎൽഎമാർക്ക് ഇരുപതു കോടിയും മന്ത്രിസ്ഥാനവും ബിജെപി വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ആരോപണം തള്ളി ബിജെപി. തെളിവുകൾ മുഖ്യമന്ത്രി പുറത്തുവിടണമെന്ന് ആവശ്യം.
തൃശൂർ: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. പെരുന്ന സ്വയം ശുദ്ധീകരിക്കണം. അല്ലെങ്കിൽ സ്വയം ശുദ്ധീകരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. സുകുമാരൻ നായർക്കെതിരെ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണനും പ്രതികരിച്ചു. ജനറൽ സെക്രട്ടറി ഞാനെന്ന ഭാവം കാണിക്കരുത്. ഇന്നയാൾ വരണം, വരരുത് എന്ന് പറയരുതെന്നും സി.പി.രാധാകൃഷ്ണൻ.
ക്ഷേത്രകാര്യങ്ങളിലെ ഇടപെടലുകളിൽ കോടതികളെ വിമർശിച്ച് ദേവസ്വംമന്ത്രി കെ.മുരളീധരൻ. കോടതികളുടെ അമിത ഇടപെടൽ ശരിയല്ല... ആനയെ നടക്കിരുത്തുന്നതിൽ മുതൽ വെടിക്കെട്ടിൽ വരെ ഇടപെടൽ... ഈ പോക്ക് എങ്കിൽ ഒരുതലമുറ കഴിഞ്ഞാലും ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം തീരില്ലെന്നും മന്ത്രി
വിയറ്റ്‌നാം ബോട്ട് അപകടത്തില്‍ ക്യാപ്റ്റന്‍ കസ്റ്റഡിയില്‍. സുരക്ഷാ മുന്‍കരുതല്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അപകടത്തില്‍ വിയറ്റ്‌നാം സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
വാഷിങ്ടൺ: റിപബ്ലിക്കൻ സെനറ്ററും, യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ വിശ്വസ്തനുമായ ലിൻഡ്‌സി ഗ്രഹാം അന്തരിച്ചു. ശനിയാഴ്ച രാത്രി കാപിറ്റോൾ ഹില്ലിലെ വസതിയിൽ ഹൃദയാഘാതത്തെതുടർന്നായിരുന്നു അന്ത്യം. 71 വയസായിരുന്നു. 2016 പ്രസിഡൻ്റഷ്യൽ തെരഞ്ഞെടുപ്പിലെ പാർട്ടി നോമിനേഷനിൽ ട്രംപിനോട് പരാജയപ്പെട്ട നേതാക്കളിലൊരാളാണ് ഗ്രഹാം. അന്ന് ട്രംപിനെ നേതാവാക്കുന്നത് എല്ലാവരുടെയും നാശത്തിനാകും എന്ന് പറഞ്ഞ ഗ്രഹാം, പിന്നീട് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ട്രംപിൻ്റെ വിശ്വസ്തനായി മാറുകയായിരുന്നു. ഇറാനെതിരായ യുദ്ധത്തെ ശക്തമായി അനുകൂലിച്ച റിപബ്ലിക്കൻ നേതാക്കളിലൊരാളും, യുഎസ് സെനറ്റിലെ ഇസ്രയേൽ അനുകൂല വക്താക്കളിലൊരാളുമാണ് ലിൻഡ്സി ഗ്രഹാം. വിയോഗത്തിൽ അനുശോചനം അറിയിച്ച ട്രംപ്, കഠിനാധ്വാനിയായ രാജ്യസ്നേഹിയായിരുന്നു ഗ്രഹാം എന്ന് പറഞ്ഞു.
ആലപ്പുഴ: മംഗലത്ത് യുവാവ് കുത്തേറ്റു മരിച്ചു. കാത്തിരം ചിറ സ്വദേശി മനീഷ് (29) ആണ് മരിച്ചത്. റോബിൻ എന്നയാളാണ് കുത്തിയത്. റോബിന്റെ ഭാര്യയുമായി മനീഷിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഏറെ നാളുകളായി റോബിനും ഭാര്യയും തമ്മിൽ അകൽച്ചയിലായിരുന്നു.
പാലക്കാട്: പാലക്കാട് ചിറ്റൂർ സ്വദേശിയായ 14 വയസ്സുകാരനെ കാണാതായെന്ന് പരാതി. ചിറ്റൂർ കരിഞ്ഞാലിപ്പള്ളം സ്വദേശി ഹരീഷിനെയാണ് കാണാതായത്. ഇന്നലെ പുലർച്ചെ വീട്ടിൽ നിന്നും സൈക്കിളിൽ കുട്ടി പോയതായി പറയുന്നു.ചിറ്റൂർ ബോയ്സ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ഹരീഷിനെ വാളയാർ പരിസരത്ത് വെച്ച് കണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കുട്ടി സൈക്കിളിൽ വാളയാറിന് സമീപം സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
കൊല്ലത്ത് ഓടയ്ക്കുള്ളിൽ കയറിയിരുന്ന ആളെ സാഹസികമായി പുറത്തെടുത്ത് ഫയർഫോഴ്സ്. ഗിരീഷ് എന്നയാളെയാണ് ഓടയിൽ നിന്ന് പുറത്തെടുത്തത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
ഗവിയിലേക്ക് കൂടുതൽ ബസ് സർവീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി സിഎംഡിക്ക് കത്ത് നൽകി പത്തനംതിട്ട ഡിടിഒ. പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ കൂടുതൽ സ്ത്രീകൾ ദിനംപ്രതി റൂട്ടിൽ എത്തുന്നുണ്ട്. 42 പേരെ ഉൾക്കൊള്ളാവുന്ന ബസ്സിൽ നൂറിലധികം യാത്രക്കാരാണ് ഇപ്പോഴുള്ളത്. ഇതുമൂലം പാതിവഴിയിൽ ബസ് കേടാകുന്നത് പതിവായി. പരമാവധിയിലും കൂടുതൽ ആളുകൾ ബസ്സിൽ കയറുന്നത് ഗവി റൂട്ടിൽ വലിയ അപകടത്തിനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കൂടുതൽ സർവീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് .
കോഴിക്കോട്: വാക്കിൽ നെഹ്റുവും മനസ്സിൽ സവർക്കറുമാണ് വി.ഡി. സതീശനെന്ന് എ.എ. റഹിം. നെഹ്റുവിയൻ ലെഫ്റ്റാണെന്ന് പറയുന്ന സതീശൻ കുഞ്ഞിക്കൂനലിനെ വിമൽകുമാറിനെ പോലെയാണ്. പി.എം. നിയാസിനെ കാണാൻ അനുവാദം നൽകാത്ത സതീശൻ ആർ.വി. ബാബുവിനും ശശികലയ്ക്കും സമയം നൽകിയെന്നും റഹിം പറഞ്ഞു. കോഴിക്കോട് മുക്കത്ത് ഡിവൈഎഫ്ഐ പൊതുസമ്മേളനത്തിലാണ് എ.എ. റഹിമിന്റെ പരിഹാസം
അസം: 472കോടി രൂപയുടെ ലഹരി വസ്തുക്കൾ റോഡ് റോളർ കയറ്റി നശിപ്പിച്ച് അസം സർക്കാർ. പൊലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കൾക്ക് മുകളിലൂടെ റോഡ് റോളർ ഓടിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ലഹരി വിരുദ്ധ ക്യാംപയിനു തുടക്കമിട്ടത്. ലഹരിക്കെതിരായ പോരാട്ടത്തിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നു ഹിമന്ത പറഞ്ഞു. 39 കിലോ മോർഫിൻ , 79കിലോ ഓപിയം, 58 കിലോ ഹെറോയിൻ , മുപ്പത്തിയേഴായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിയാറു കിലോ കഞ്ചാവ് തുടങ്ങിയവയാണ് നശിപ്പിച്ചത്..
തൃശൂർ: വരവൂരിൽ ബന്ധു വീട്ടിലെത്തിയ 19 വയസ്സുകാരിക്ക് കുളത്തില്‍ വീണ് ദാരുണാന്ത്യം. ദേശമംഗലം വറവട്ടൂർ വരമംഗലത്ത് വീട്ടിൽ നാസറിന്റെ മകൾ ഹസ്ന (19) യാണ് അപകടത്തിൽപ്പെട്ടത്. തളി പിലക്കാട് സ്വകാര്യവ്യക്തിയുടെ നെൽപ്പാടത്തിനോട് ചേർന്നുള്ള പറമ്പിലെ കുളത്തിലാണ് യുവതി വീണത്. അപകടത്തിൽപ്പെട്ട ഹസ്‌നയെ മണിക്കൂറുകൾക്കു ശേഷമാണ് ഫയർഫോഴ്സ് പുറത്തെടുത്തത്. ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി സഹോദരിമാരുമായി കുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
ചെങ്ങന്നൂർ: അച്ചൻകോവിലാറ്റിൽ കുളിക്കാനിറക്കിയ യുവാവ് മുങ്ങിമരിച്ചു. ബുധനൂർ സ്വദേശി മിഥുൻ എം.എസ് (38) ആണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. ഫ്രാബ്രിക്കേഷൻ തൊഴിലാളിയാണ് മിഥുൻ. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കോഴിക്കോട്:റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് മരിച്ചു. നാദാപുരം വളളിൽ സ്വദേശി രാഹുൽ (28) ആണ് മരിച്ചത്. വളയത്തിന് സമീപം നീലാണ്ടുമ്മലിലാണ് അപകടം.
തിരുവനന്തപുരം മലയിന്‍കീഴില്‍ യുവതി ജീവനൊടുക്കി. വിളവൂര്‍ക്കല്‍ സ്വദേശി വിഷ്ണുവിന്റെ ഭാര്യ കാവ്യ (30) ആണ് മരിച്ചത്. ഭര്‍തൃമാതാവും കുഞ്ഞും വീട്ടിലുള്ളപ്പോഴായിരുന്നു സംഭവം. സാമ്പത്തിക ബാധ്യത മൂലം മാസങ്ങള്‍ക്ക് മുമ്പ് വിഷ്ണുവും കാവ്യയയും മക്കളുമൊത്ത് നാടുവിട്ടിരുന്നു. പൊലീസ് ഇടപെട്ടാണ് ഇവരെ കണ്ടെത്തി തിരികെയെത്തിച്ചത്.