KERALA

സ്വർണക്കൊള്ളയിലും ഫണ്ട് തിരിമറിയിലും സഭ പ്രക്ഷുബ്ധം; വാക്കൗട്ട് നടത്തി പ്രതിപക്ഷം, രണ്ട് യുഡിഎഫ് എംഎൽഎമാർ നിയമസഭാ കവാടത്തിൽ സമരത്തിൽ

പ്രതിപക്ഷം ശബരിമല സ്വർണക്കൊള്ളയിൽ സമരത്തിലാണെന്നും ദേവസ്വം മന്ത്രിയുടെ രാജിയാണ് ആവശ്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം വീണ്ടും പുനരാരംഭിച്ചപ്പോഴും പ്രതിപക്ഷ പ്രതിഷേധം ശക്തം. ഇന്നും "പോറ്റിയെ കേറ്റിയേ" എന്ന പാരഡി പാട്ട് നിയമസഭയിൽ പാടിയാണ് പ്രതിപക്ഷം പ്രതിഷേധമറിയിച്ചത്. അതേസമയം, പയ്യന്നൂർ ഫണ്ട് തിരിമറി ആരോപണ വിഷയം അടിയന്തര പ്രമേയമായി പരിഗണിക്കണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം സ്പീക്കർ പരിഗണിച്ചില്ല. ഇതോടെ സഭയിൽ നിന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.

ഇന്ന് സഭ സമ്മേളിച്ച ഉടൻ ശബരിമല സ്വർണക്കൊള്ള വീണ്ടും ഉന്നയിച്ചാണ് പ്രതിപക്ഷ നേതാവ് സഭയിൽ സംസാരിച്ചു തുടങ്ങിയത്. എസ്ഐടിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടലുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രണ്ട് എംഎൽഎമാർ നിയമസഭാ കവാടത്തിൽ സത്യാഗ്രഹ ഇരിക്കുമെന്നും വ്യക്തമാക്കി.

പ്രതിപക്ഷം ശബരിമല സ്വർണക്കൊള്ളയിൽ സമരത്തിലാണെന്നും ദേവസ്വം മന്ത്രിയുടെ രാജിയാണ് ആവശ്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യുഡിഎഫ് എംഎൽഎമാരായ നജീബ് കാന്തപുരം, സി.ആർ. മഹേഷ് എന്നിവരാണ് നിയമസഭാ കവാടത്തിൽ സത്യാഗ്രഹ സമരം ഇരിക്കുന്നത്.

സഭാ നടപടികളുമായി സഹകരിച്ച് കൊണ്ട് തന്നെ സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് വിശദമാക്കി. പ്രതിപക്ഷ സമരം സർക്കാരിന് എതിരാണെങ്കിലും അത് ഹൈക്കോടതിക്ക് എതിരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതി മേൽനോട്ടത്തിലാണ് അന്വേഷണം.

SCROLL FOR NEXT