തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്കായുള്ള കേരള പൊലീസിന്‍റെ നിര്‍ഭയ നിശ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിര്‍വ്വഹിക്കും. സ്ത്രീകൾക്ക് രാത്രികാലങ്ങളിലും പൂർണ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എസ്ഒഎസ് ബട്ടണ്‍, 112 ഹെല്‍പ്പ് ലൈന്‍, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍, ഹൈവേ പട്രോള്‍, പിങ്ക് പട്രോള്‍ വാഹനങ്ങള്‍ തുടങ്ങിവയുടെ ഏകോപനത്തിലൂടെ അടിയന്തര സഹായം ലഭ്യമാക്കുന്നതിനുള്ള നൂതന പദ്ധതിയാണ് നിര്‍ഭയ നിശ പദ്ധതി. അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് എട്ടിന് സംസ്ഥാനത്തെ 14 ജില്ലകളിലും പദ്ധതി നടപ്പിലാക്കും.
നിര്‍ഭയ നിശ പദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ അധികമായി യാത്ര ചെയ്യുന്ന ഇടങ്ങളിൽ എ.ഐ. ക്യാമറകൾ, അലാറം, പാനിക് ബട്ടന്‍ കുറ്റവാളികളെ തിരിച്ചറിയുന്നതിനായി ഫേഷ്യല്‍ റിക്കവേഷന്‍ സംവിധാനത്തോടു കൂടിയതുമായ നിര്‍ഭയ നിശ സേഫ്റ്റി പോളുകള്‍ സ്ഥാപിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. നിര്‍ഭയ പോളുകള്‍ സ്ഥാപിക്കുന്നതു വഴി പ്രതിസന്ധി ഘട്ടങ്ങളില്‍ പൊലീസ് സേവനം എത്രയും വേഗം എത്തിക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. സ്ത്രീ സുരക്ഷയിൽ സംസ്ഥാന സർക്കാരിന്റെ സുപ്രധാന ചുവടുവയ്പ്പായാണ് പദ്ധതിയെ വിലയിരുത്തുന്നത്.