തിരുവനന്തപുരം: സംസ്ഥാനത്ത് പോക്സോ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഗ്രാമപ്രദേശങ്ങളിലെന്ന് കേരള പൊലീസിന്റെ കണക്കുകൾ. തിരുവനന്തപുരം സിറ്റിയിൽ ഈ വർഷം ജൂലൈ വരെ 151 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ജില്ലയിലെ റൂറൽ മേഖലയിൽ 266 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഭൂരിഭാഗം ജില്ലകളിലും സമാന അവസ്ഥയാണ്. 2811 കേസുകളാണ് സംസ്ഥാനത്താകെ ജൂലൈ വരെ റിപ്പോർട്ട് ചെയ്തത്. അതിൽ ഗ്രാമപ്രദേശങ്ങളിൽ മാത്രം 893 കേസുകളാണ് ഉള്ളത്.
നഗരപ്രദേശങ്ങളെക്കാൾ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഗ്രാമപ്രദേശങ്ങളിൽ ആണെന്ന് 2024ലെ കണക്കെടുക്കുമ്പോഴും കാണാൻ സാധിക്കും. ഈ വർഷം ജൂലൈ വരെ എറണാകുളം സിറ്റിയിൽ 94 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 164 കേസുകളാണ് ഗ്രാമപ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തത്. കോഴിക്കോട് സിറ്റിയിൽ 129 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഗ്രാമപ്രദേശത്ത് 148 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
2024ൽ ആകെ 4594 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതിൽ തിരുവനന്തപുരം റൂറൽ മേഖലയിൽ മാത്രം 408 കേസുകൾ. എറണാകുളത്തെ നഗരപ്രദേശങ്ങളിൽ 167 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്തപ്പോൾ ഗ്രാമപ്രദേശത്ത് 270 കേസുകൾ. കൊല്ലത്തും കോഴിക്കോടും സമാന അവസ്ഥയാണ്. നിയമ സംവിധാനങ്ങളുടെ കൃത്യമായ ഇടപെടലുകൾ കൂടുതൽ ആൾക്കാരെ അതിക്രമം തുറന്നുപറയാൻ പ്രോത്സാഹിപ്പിക്കുന്നു എന്നും കണക്കുകളിലൂടെ മനസ്സിലാക്കാം.
2025ലെ ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 602 കേസുകൾ. തൊട്ടുപിന്നിൽ മലപ്പുറം 506 കേസുകൾ. ഏറ്റവും കുറവ് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്ത ജില്ല കാസർകോടാണ്.