മലപ്പുറം: ഗതാഗത നിയമ ലംഘനത്തിന് ഫൈൻ അടക്കാൻ വൈകിയാൽ, ജില്ല ആസ്ഥാനങ്ങളിൽ എത്തി തുക അടക്കണമെന്ന പൊലിസിൻ്റെ വിചിത്ര രീതി ജനങ്ങളെ വലക്കുന്നു. ഉടമ അറിയാതെ വാഹനങ്ങളുടെ ഫോട്ടോ എടുത്ത് ചുമത്തുന്ന പിഴക്ക് നോട്ടിസ് അയക്കാനും പൊലീസ് തയ്യാറാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്നതിനും ഉൾപടെ പൊലീസ് ചുമത്തുന്ന പിഴ രണ്ടു മാസത്തിനകം വിർച്ച്വൽ കോർട്ടിൽ അടക്കാം. ഇല്ലെങ്കിൽ അത് ഓപ്പൺ കോർട്ടിലേക്ക് മാറും. എന്നാൽ ഇതൊന്നും വാഹന ഉടമയെ അറിയാനുള്ള സംവിധാനം പൊലിസിനില്ല എന്നാണ് പരാതി.
വാഹനത്തിന് എന്നെങ്കിലും ചുമത്തിയ പിഴയെ കുറിച്ച് ഉടമ അറിയുന്നതാകട്ടെ വാഹന കൈമാറ്റം നടക്കുമ്പോഴോ, ഫിറ്റ്നസ് ടെസ്റ്റിന് പോകുമ്പോഴോ മാത്രമാണ്. അപ്പോഴേക്കും പിഴയിട്ട് രണ്ട് മാസം കഴിഞ്ഞിട്ടുണ്ടെങ്കിൽ ജില്ല ആസ്ഥാനങ്ങളിലുള്ള ക്രൈം റിക്കോർഡ്സ് ബ്യൂറോകളിൽ എത്തിയിലെ കാര്യം നടക്കു. അതായത് തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത വാഹനം കാസർഗോഡ് എത്തിയപ്പോൾ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ, പിഴ അടക്കാൻ കാസർഗോഡ് തന്നെ എത്തണം എന്നർഥം.
സമാന നിയമലംഘനങ്ങളുടെ പിഴ അടക്കാൻ മോട്ടോർ വാഹന വകുപ്പ് ഓൺലൈൻ വഴി അവസരമൊരുക്കിയിട്ടുണ്ട്. ഇതേ രീതിയിൽ പൊലീസും പിഴുതുക അടക്കാൻ സൗകര്യമൊരുക്കിയാൽ മാത്രമെ ജനങ്ങളുടെ പ്രയാസത്തിന് പരിഹാരമുണ്ടാവുകയുള്ളൂ.