Source: News Malayalam 24x7
KERALA

കൗമാരകലാപൂരത്തിന് തുടക്കം; 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു

ആനന്ദാനുഭവം സൃഷ്ടിക്കുക മാത്രമല്ല കലയുടെ ധർമം, സാമൂഹ്യസ്ഥിതി പൊളിച്ചെഴുതുന്നതിൽ കലയുടെ പങ്ക് ചരിത്രം പരിശോധിച്ചാൽ മനസിലാക്കാനാകുമെന്നും മുഖ്യമന്ത്രി വേദിയിൽ സംസാരിച്ചു...

Author : അഹല്യ മണി

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു. 70 വർഷം കൊണ്ട് കലോത്സവത്തിന് വന്ന മാറ്റം അമ്പരിപ്പിക്കുന്നതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

1966ൽ 200 പേർ മാത്രമായിരുന്ന മത്സരാർഥികൾ ഇന്ന് 10,000ലധികം പിന്നിട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ കലോത്സവം വിജയകരമാവാൻ എല്ലാവരുടെയും സഹകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ആനന്ദാനുഭവം സൃഷ്ടിക്കുക മാത്രമല്ല കലയുടെ ധർമം. സാമൂഹ്യസ്ഥിതി പൊളിച്ചെഴുതുന്നതിൽ കലയുടെ പങ്ക് ചരിത്രം പരിശോധിച്ചാൽ മനസിലാക്കാനാവും. പൊള്ളുന്ന ജീവിതാനുഭവങ്ങളെ ചൂണ്ടിക്കാട്ടാൻ കലയിലൂടെ കഴിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തേക്കിൻകാട് മൈതാനിയിലെ 'സൂര്യകാന്തി' എന്ന പ്രധാന വേദിയിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ നടന്നത്. മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാജൻ, നടി റിയാ ഷിബു എന്നിവർ സന്നിഹിതരായിരുന്നു. കലോത്സവ കൊടി പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ് ഉയർത്തി. ചടങ്ങുകൾക്ക് മുന്നോടിയായി പാണ്ടിമേളവും അരങ്ങേറി.

ജനുവരി 18 വരെ നീണ്ടുനില്‍ക്കുന്ന കലാമാമാങ്കത്തില്‍ 15,000-ത്തിലധികം വിദ്യാര്‍ഥി പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. 24 വേദികളിലായി ഇനിയുള്ള അഞ്ച് ദിവസം കേരളത്തിലെ കൗമാര പ്രതിഭകളുടെ മത്സരാവേശം കാണാം. പൂക്കളുടെ പേരുകളുള്ള 25 വേദികളിലായാണ് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന മത്സരങ്ങള്‍ നടക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളകളിലൊന്നായ സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുമ്പോള്‍ നഗരം വലിയൊരു ആഘോഷത്തിനായുള്ള കാത്തിരിപ്പിലാണ്.

SCROLL FOR NEXT