ആറന്മുള വള്ളസദ്യക്ക് തുടക്കം Source: News Malayalam 24x7
KERALA

ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് തുടക്കം; ഇതുവരെ ബുക്ക് ചെയ്തത് 410 വള്ളസദ്യകൾ

ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറാണ് വള്ളസദ്യ ഉദ്ഘാടനം ചെയ്തത്, ആരോ​ഗ്യമന്ത്രി വീണാ ജോർജും ചടങ്ങിൽ പങ്കെടുത്തു

Author : ന്യൂസ് ഡെസ്ക്

പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് തുടക്കമായി. രാവിലെ 11 മണിയോടെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറാണ് വള്ളസദ്യ ഉദ്ഘാടനം ചെയ്തത്. ആരോ​ഗ്യമന്ത്രി വീണാ ജോർജും ചടങ്ങിൽ പങ്കെടുത്തു. 410 വള്ളസദ്യകളാണ് ഈ വർഷം ഇതുവരെ ബുക്ക് ചെയ്തിട്ടുള്ളത്. ഒക്ടോബർ രണ്ടു വരെയാണ് വള്ളസദ്യ നീളുക. ഉത്രട്ടാതി ജലമേള സെപ്റ്റംബർ ഒൻപതിനും അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 14 നുമാണ് നടക്കുക.

പമ്പാ നദിയിൽ ഓളം തല്ലിയെത്തുന്ന പള്ളിയോടങ്ങളിൽ തിരുവാറന്മുളയപ്പനും ഉണ്ടെന്നാണ് വിശ്വാസം. ആചാര പെരുമയിൽ ഭക്തർ ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ ഒത്തുകൂടും. പള്ളിയോടങ്ങളിൽ എത്തുന്ന കരക്കാരെ ആതിഥ്യമരുളിയാണ് ക്ഷേത്രത്തിലേക്ക് ആനയിക്കുക. ഈ സമയം വഞ്ചിപ്പാട്ടുകളുടെ അലയൊലി ഉയരും.

ആറന്മുള ക്ഷേത്രമുറ്റത്ത് വിശ്വാസപൂർവ്വം ഭക്തർ ആചാര തനിമയിൽ വള്ളസദ്യ വഴിപാട് സമർപ്പിക്കും. തൂശനിലയിൽ 64 വിഭങ്ങൾ ആണ് സദ്യക്ക് വിളമ്പുക. 52 കരകളിലെ പള്ളിയോടങ്ങൾ വഴിപാട് അനുസരിച്ച് ഓരോ ദിവസും വള്ളസദ്യയിൽ പങ്കെടുക്കും. വള്ളസദ്യ വഴിപാടായി നടത്തിയാൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കും എന്നാണ് ഭക്തരുടെ വിശ്വാസം. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ് ഏർപ്പെടുത്തും. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലും ഇന്ന് തുറക്കും.

SCROLL FOR NEXT