KERALA

ഹിമാചലില്‍ നിന്ന് കറന്റ് കിട്ടില്ല; കേരളം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്ക്

രാത്രി കാലങ്ങളില്‍ 1280 മെഗാവാട്ട് വരെ 14.50 രൂപയ്ക്ക് നല്‍കുമെന്നായിരുന്നു ഹിമാചല്‍ അറിയിച്ചിരുന്നത്. എന്നാല്‍, കേരളത്തിന്റെ തീരുമാനം വൈകിയതിനാല്‍ ഹിമാചല്‍ പിന്മാറി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്. നവംബറില്‍ ഗുരുതര വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്നും അടുത്ത വര്‍ഷം മെയ് വരെ ഇത് തുടരുമെന്നുമാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്.

രാത്രികാലങ്ങളില്‍ ഹിമാചല്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത വൈദ്യുതി ലഭിക്കില്ല. റിയല്‍ ടൈം മാര്‍ക്കറ്റില്‍ വൈദ്യുതി ലഭിച്ചില്ലെങ്കില്‍ നിയന്ത്രണമല്ലാതെ മറ്റ് വഴികളില്ലെന്ന് ഇന്ന് ചേര്‍ന്ന കെഎസ്ഇബി ഡയറക്ടര്‍ ബോര്‍ഡ് യോഗം വിലയിരുത്തി.

നവംബറില്‍ 1280 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. ഈ പ്രതിസന്ധി 2027 മേയ് വരെ തുടരും. കേരളത്തിന് രാത്രി കാലങ്ങളില്‍ 1280 മെഗാവാട്ട് വരെ 14.50 രൂപയ്ക്ക് നല്‍കുമെന്നായിരുന്നു ഹിമാചല്‍ അറിയിച്ചിരുന്നത്. എന്നാല്‍, കേരളത്തിന്റെ തീരുമാനം വൈകിയതിനാല്‍ ഹിമാചല്‍ പിന്മാറി.

കേരളത്തിന് നല്‍കാമെന്ന് അറിയിച്ചിരുന്ന വൈദ്യുതി ഹിമാചലുമായി രാജസ്ഥാന്‍ 15.50 രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചു. ഹിമാചല്‍ വൈദ്യുതി വാങ്ങാന്‍ കഴിഞ്ഞ മാസം കെഎസ്ഇബി നല്‍കിയ അപേക്ഷയില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നില്ല.

റിയല്‍ ടൈം മാര്‍ക്കറ്റില്‍ വൈദ്യുതി ലഭിച്ചില്ലെങ്കില്‍ നിയന്ത്രണം വേണ്ടി വരുമെന്നാണ് കെഎസ്ഇബി വിലയിരുത്തല്‍. നിയന്ത്രണമല്ലാതെ മറ്റ് വഴികളില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി.

SCROLL FOR NEXT