കൊച്ചി: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. മഴ ശക്തമായ സാഹചര്യത്തില്‍ ഒന്‍പത് ജില്ലകളില്‍ ഇന്ന് ((26-07-2025) ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളില്‍ യെല്ലോ അലേർട്ടും.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ നാളെ (27-07-2025) ഒരു ജില്ലകളിലും റെഡ്, ഓറഞ്ച് അലേർട്ടുകളില്ല. എന്നാല്‍ ശക്തമായ മഴ തുടരാനാണ് സാധ്യത.
സംസ്ഥാനത്ത് ഉയർന്ന തിരമാല ജാഗ്രതാ നിർദേശവും നിലവിലുണ്ട്. കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ) ജില്ലയിലെ തീരങ്ങളിൽ ഇന്ന് (26/07/2025) വൈകുന്നേരം 05.30 മുതൽ 27/07/2025 പകൽ 05.30 വരെ 2.8 മുതൽ 3.1 മീറ്റർ വരെയും, കണ്ണൂർ- കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് (26/07/2025) വൈകുന്നേരം 05.30 മുതൽ 28/07/2025 വൈകുന്നേരം 05.30 വരെ 3.2 മുതൽ 3.5 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനാണ് നിർദേശം.