കേരള സർവകലാശാല വിസി മോഹനന്‍‌ കുന്നുമ്മല്‍ Source: Screengrab/ News Malayalam 24x7
KERALA

"എഴുത്തും വായനയും അറിയാത്തവരെ അനുസരിക്കേണ്ട കാര്യമില്ല"; ഇടത് സിൻഡിക്കേറ്റ് അംഗങ്ങളെ അധിക്ഷേപിച്ച് കേരള സർവകലാശാല വി. സി

രജിസ്ട്രാറുടെ സസ്പെൻഷനിൽ ഹൈക്കോടതി വിമർശനമുയർന്നതിന് പിന്നാലെയാണ് വി. സിയുടെ അധിക്ഷേപം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഇടത് സിൻഡിക്കേറ്റ് അംഗങ്ങളെ അധിക്ഷേപിച്ച് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. ഇടത് അംഗങ്ങൾ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണെന്നായിരുന്നു മോഹനൻ കുന്നുമ്മലിൻ്റെ അധിക്ഷേപം. എഴുത്തും വായനയും അറിയാത്തവർ പറയുന്നത് അനുസരിക്കേണ്ട കാര്യമില്ലെന്നും വി. സി. ജീവനക്കാരുടെ സംഘടന പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലായിരുന്നു മോഹനൻ കുന്നുമ്മലിന്റെ വിമർശനം.

ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ സിൻഡിക്കേറ്റ് റൂമിലേക്ക് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തിയെന്ന ജീവനക്കാരുടെ പരാതിയിലാണ് വി.സി അടിയന്തര യോഗം വിളിച്ചത്. സിപിഐ, കോൺഗ്രസ്, ബിജെപി അനുകൂല സംഘടനാ പ്രതിനിധികൾ പങ്കെടുത്ത ഈ യോഗത്തിലായിരുന്നു ഡോ. മോഹനൻ കുന്നുമ്മലിൻ്റെ അധിക്ഷേപ പരാമർശം.

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷനിൽ ഹൈക്കോടതി വി. സിക്ക് നേരെ വിമർശനമുന്നയിച്ചിരുന്നു. പിന്നാലെയാണ് ഇടത് അംഗങ്ങൾക്ക് നേരെയുള്ള മോഹനൻ കുന്നുമ്മലിൻ്റെ അധിക്ഷേപം. രജിസ്ട്രാർ ഡോ. കെ. എസ്. അനില്‍ കുമാർ കോടതിയിൽ ഹാജരാക്കിയത് വ്യാജ രേഖകളാണെന്നും വി. സി പറഞ്ഞു. രജിസ്ട്രാർ സസ്പെൻഷൻ എന്തുകൊണ്ട് അംഗീകരിക്കുന്നില്ലെന്നും വി. സി യോഗത്തിൽ ആരാഞ്ഞു.

അതേസമയം മിനി കാപ്പനെ രജിസ്ട്രാറാക്കിയതിന് എതിരായ അനിൽകുമാറിൻ്റെ ഹർജിയിൽ വി.സിക്ക് നേരെ കടുത്ത വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത് എന്ത് അധികാരത്തിലാണെന്നായിരുന്നു കോടതിയുടെ ചോദ്യം. വിസിയുടെ അധികാരം സിൻഡിക്കേറ്റിന് മുകളിലാണെന്ന് കരുതുന്നുണ്ടോ എന്ന് ചോദിച്ച കോടതി സസ്‌പെന്‍ഷന്‍ വിവരം സിന്‍ഡിക്കറ്റിനെ അറിയിച്ചാല്‍ വിസിയുടെ ഉത്തരവാദിത്തം പൂര്‍ത്തിയായെന്നും വ്യക്തമാക്കി.

"സിന്‍ഡിക്കറ്റിന് മുകളിലാണ് വിസിയുടെ അധികാരം എന്നാണോ കരുതുന്നത്? സിന്‍ഡിക്കറ്റിന് വേണ്ടിയല്ലേ വിസി സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറക്കേണ്ടത്? രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ സിന്‍ഡിക്കറ്റ് റദ്ദാക്കിയാല്‍ എല്ലാം അവസാനിച്ചുവല്ലോ? മറ്റ് കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സിന്‍ഡിക്കറ്റിന്റെ അധികാരമാണ്. ഈ വിഷയം മാറ്റി നിര്‍ത്തിയാല്‍ രജിസ്ട്രാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്ല മാതൃകയാണ്," ഹൈക്കോടതി നിരീക്ഷിച്ചു.

SCROLL FOR NEXT