എറണാകുളം: സിപിഐഎം നേതാവ് കെ.ജെ. ഷൈനിനും കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎയ്ക്കും എതിരായ അപവാദ പ്രചാരണ കേസിൽ കെ.എം. ഷാജഹാനെ വീണ്ടും ചോദ്യം ചെയ്യും. ഉടൻ നോട്ടീസ് നൽകാൻ അന്വേഷണ സംഘം. ഷാജഹാന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപെട്ട് നോട്ടീസ് നൽകും. ഷാജഹാന്റെ മറുപടികളിൽ വ്യക്തത ഇല്ലാത്ത സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. കേസിൽ ഇതുവരെ അപവാദ പ്രചാരണം നടത്തിയ 50ഓളം മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോ അല്ലാതെ മറ്റു വീഡിയോ ഉണ്ടോ എന്നും പരിശോധിക്കും.
അഞ്ചു മണിക്കൂറോളം ആണ് എറണാകുളം റൂറൽ പൊലീസ് ഇന്നലെ കെ.എം. ഷാജഹാനെ ചോദ്യം ചെയ്തത്. ആരുടേയും പേര് പറഞ്ഞിട്ടില്ലെന്നും കേട്ടറിവിന്റെ അടിസ്ഥാനത്തിൽ ആണ് വീഡിയോ ചെയ്തത് എന്നുമാണ് ഷാജഹാൻ നൽകിയ മൊഴി. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ കെ.എം. ഷാജഹാനെതിരെ ഡിവൈഎഫ്ഐ വൻ പ്രതിഷേധം ആണ് ഉയർത്തിയത്. പൊലീസ് സുരക്ഷയിൽ ആണ് ഷാജഹാനെ സ്റ്റേഷൻ പരിസരത്ത് നിന്ന് മാറ്റിയത്.
'പ്രതിപക്ഷം' എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ഷാജഹാൻ വീഡിയോ പങ്കുവെച്ചത്. യൂട്യൂബിലെ വീഡിയോ ഷൂട്ട് ചെയ്തു സൂക്ഷിച്ച മെമ്മറി കാർഡ് ഷാജഹാൻ അന്വേഷണ സംഘത്തിന് കൈമാറി. പറയാനുള്ളതൊക്കെ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു മൊഴി നൽകിയ ശേഷമുള്ള കെ.എം. ഷാജഹാൻ്റെ പ്രതികരണം.
അതേസമയം ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ ഒരു ഫേസ്ബുക്ക് അക്കൗണ്ട് മെറ്റ നീക്കി. അപവാദ പ്രചാരണം പങ്കുവെച്ച അക്കൗണ്ടാണ് നീക്കിയത്. ഗോപാലകൃഷ്ണൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നുമാണ് തനിക്കെതിരായ വ്യാജ പ്രചരണം ആരംഭിച്ചതെന്ന് കെ.ജെ. ഷൈൻ നേരത്തെ പരാതി നൽകിയിരുന്നു. കോൺഗ്രസ് പറവൂർ ബ്ലോക്ക് പ്രസിഡൻ്റ് എം.എസ്. റെജിക്കെതിരെയാണ് കെ.ജെ. ഷൈൻ ഒടുവിൽ പരാതി നൽകിയത്.