AI Generated Image News Malayalam
KERALA

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോതമംഗലം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നാളെ (വ്യാഴാഴ്ച) മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. എറണാകുളം ജില്ലയില്‍ കോതമംഗലം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

കണ്ണൂര്‍ ഇരിട്ടി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയാണ് അവധി. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

തൃശൂര്‍ ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

വയനാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍, റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മദ്രസ്സകള്‍ക്കും അംഗന്‍വാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

ഇടുക്കി ജില്ലയില്‍ റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഒഴികെയുള്ള മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം, വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. കോഴിക്കോട് മലയോര മേഖലയില്‍ കനത്ത മഴയാണ്. പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കി മാങ്കുളം റോഡിലെ കലുങ്ക് ഇടിഞ്ഞുതാണു. പാമ്പുകയം മേഖല ഒറ്റപ്പെട്ടു. വയനാട്, മലപ്പുറം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരവും കൊല്ലവും ഒഴിച്ചുള്ള 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.

വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദുരന്ത സാധ്യത നേരിടുന്ന ദുര്‍ബല പ്രദേശങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിരോധിച്ച് ഉത്തരവായി. ക്വാറികള്‍ക്കും യന്ത്രസഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിനും ഏര്‍പ്പെടുത്തിയ നിരോധനം തുടരുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു.

കണ്ണൂര്‍ ജില്ലയില്‍ വളപട്ടണം പുഴയുടെ കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി തുടരുന്ന സാഹചര്യത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

SCROLL FOR NEXT