മുഖ്യമന്ത്രി പിണറായി വിജയൻ, വി.ഡി. സതീശൻ Source: News Malayalam 24x7
KERALA

"സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് പ്രതികാരം ചെയ്യാനാണോ?"; മുഖ്യമന്ത്രി പ്രതികാര ദാഹിയെന്ന് പിണറായി വിജയൻ

നിങ്ങളുടെ ചോരയ്ക്ക് പകരം ചോദിക്കും എന്നാണ് പ്രസംഗമെന്നും, ജനങ്ങളെ സേവിക്കാൻ സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിയാണ് ഇത് പറഞ്ഞതെന്നും പിണറായി വിജയൻ വിമർശിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസംഗത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനത്തിൻ്റെ ഭരണാധികാരി പരസ്യമായി പ്രതികാരം ചെയ്യും എന്ന് പറയുകയാണ്. അത് അവഗണിച്ചു പോകുന്ന നിലയാണ് പലരുടെയും ഭാഗത്തുണ്ടായത്. ശ്രദ്ധയിൽപ്പെടാത്ത മട്ടിലാണ് പല മാധ്യമങ്ങളും കൈകാര്യം ചെയ്തത്. നിങ്ങളുടെ ചോരയ്ക്ക് പകരം ചോദിക്കും എന്നാണ് പ്രസംഗമെന്നും, ജനങ്ങളെ സേവിക്കാൻ സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിയാണ് ഇത് പറഞ്ഞതെന്നും പിണറായി വിജയൻ വിമർശിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗം വായിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ വിമർശനം.

"ഒരു സർക്കാർ അധികാരത്തിൽ വരുന്നത് ആരോടെങ്കിലും പക തീർക്കാനാണോ? പ്രത്യേക അന്വേഷണ സംഘങ്ങൾക്ക് നിർദേശം നൽകുകയാണോ പ്രസംഗത്തിലൂടെ വേണ്ടത്? സത്യപ്രതിജ്ഞാ ലംഘനമാണ് മുഖ്യമന്ത്രി ചെയ്തത്. പ്രതികാരം ചെയ്യുകയാണോ അധികാരം ഏറ്റ സർക്കാർ ചെയ്യേണ്ടത്? തെരഞ്ഞെടുപ്പില്‍ മത്സരങ്ങളുണ്ടാകും. അധികാരത്തിലേറി കഴിഞ്ഞാല്‍ ഈ നാടിന് ഒരു സര്‍ക്കാരല്ലേയുള്ളു. എല്ലാവരുടെയും സര്‍ക്കാരായി പ്രവൃത്തിക്കണ്ടേ. എസ്‌.ഐ.ടിക്ക് കൃത്യമായ നിര്‍ദേശം നല്‍കുന്ന രീതിയില്‍ മുഖ്യമന്ത്രി ഇങ്ങനെ പ്രസംഗിക്കാന്‍ പാടുണ്ടോ? ഇത് തീര്‍ത്തും തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തത്തില്‍ നിന്നുള്ള വ്യതിയാനമാണ്," പിണറായി വിജയൻ പറഞ്ഞു.

"ചീമേനി കൂട്ടക്കൊല ഓർമിക്കുമ്പോൾ തന്നെ ഞെട്ടൽ ഉണ്ടാക്കുന്നതാണ്. ഞങ്ങൾ ഒരു ഘട്ടത്തിലും കൊലപാതക രാഷ്ട്രീയം അംഗീകരിക്കുന്ന പാർട്ടിയല്ല. ഞങ്ങൾക്ക് ഒരുപാട് വിഷമങ്ങളും പ്രയാസങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ ആക്രമണത്തിന് ഇരയായത് സിപിഐഎം ആണ്. ഞങ്ങൾക്കുണ്ടായ നഷ്ടങ്ങളെ പ്രതികാരം ചെയ്തു തീർക്കാൻ അല്ല ശ്രമിച്ചത്. ജനങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുകയാണ് ചെയ്തത്," പ്രതിപക്ഷ നേതാവ് വിമർശിച്ചു.

"സംസ്ഥാനത്തിൻ്റെ മോന്തായം വളഞ്ഞ അവസ്ഥയിലാണ്. കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുന്ന സമീപനമാണ് യുഡിഎഫിനുള്ളതെന്നും പിണറായി പറഞ്ഞു. "ജനകീയ വികസന മാതൃക ഇല്ലാതാക്കി. നടപ്പാക്കുന്നത് സംഘപരിവാർ അജണ്ടയാണ്. ഇത് യുഡിഎഫ് രാഷ്ട്രീയത്തിൻ്റെ ഭാഗമാണോ എന്ന് വ്യക്തമാക്കണം. സാമൂഹ്യ നീതിയിൽ ഊന്നിയ വികസന നയം ഇല്ലാതാക്കി. എല്ലാം കോർപറേറ്റ് ശക്തികൾ കയ്യടക്കാൻ അവസരം ഉണ്ടാക്കുന്നു. ആസൂത്രണ പ്രക്രിയ തന്നെ സ്വകാര്യ വ്യക്തികൾക്ക് അടിയറവയ്ക്കുകയാണ്. സാധാരണക്കാർ ഒന്നും പ്രതീക്ഷിക്കാൻ ഇല്ലാത്ത അവസ്ഥയിലാണ്. ബജറ്റിന് പുറത്തുനിന്ന് സ്വകാര്യ നിക്ഷേപത്തിന് സർക്കാർ ശ്രമിക്കുന്നു. കേരളത്തിൽ കുടുംബശ്രീയും സഹകരണ സംഘങ്ങളും വരെ ബഹുരാഷ്ട്ര കമ്പനികൾക്കൊപ്പം ചേർത്ത് സ്വകാര്യവത്കരിക്കുന്നു," പിണറായി വിജയൻ പറഞ്ഞു.

"കിഫ്ബിയെ പൂർണമായും ഇല്ലാതാക്കി. പൊതുജന സേവന മേഖലകളിൽ നീക്കിവയ്ക്കുന്ന ഫണ്ട്‌ കുറയും. കോർപറേറ്റുകൾക്കുള്ള നഷ്ടം സർക്കാർ നികത്തും. ഗവർണറുമായി സംഘർഷത്തിന് ഇല്ലെന്ന സർക്കാർ നിലപാട് വിചിത്രമാണ്. അവിശുദ്ധ നീക്കം ഇതിന് പിന്നിലുണ്ട്. കേന്ദ്ര സർക്കാരിന് മുന്നിൽ വഴങ്ങുകയാണ് യുഡിഎഫ്. മോദി സർക്കാരിന് മുന്നിൽ അടിയറവ് പറയുന്ന രീതിയാണ് ഇപ്പോഴുള്ളത്. സംസ്ഥാനത്ത് എത്ര എസ്ഐടി ഉണ്ടെന്നറിയാൻ എസ്ഐടി കമ്മീഷൻ വയ്‌ക്കേണ്ട അവസ്ഥയാണ്," പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

SCROLL FOR NEXT