റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ, മതപഠന ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾക്ക് അവധിയായിരിക്കും. പി.എസ്.സി പരീക്ഷകൾ, റസിഡൻഷൽ സ്കൂളുകൾ, കോളേജുകൾക്ക് അവധി ബാധകമല്ല.
കനത്ത മഴയെത്തുടർന്ന് കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി. സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയ്ക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.
കാസർഗോഡ്: ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. മുമ്പ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല.
തെക്കു കിഴക്കൻ ഉത്തർപ്രദേശിനു മുകളിൽ തീവ്ര ന്യൂനമർദം രൂപപ്പെട്ടതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ജൂലൈ 17, 19, 20 തീയതികളിൽ അതിതീവ്ര മഴയ്ക്കും, 17 മുതൽ 21 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഞായറാഴ്ച വരെ വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.
17/07/2025- കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് (റെഡ് അലേർട്ട്) തൃശൂർ, പാലക്കാട്, മലപ്പുറം (ഓറഞ്ച് അലേർട്ട്) ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട (യെല്ലോ അലേർട്ട്)
18/07/2025- കാസർഗോഡ്, കണ്ണൂർ, വയനാട് (റെഡ് അലേർട്ട്) കോഴിക്കോട്, മലപ്പുറം, ഇടുക്കി (ഓറഞ്ച് അലേർട്ട്) പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട (യെല്ലോ അലേർട്ട്)
19/07/2025- കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് (റെഡ് അലേർട്ട്) മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം (ഓറഞ്ച് അലേർട്ട്) കോട്ടയം, ആലപ്പുഴ, പത്തനംതിട്ട (യെല്ലോ അലേർട്ട്)
20/07/2025- കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം (റെഡ് അലേർട്ട്) പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം (ഓറഞ്ച് അലേർട്ട്) കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം (യെല്ലോ അലേർട്ട്)
21/07/2025- കാസർഗോഡ്, കണ്ണൂർ (ഓറഞ്ച് അലേർട്ട്) വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം (യെല്ലോ അലേർട്ട്)
കണ്ണൂർ: വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിർത്തിവെച്ചു. ജില്ലയിലെ ബീച്ചുകളിൽ അടക്കം പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കയാക്കിങ്, റാഫ്റ്റിങ്, ട്രെക്കിങ് തുടങ്ങിയ സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങൾക്കും നിരോധനമുണ്ട്. റെഡ് അലേർട്ട് പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരും. മുഴപ്പിലങ്ങാട് ബീച്ചിലേക്ക് വാഹനങ്ങൾക്കുള്ള നിയന്ത്രണം അറിയിപ്പ് ഉണ്ടാവുന്നത് വരെ തുടരും.
ശക്തമായ മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ്, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് മഞ്ഞ അലേര്‍ട്ട്
കോഴിക്കോട്: വിലങ്ങാട് പുഴയിലും പുല്ലുവ പുഴയിലും ജലനിരപ്പ് ഉയരുന്നു. നരിപ്പറ്റയിലെ മുടക്കല്‍ പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന തട്ടുകട മണ്ണിടിഞ്ഞ് വീണ് തകര്‍ന്നു. ചെക്യാട് അരൂണ്ടയില്‍ കുന്നിടിഞ്ഞു. ആളപായമില്ല. കാറ്റില്‍ മരങ്ങള്‍ വീണ് ജില്ലയില്‍ വിവിധയിടങ്ങളില്‍ വൈദ്യുത കമ്പികള്‍ പൊട്ടി വീണു.
മഴയില്‍ കനത്ത നാശനഷ്ടമുണ്ടായ വടക്കന്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് മഞ്ഞ അലേര്‍ട്ട്
എറണാകുളം: ശക്തമായ മഴയില്‍ കാക്കനാട് സംരക്ഷണ ഭിത്തി നിലം പൊത്തി. കാക്കനാട് ജില്ലാ ജയിലിന് സമീപമാണ് ഇന്നലെ മതില്‍ ഇടിഞ്ഞത്.
