കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയില്‍ കേരളം ഒപ്പുവെച്ചതില്‍ വ്യാപക വിമര്‍ശനം. മുഖ്യന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കെഎസ്‌യു രംഗത്തെത്തി. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട പിണറായി സര്‍ക്കാര്‍ ചെയ്തത് സവര്‍ക്കര്‍ ചെയ്തതിനേക്കാള്‍ വലിയ നെറികേടെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പ്രതികരിച്ചു.
കേരളത്തിന്റെ കലാലയങ്ങളില്‍ ഗോഡ്‌സെയും ഗോള്‍വാള്‍ക്കറും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരനായകരായി വരും തലമുറ പഠിക്കേണ്ടി വന്നാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സിപിഐഎമ്മിനും പിണറായി സര്‍ക്കാരിനും ആയിരിക്കുമെന്ന് അലോഷ്യസ് സേവ്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കെഎസ്‌യു സെക്രട്ടറി അരുണ്‍ രാജേന്ദ്രനും രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സിപിഐ അടക്കമുള്ള ഘടകകക്ഷികളുടെ എതിര്‍പ്പ് വകവെക്കാതെയാണ് കേരളം പിഎം ശ്രീയില്‍ ഒപ്പുവെച്ചത്. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയില്‍ ഒപ്പുവെച്ചത്.
ഇതോടെ, തടഞ്ഞു വച്ച ഫണ്ട് ഉടന്‍ നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു. മൂന്ന് തവണ സിപിഐ എതിര്‍ത്ത പദ്ധതിയാണ് ഇടത് സര്‍ക്കാര്‍ ഒപ്പുവെച്ചത്. സിപിഐക്കു പുറമെ, പദ്ധതിയില്‍ ഒപ്പ് വെക്കുന്നതിനെതിരെ ആര്‍ജെഡിയും രംഗത്തെത്തിയിരുന്നു.