തിരുവനന്തപുരം: 'എൻടിഎൽ' എന്ന വ്യാജ ആപ്പ് വഴി സംസ്ഥാനത്ത് വൻ ഓൺലൈൻ നിക്ഷേപ തട്ടിപ്പ് നടക്കുന്നതായി കേരള പൊലീസ്. വീട്ടിലിരുന്ന് ഉയർന്ന വരുമാനം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. വാട്സ്ആപ്പ്, ടെലിഗ്രാം എന്നിവ വഴിയാണ് ഇരകളെ തട്ടിപ്പുകാർ കണ്ടെത്തുന്നത്.
ആദ്യം വ്യാജ ലിങ്കുകൾ അയച്ചുനൽകി ആളുകളെ 'എൻടിഎൽ' എന്ന ആപ്പ് ഡൗൺലോഡ് ചെയ്യിക്കും. പിന്നാലെ വിശ്വാസം നേടിയെടുക്കാൻ തുടക്കത്തിൽ ചെറിയ കമ്മീഷൻ പിൻവലിക്കാൻ അനുവദിക്കും. വലിയ തുക നിക്ഷേപിച്ചാൽ പണം പിൻവലിക്കാനാകാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പിന്നീട് തുക പിൻവലിക്കാൻ പ്രൊസസിംഗ് ഫീസും നികുതിയും ആവശ്യപ്പെട്ട് വീണ്ടും പണം തട്ടുന്നതാണ് രീതി.
ഇത്തരം തട്ടിപ്പ് ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി. ബാങ്ക് വിവരങ്ങളും ഒ.ടി.പി, യു.പി.ഐ പിൻ എന്നിവ പങ്കുവയ്ക്കരുത്. തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുക.