KERALA

കലോത്സവത്തിൻ്റെ നിറം കെടാതെ കാത്തവർ; ആരവങ്ങൾക്ക് അപ്പുറം വെളിച്ചം തെളിയുന്ന വേദിക്ക് പിന്നിൽ ശബ്ദമില്ലാതെ പണിയെടുത്തവർ

500 ഓളം അധ്യാപകരും മറ്റു ഉദ്യോഗസ്ഥരുമാണ് സംഘാടകസമിതിയുടെ ഭാഗമായി കലോത്സവത്തിന്റെ പിന്നണിയിൽ ഉള്ളത്

Author : ലിൻ്റു ഗീത

തൃശൂർ: കാര്യമായ പരാതികൾ ഇല്ലാതെ ആണ് ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരശീല വീഴുന്നത്. ശക്തന്റെ മണ്ണിൽ തിങ്ങി നിറഞ്ഞ ജനസാഗരം കലോത്സവം മതിയാവോളം ആസ്വദിച്ചു. എന്നാൽ ഒരുക്കങ്ങളുടെ ആദ്യഘട്ടം മുതൽ ഒടുക്കം വരെയും കലോത്സവത്തിന് ഒപ്പം ഉണ്ടായിരുന്ന, എന്നാൽ കലോത്സവം കാണാത്ത കുറച്ച് ആളുകൾ കൂടിയുണ്ട്.

അധ്യാപകർ, സെക്യൂരിറ്റി ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, മൈക്ക് ഓപ്പറേറ്റർമാർ, പാചക തൊഴിലാളികൾ, ഡ്രൈവർമാർ. അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത പേര് പരാമർശിക്കാതെ പോകുന്നവർ. ഈ കലാപൂരത്തിന്റെ നട്ടെല്ലായവർ അവരായിരുന്നു. ആരവങ്ങൾക്ക് അപ്പുറം വെളിച്ചം തെളിയുന്ന വേദിക്ക് പിന്നിൽ ശബ്ദമില്ലാതെ പണിയെടുക്കുന്ന നൂറുകണക്കിന് ആളുകളുടെ കൂട്ടായ പരിശ്രമം.

500 ഓളം അധ്യാപകരും മറ്റു ഉദ്യോഗസ്ഥരുമാണ് സംഘാടകസമിതിയുടെ ഭാഗമായി കലോത്സവത്തിന്റെ പിന്നണിയിൽ ഉള്ളത്. പിഴവില്ലാത്ത മത്സരക്രമങ്ങളിലും മറ്റ് ക്രമീകരണങ്ങൾക്കും വേണ്ടിയുള്ളതായിരുന്നു അവരുടെ പ്രവർത്തനങ്ങൾ. ഉത്തരവാദിത്ത കലോത്സവത്തിൽ ഓരോ ദിവസവും വേദിയും പരിസരവും ശുചീകരിച്ച ശുചീകരണ തൊഴിലാളികൾ. സംഘാടകസമിതി വാഹനങ്ങളുടെ ഡ്രൈവർമാർ. ആംബുലൻസ് ഡ്രൈവർമാർ, ഓട്ടോറിക്ഷ തൊഴിലാളികൾ, പൊലീസ് - ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ. ഒത്തൊരുമയുടെ നേർസാക്ഷ്യം കൂടിയായിരുന്നു സംസ്ഥാന സ്കൂൾ കലോത്സവം.

കലോത്സവം പൂർണമായും കാണാൻ പറ്റാത്തതിന്റെ വിഷമം സെക്യൂരിറ്റി ജീവനക്കാർ പങ്കുവെച്ചു. തിരക്ക് നിയന്ത്രണത്തിന്റെ ചുക്കാൻ പിടിച്ചത് അവരായിരുന്നു. ലൈറ്റ് ആൻഡ് സൗണ്ട് തൊഴിലാളികളും ഏറ്റവും മികച്ച ഭക്ഷണം തയ്യാറാക്കിയ പാചക തൊഴിലാളികളും പരിപാടിയുടെ മാറ്റ് കൂട്ടി. അങ്ങനെ ഒരുപാട് മനുഷ്യർ നൽകിയ ചെറുതും വലുതുമായ സംഭവനകളുടെ ആകെ തുകയാണ് ഇന്ന് കൊടിയിറങ്ങുന്ന കലാപൂരം. മനുഷ്യധ്വാനത്തിന്റെ ഭൂമിയായി മാറുകയായിരുന്നു അക്ഷരാർത്ഥത്തിൽ തേക്കിൻകാട് മൈതാനം.

SCROLL FOR NEXT