കോഴിക്കോട്: ലഹരി വ്യാപനം തടയാൻ കോഴിക്കോട് നഗരത്തിൽ നടപടി ശക്തമാക്കി പൊലീസ്. ഈ വർഷം ഇതുവരെ മുന്നൂറിലധികം പേരാണ് വിവിധ ലഹരി കേസുകളിലായി പിടിയിലായത്. അന്തർസംസ്ഥാന ലഹരി മാഫിയയും വിദേശ പൗരന്മാരും പൊലീസിന്റെ വലയിലായിട്ടുണ്ട്. കോഴിക്കോട് നഗരത്തെ ലഹരിമുക്തമാക്കാനുള്ള പോലീസിന്റെ 'ലഹരി വിരുദ്ധ വേട്ട' ഫലം കാണുന്നതായാണ് കണക്കുകൾ പറയുന്നത്.
ഈ വർഷം ജനുവരി ഒന്ന് മുതലുള്ള കണക്കുകൾ പ്രകാരം 236 കേസുകളിലായി 314 പേരെയാണ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് നഗരത്തിലെ ലഹരി ഉപയോഗത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. ഒന്നര കിലോയിലധികം എംഡിഎംഎ, 51 കിലോയിലധികം കഞ്ചാവ്, മെത്താഫെറ്റാമിൻ, ബ്രൗൺ ഷുഗർ എന്നിവയും ഈ ചുരുങ്ങിയ കാലയളവിൽ പൊലീസ് പിടിച്ചെടുത്തു. ഇതിൽ 17 കേസുകൾ വലിയ അളവിലുള്ള ലഹരിക്കടത്തിനാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബാംഗ്ലൂരിൽ നിന്ന് വയനാട് വഴിയാണ് പ്രധാനമായും നഗരത്തിലേക്ക് ലഹരി എത്തുന്നത്.
ട്രെയിൻ മാർഗം ഡൽഹി, ഗോവ എന്നിവിടങ്ങളിൽ നിന്നും ലഹരിമരുന്നുകൾ ജില്ലയിലേക്ക് എത്തുന്നുണ്ട്. ഒരു പരിധിവരെ ലഹരിക്കച്ചവടം തടയനാകുന്നുണ്ടെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ മെറിൻ ജോസഫ് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 63 പേരാണ് ഈ വർഷം മാത്രം പിടിയിലായത്. വിദേശ പൗരന്മാരുടെ സാന്നിധ്യമാണ് ആശങ്കയുണ്ടാക്കുന്ന മറ്റൊരു ഘടകം. വരും ദിവസങ്ങളിലും കൂടുതൽ ശക്തമായ പരിശോധനകളുമായി മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം.