സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് മരണം ,വ്യാപക നാശനഷ്ടം. വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ആലപ്പുഴയിലും, കണ്ണൂരിലും, പത്തനംതിട്ടയിലുമുണ്ടായ വെള്ളപ്പൊക്കത്തിൽ വീടുകളിൽ വെള്ളം കയറി. ആലപ്പുഴയിൽ ഗതാഗതം സ്തംഭിച്ചു. കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. ഇതിനിടെ ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമുൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതിയും ഉയരുന്നുണ്ട്. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടർ ഇന്നു തുറക്കും.
സംസ്ഥാനത്ത് ദുരിതപെയ്തത് കനക്കുമ്പോൾ തീവ്ര ജാഗ്രതയാണ് ജില്ലകൾക്ക് നൽകിയിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, മറ്റു ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും സംസ്ഥാനത്തൊട്ടാകെ കനത്ത നാശനഷ്ടവും ആൾനാശവുമുണ്ടാക്കി.
മഴക്കെടുതിയിൽ മൂന്നുപേർക്ക് ജീവൻ നഷ്ടമായി. ആലപ്പുഴ ഹരിപ്പാട് മത്സ്യബന്ധനത്തിനിടെ പള്ളിപ്പാട് സ്വദേശി സ്റ്റീവാണ് മരിച്ചത്. വള്ളം മറിഞ്ഞുണ്ടായ അപകടത്തിലാണ് മരണം. കായംകുളം കട്ടച്ചിറയിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. ചക്കാലത്ത് കിഴക്കതിൽ പത്മകുമാറാണ് മരിച്ചത്. കുമ്പളം ഫെറിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ആളുടെ മൃതദേഹം വൈപ്പിൻ ബോട്ട് ജെട്ടിയിൽ നിന്നും ലഭിച്ചു. പറവൂർ സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്.
ആലപ്പുഴയിലും കണ്ണൂരിലും പത്തനംതിട്ടയിലും പെയ്ത കനത്ത മഴയിൽ ഇന്നും വെള്ളപ്പൊക്കമുണ്ടായി. കുട്ടനാടിന്റെ വിവിധ മേഖലകളിൽ വെള്ളം കയറി. പയ്യന്നൂരിലും, തിരുവല്ല, പന്തളം മേഖലകളിലും വെള്ളം പൊങ്ങി. വീടുകളിലും, റോഡുകളിലും വെള്ളം കയറി. വെള്ളപ്പൊക്കഭീഷണിയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി.
ആലപ്പുഴ തലവടി പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ നൂറിലധികം കുടുംബങ്ങളാണ് ഉള്ളത്. മഴ ശക്തമായ കോട്ടയം ജില്ലയിൽ 46 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്.. 333 കുടുംബങ്ങളിലെ 1136 പേരെയാണ് ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചത്. ചക്കുളത്ത്കാവിലെ ദുരിതാശ്വാസ ക്യാമ്പിൽ മതിയായ ഭക്ഷണവും, അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നില്ലെന്ന ആരോപണവും ഉയർന്നു. കഴിഞ്ഞ ദിവസം ക്യാമ്പിലെത്തിയവരാണ് പരാതി ഉന്നയിച്ചത്.
ശക്തമായ കാറ്റിനെത്തുടർന്ന് വിവിധ ജില്ലകളിൽ മരങ്ങൾ കടപുഴകി വീണും അപകടമുണ്ടായി. തിരുവല്ല ഉത്രമേൽ ക്ഷേത്രത്തിലെ ആൽമരം കടപുഴകി വീണു. കണ്ണൂർ ആലച്ചേരിയിൽ പഴയ കെട്ടിടം തകർന്നുവീണു, ആലച്ചേരി സ്വദേശ ചന്തുക്കുട്ടി നായരുടെ ഇരുനില കെട്ടിടമാണ് തകർന്നത്. തിരുവല്ല അമ്പലപ്പുഴ സംസ്ഥാനപാതയിൽ വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് കെഎസ്ആർടിസി ബസ് സർവീസുകൾ നിർത്തിവെച്ചു പാതയിൽ ഗതാഗതം പൂർണമായും നിയന്ത്രിച്ചിട്ടുണ്ട്. സർവീസ് നിയന്ത്രിച്ചതോടെ തലവടി ഉൾപ്പടെയുള്ള പ്രദേശങ്ങൾ കനത്ത മഴയിൽ ഒറ്റപ്പെടും.