സിസ തോമസ്, കെ. ശിവപ്രസാദ്  
KERALA

താൽക്കാലിക വിസിമാരുടെ നിയമനം: ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍, തിരുത്താന്‍ ആവശ്യപ്പെടും, പുതിയ പാനല്‍ സമര്‍പ്പിക്കാനും തീരുമാനം

ഗവര്‍ണര്‍ കോടതി വിധി ലംഘിച്ചുവെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെയും അറിയിക്കും.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കെടിയു, ഡിജിറ്റൽ സർവകലാശാലയിലെ താൽക്കാലിക വിസിമാരെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിനെതിരെ സര്‍ക്കാര്‍. ഡിജിറ്റൽ സർവകലാശാല വി,സിയായി സിസ തോമസിനെയും, കെടിയു സർവകലാശാല വി,സിയായി കെ. ശിവപ്രസാദിനെയും നിയമിച്ച നടപടി തിരുത്താന്‍ സര്‍ക്കാര്‍ ചാന്‍സലറായ ഗവര്‍ണറോട് ആവശ്യപ്പെടും. ഉടന്‍ പുതിയ പാനല്‍ സമര്‍പ്പിക്കാനുമാണ് തീരുമാനം. സർവകലാശാല നിയമത്തിലെ 12-ാം വകുപ്പ് പ്രകാരമാണ് നീക്കം. ഗവര്‍ണര്‍ കോടതി വിധി ലംഘിച്ചുവെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെയും അറിയിക്കും.

സുപ്രീം കോടതി ഉത്തരവനുസരിച്ചാണ് സിസ തോമസിനെയും ശിവപ്രസാദിനെയും താല്‍ക്കാലിക വി,സിമാരായി നിയമിച്ചുകൊണ്ട് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. സ്ഥിരം വി.സിമാരെ ഉടന്‍ നിയമിക്കണമെന്നും അതുവരെ നിലവിലുള്ളവരെ നിയോഗിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാമെന്നുമായിരുന്നു സുപ്രീം കോടതി നിര്‍ദേശം. പിന്നാലെയാണ്, സര്‍വകലാശാല ചട്ടപ്രകാരം ആറ് മാസത്തേക്ക് ഇരുവരെയും നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ ഇരുവരും ചുമതലയേല്‍ക്കുകയും ചെയ്തു.

സിസ തോമസിനെയും ശിവപ്രസാദിനെയും ഗവര്‍ണര്‍ താല്‍ക്കാലിക വി.സിമാരായി നിയമിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍നിന്നു തന്നെ താല്‍ക്കാലിക വി.സിമാരെ നിയമിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. പിന്നാലെ, താല്‍ക്കാലിക വി.സിമാരെ നിയമിക്കുന്നതിനുള്ള പാനല്‍ സര്‍ക്കാര്‍ നല്‍കി. എന്നാല്‍, ഡിവിഷന്‍ ബെഞ്ച് തീരുമാനത്തെ ചോദ്യം ചെയ്ത് ഗവര്‍ണര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരെയും വീണ്ടും നിയമിച്ചത്.

SCROLL FOR NEXT