റേഷൻ വിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഗോഡൗണുകളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കാൻ സർക്കാർ നീക്കം. 
KERALA

പാവപ്പെട്ടവരുടെ അരിയും ധാന്യങ്ങളും കൊള്ളയടിച്ചു; റേഷന്‍ കൊള്ളയില്‍ കര്‍ശന നടപടിയെന്ന് മന്ത്രി

സര്‍ക്കാരിനുണ്ടായ നഷ്ടം ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ നടന്നത് വന്‍ റേഷന്‍ കൊള്ളയില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് മനപൂര്‍വമായ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിനുണ്ടായ നഷ്ടം ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും. റേഷന്‍ കടകളിലേക്ക് സാധനങ്ങള്‍ എത്തിക്കുമ്പോള്‍ അളവിലും തൂക്കത്തിലും കൃത്യത ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തട്ടിപ്പുകള്‍ തടയുന്നതിനായി ഗോഡൗണുകള്‍ 177-ല്‍ നിന്ന് 91 ആയി കുറയ്ക്കാനും എല്ലാ കേന്ദ്രങ്ങളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാനും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ വന്‍ റേഷന്‍ കൊള്ള നടന്നുവെന്നാണ് സപ്ലൈകോ എം.ഡി.യുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ ഗോഡൗണുകളില്‍ നിന്നും സപ്ലൈകോ കേന്ദ്രങ്ങളില്‍ നിന്നും 5,300 ടണ്ണിലധികം റേഷന്‍ ഭക്ഷ്യധാന്യങ്ങളാണ് കടത്തിയത്. പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യേണ്ട അരിയും മറ്റ് ധാന്യങ്ങളും കരിഞ്ചന്തയിലേക്ക് ചോര്‍ത്തിയതിലൂടെ സര്‍ക്കാരിന് 15.72 കോടി രൂപയുടെ നഷ്ടമുണ്ടായി.

തട്ടിപ്പില്‍ പങ്കാളികളായ 34 ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തു. ആലപ്പുഴ, മലപ്പുറം, കൊല്ലം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ക്രമക്കേട് കണ്ടെത്തിയത്. സപ്ലൈകോ എംഡിയുടെ റിപ്പോര്‍ട്ട് ന്യൂസ് മലയാളത്തിന് ലഭിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. കഴിഞ്ഞ 10 വര്‍ഷ കാലയളവില്‍ കണ്ടെത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 14 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

SCROLL FOR NEXT