Source: ANI
KERALA

പിൻകോ‍ഡുകൾ മാറുമോ?; അടച്ചുപൂട്ടുന്നത് 150 പോസ്റ്റോഫീസുകൾ

പിൻകോഡുകൾ മാറില്ലെന്നും പ്രധാന ഓഫീസുകളിൽ അതേ കോഡുകൾ ലഭ്യമാകുമെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: തപാൽ വകുപ്പിലെ പ്രതിസന്ധി എത്തി നിൽക്കുന്നത് 150 പോസ്റ്റോഫീസുകൾ അടച്ചു പൂട്ടുന്ന സ്ഥിതിയിലാണ്. എന്നാൽ പോസ്റ്റോഫീസുകൾ ഇല്ലാതാകുമ്പോൾ പോസ്റ്റൽ കോഡുകൾ മാറുമെന്ന ആശങ്കയാണ് ജനങ്ങൾക്ക്. അടച്ചുപൂട്ടുന്ന തപാൽ ഓഫീസുകളുടെ പരിധിയിലുള്ളവർക്കാണ് ഈ പ്രതിസന്ധി നേരിടേണ്ടി വരിക.

തിരിച്ചറിയൽ രേഖകളിൽ പിൻകോ‍ഡുകൾ മാറ്റേണ്ടിവരുന്നത്. ആധാർ കാർഡ്, പാസ്പോർട്ട്, വോട്ടേഴ്സ് ഐഡി കാർഡ് തുടങ്ങിയ പ്രധാന തിരിച്ചറിയൽ രേഖകളിലെല്ലാം പിൻകോ‍ഡ് നിർബന്ധമാണ്. ഇനി തിരിച്ചറിയിൽ രേഖകൾ മാത്രമല്ല ഓൺലൈൻ ഡെലിവറികൾ പോലും ഇപ്പോൾ പിൻകോഡ് നോക്കിയാണ് കൺഫേം ചെയ്യുന്നത്.

പിൻകോ‍ഡ് കൂടി ചേർക്കുമ്പോഴാണ് മേൽവിലാസം പൂർത്തിയാകുന്നത്. ഇവ ഇല്ലാതാകുന്നതോടെ നിലവിലുള്ള മേൽവിലാസം നഷ്ടമാകുന്ന അവസ്ഥയാണുള്ളത്. നോൺ ഡെലിവറി തപാൽ ഓഫീസുകളും ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളും പൂട്ടേണ്ടിവരുമ്പോൾ ഈ പറഞ്ഞ ആശങ്കയില്ല. കാരണം പിൻകോഡ് മാറുകയില്ല. എന്നാൽ മറ്റ് തപാൽ ഓഫീസുകളെല്ലാം പൂട്ടുകയാണെങ്കിൽ ഇവയുടെ പിൻകോഡുകളിൽ മാറ്റംവരും.

നിലവിലെ കണക്കനുസരിച്ച് ആദ്യ ഘട്ടത്തിലെ അടച്ചു പൂട്ടൽ പട്ടികയിൽ 150 തപാൽ ഓഫീസുകളാണ് ഉള്ളത്. ഇതിനോടകം സംസ്ഥാനത്ത് 36 തപാൽ ഓഫീസുകൾ അടച്ചു പൂട്ടിക്കഴിഞ്ഞു. പാലക്കാട് ഡിവിഷനിലാണ് കൂടുതലും അടച്ചു പൂട്ടിയിരിക്കുന്നത്. പോസ്റ്റോഫീസുകൾ പൂട്ടുമ്പോൾ പിൻകോഡുകളുടെ കാര്യത്തിൽ ഇതുവരെ നിർദേശങ്ങളൊന്നും അധികൃതരുടെ ഭാഗത്തുനിന്നും ലഭിച്ചിട്ടില്ലെന്നും ആക്ഷേപം ഉയരുന്നു. എന്നാൽ പിൻകോഡുകൾ മാറില്ലെന്നും മെയിൻ ഓഫീസുകളിൽ അതേ കോഡുകൾ ലഭ്യമാകുമെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.

SCROLL FOR NEXT