പിഎം ശ്രീ Source: News Malayalam 24x7
KERALA

ഒരു സ്കൂള്‍ പോലും തിരഞ്ഞെടുത്തിട്ടില്ല, ഫണ്ടും നല്‍കിയിട്ടില്ല; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കിയിട്ടില്ലെന്ന് കേന്ദ്രം

പിഎം ശ്രീ സ്കൂളുകളുടെ പട്ടികയിൽ കേരളത്തിലെ സംസ്ഥാന സർക്കാർ സ്കൂളുകളുടെ എണ്ണം പൂജ്യമാണെന്നും കേന്ദ്രമന്ത്രി

Author : ന്യൂസ് ഡെസ്ക്

കേരളത്തില്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ധാരണാപത്രം ഒപ്പുവച്ചതല്ലാതെ, സ്കൂളുകള്‍ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കാളിയായിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കോണ്‍ഗ്രസ് എംപി ജെബി മേത്തറിന്റെ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരിയാണ് രാജ്യസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിട്ടില്ലെന്നും ജയന്ത് ചൗധരി അറിയിച്ചു.

പിഎം ശ്രീ സ്കൂളുകളുടെ പട്ടികയിൽ കേരളത്തിലെ സംസ്ഥാന സർക്കാർ സ്കൂളുകളുടെ എണ്ണം പൂജ്യമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ‌കേരളത്തിൽ തിരഞ്ഞെടുക്കപ്പെട്ട 47 സ്കൂളുകളും കേന്ദ്ര സർക്കാരിന് കീഴിലുള്ളവയാണ്. കേരളത്തിലെ പൊതുവിദ്യാലയങ്ങൾക്ക് പിഎം ശ്രീയുടെ യാതൊരു ഫണ്ടും ലഭിച്ചിട്ടില്ല. കേരളം കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവച്ചെങ്കിലും തുടർനടപടിയായ, സ്കൂളുകള്‍ തിരഞ്ഞെടുക്കാനുള്ള 'ചലഞ്ച് മോഡി'ല്‍ പങ്കാളിയായിട്ടില്ല. പിഎം ശ്രീ നടപ്പാക്കാത്ത കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ പദ്ധതിയിൽ തുക നൽകി. എസ്എസ്കെയിലെ റൈറ്റ് ടു എജ്യുക്കേഷൻ വിഹിതമായ 99.27 കോടി രൂപ മാത്രമാണ് കേരളത്തിന് കേന്ദ്രം നൽകിയത്. എം ശ്രീക്കായി പ്രത്യേകം ഫണ്ടുകളൊന്നും നൽകിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

2025 ഒക്ടോബര്‍ 16നാണ് സംസ്ഥാന സർക്കാർ പിഎം ശ്രീക്കായി കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പിട്ടത്. പ്രതിപക്ഷത്തുനിന്നും മുന്നണിക്കകത്തും വിമര്‍ശനം ഉയര്‍ന്നതോടെ, പദ്ധതി മരവിപ്പിച്ചു. അതില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പിട്ടതിനാല്‍ പിന്മാറാനാകില്ലെന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ പദ്ധതി കേരളത്തില്‍ നടപ്പാക്കിയിട്ടില്ലെന്ന് കേന്ദ്രം മറുപടി നല്‍കിയതോടെ പിഎം ശ്രീ വീണ്ടും ചര്‍ച്ചകളില്‍ നിറയും.

SCROLL FOR NEXT