കോഴിക്കോട്: കുറ്റ്യാടി ചുരത്തില്‍ മണ്ണിടിച്ചില്‍. ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. വിലങ്ങാട് പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവരെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കാനും നിര്‍ദേശം
കോഴിക്കോട്: മരുതോങ്കരയിൽ ഉരുള്‍ പൊട്ടി. പഞ്ചായത്തിലെ തൃക്കന്തോടാണ് ഉരുള്‍ പൊട്ടിയത്. ജനവാസ മേഖലയല്ല. സമീപത്തെ കടന്തറപ്പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ എട്ട് കുടുംബങ്ങളെ മാറിപ്പാര്‍പ്പിച്ചു. ഇവിടെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. തൊട്ടില്‍പ്പാലം - മുള്ളങ്കുന്ന് റോഡും പ്രദേശവും വെള്ളത്തിന് അടിയിലായി
ഈങ്ങാപ്പുഴ ടൗണിൽ വെള്ളം കയറി. റോഡ് വെള്ളത്തിനടിയിലായി.
ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം വയനാട്, കണ്ണൂർ, കാസർഗോഡ് (റെഡ് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഇടത്തരം/അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
തൃശൂർ (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലയിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
പ്രതീക്ഷിക്കാവുന്ന ആഘാതങ്ങൾ
* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിർദേശങ്ങൾ
* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
* അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.
വയനാട്: കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ നാളെ ( ജൂലൈ 17) ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാൽ എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.
കൊച്ചി: ഇരുചക്ര വാഹനങ്ങൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു. കളമശേരി സീപോർട്ട് എയർപോർട്ട് റോഡിൽ പൂജാരി വളവിന് സമീപത്തായാണ് മരം കടപുഴകി വീണത്. ഒരാൾക്ക് കാലിന് പരിക്കേറ്റു. രണ്ടു പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കേരളത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളത്. 24 മണിക്കൂറിൽ 204.4 എംഎം കൂടുതൽ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തുടരും.
കോഴിക്കോട്: മലയോര മേഖലയിൽ കനത്ത മഴയെ തുടർന്ന് തൊട്ടിൽപ്പാലം പുഴയിൽ ജലനിരപ്പ് ഉയർന്നു. മരുതോങ്കര പശുക്കടവിൽ പ്രക്കൻതോട് മലയിൽ നിന്നും നാലു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ നാളെ വിവിധ ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, കോഴിക്കോട്, വയനാട്, കണ്ണൂർ, തൃശൂർ ജില്ലകളിലാണ് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെൻ്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. അതേസമയം മുമ്പ് നിശ്ചയിച്ചിരിക്കുന്ന പരീക്ഷകളിൽ മാറ്റമില്ല.
വയനാട്: മഴ ശക്തമായതോടെ വിലങ്ങാട് പ്രദേശത്ത് കനത്ത ജാഗ്രത നിർദേശം നൽകി റവന്യൂ വകുപ്പ്. മഞ്ഞ ചീളി ഭാഗത്തെ 50 ഓളം കുടുംബങ്ങളോട് ക്യാമ്പിലേക്ക് ബന്ധുവീടുകളിലേക്കോ മാറാൻ കർശന നിർദേശം നൽകി. വായാട് ഉന്നതിയിലുള്ള താമസക്കാരോടും ക്യാമ്പിലേക്കോ ബന്ധുവീടുകളിലേക്കോ മാറാൻ നിർദേശം നൽകി.
വയനാട്: ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാൽ ക്വാറികളുടെയും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഉത്തരവിട്ടു. യന്ത്രസഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
വയനാട്: ജില്ലയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചതിനാൽ മുണ്ടക്കൈ - ചൂരൽമല പ്രദേശത്തേക്കുള്ള പ്രവേശനം നിരോധിച്ചതായി ജില്ലാ കളക്ടർ ഡി. ആർ. മേഘശ്രീ അറിയിച്ചു. മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിൻ്റെ ശേഷിപ്പുകൾ ശക്തമായ മഴയിൽ ഇടിഞ്ഞ് പുന്നപ്പുഴയിൽ കുത്തൊഴുക്കും ജലനിരപ്പ് ഉയരാനും സാധ്യതയുള്ളതിനാലാണ് നിരോധനം ഏർപ്പെടുത്തിയത്.
ഗോ സോൺ, നോ ഗോ സോൺ ഭാഗങ്ങളിലേക്കും പ്രദേശത്തെ തോട്ടം മേഖലയിലേക്കും പ്രവേശനം കർശനമായി നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.