സ്വകാര്യ ബസുടമകൾ ഈ മാസം 22ന് നടത്താനിരുന്ന സമരം പിൻവലിച്ചു. ഗതാഗത മന്ത്രിയുമായി സ്വകാര്യ ബസ് ഉടമകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. ബസ് ഓപ്പറേറ്റേഴ്സ് ഫോറമാണ് സമരം പിൻവലിച്ചത്. വിദ്യാർഥികളുടെ കൺസഷൻ വിഷയത്തിൽ അടുത്തയാഴ്ച വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തും. വിദ്യാർഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കുക, പെർമിറ്റ് പുതുക്കി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് ബസ് തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.
സ്വകാര്യ ബസ് ഉടമകളുടെ 99 ശതമാനം കാര്യങ്ങളും അംഗീകരിച്ചുവെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് പിന്നാലെ പ്രതികരിച്ചു. രാഷ്ട്രീയ തീരുമാനം വേണ്ട കാര്യങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കൺസഷൻ കാര്യത്തിൽ വിദ്യാർഥികളുമായി ചർച്ച നടത്തും. ചെറിയ വർധനവ് ആകാമെന്ന് റിപ്പോർട്ട് ലഭിച്ചിരുന്നു. സമവായം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം, കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ, കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ എന്നിവർ സമരവുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ്. പ്രധാന ആവശ്യങ്ങളിൽ തീരുമാനമായിട്ടില്ലെന്നും സമരവുമായി മുന്നോട്ടുപോകുമെന്നും സംഘടനകൾ അറിയിച്ചു. പെർമിറ്റിന്റെ വിഷയത്തിൽ തീരുമാനമായില്ല. പെർമിറ്റ് വിഷയത്തിൽ 28 കൊല്ലമായി കേസ് നടത്തുന്നു. വിദ്യാർഥികളുടെ നിരക്ക് വർധനയിൽ 14 വർഷമായി ഒരേ നിരക്ക് തുടരുന്നുവെന്നും സംഘടനകൾ പ്രതികരിച്ചു. വിദ്യാർഥി സംഘടനകളോട് ചർച്ച ചെയ്താൽ അവർ സമ്മതിക്കുമോ. പാൽ വില കൂട്ടുന്നത് ആളുകളോട് ചോദിച്ചിട്ടാണോ, സമരവുമായി മുന്നോട്ടു പോകുമെന്നും സംഘടനകൾ കൂട്ടിച്ചേർത്തു.