തിരുവനന്തപുരം: സ്ഥാനക്കയറ്റം ലഭിക്കാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ പ്രതിസന്ധിയില്‍. പ്രൈമറി, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 757 സ്‌കൂളുകളില്‍ സ്ഥിരം പ്രധാന അധ്യാപകരില്ല. സമയബന്ധിതമായി അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നില്ലെന്നാണ് ആരോപണം. എന്നാല്‍ സാവകാശം പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചിട്ടും ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ വിദ്യാഭ്യാസ വകുപ്പ് നികത്തിയിട്ടില്ല. പ്രൈമറി വിഭാഗത്തിലെ 658 സ്‌കൂളുകളില്‍ ഇപ്പോഴും സ്ഥിരം ഹെഡ്മാസ്റ്റര്‍മാരില്ല. മലപ്പുറത്ത് ഈ പ്രതിസന്ധി നേരിടുന്നത് 136 സ്‌കൂളുകളില്‍ ആണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 99 സ്‌കൂളുകളിലാണ് സ്ഥിരം പ്രിന്‍സിപ്പല്‍മാരില്ലാത്തത്.
സമയബന്ധിതമായി അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് അലംഭാവം കാണിക്കുന്നു എന്നാണ് പ്രധാന ആരോപണം. സെന്‍സസ് നടപടികള്‍ മൂലം സ്ഥലംമാറ്റങ്ങള്‍ റദ്ദാക്കിയതും പ്രതിസന്ധിക്ക് കാരണമായി അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു . നിയമനങ്ങളുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ ഉണ്ടെന്നും സാവകാശത്തോടെ എല്ലാം പരിഹരിക്കുമെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.